Saturday, October 3, 2015

അതിരാവിലെ കാർത്തു മാറും,നാഭിയും കുലുക്കി
ഓടി കിതച്ചുമുറ്റത്ത്‌ വന്ന് മിതീൻ മാപ്പിളേന്നുള്ള
നീട്ടി വിളി കേട്ടാണ് ഞാൻ ഉണർന്നത്.
ന്റെ കെട്ടിയോനെ കാണുന്നില്ലാന്നും പറഞ്ഞ് 
സ്വിച്ച് ഇട്ടതു പോലെ ഒരു കരച്ചിൽ
മൂക്കിള പീഞ്ഞ് അരഞ്ഞാണത്തിനടിയിൽ
തിരുകി വെച്ച കടലാസെടുത്ത്‌ ഇതിലൊന്ന്
വിളിച്ചോക്കാണിങ്ങളൂന്ന് പറഞ്ഞ്
നിറുത്തി വെച്ച കരച്ചിൽ വീണ്ടും തുടങ്ങി
ആ ഒരുമ്പട്ട ച്ചക്കേൾച്ചി മരുന്ന് പള്ളയിലാക്കി
പാട്ട് പിടിച്ച് ഈ കുട്ട്യോൾടെ തന്ത നമ്മെ മറന്നൂന്നും പറഞ്ഞ്
പിന്നെയും കരച്ചിൽ
ഇറക്കി കെട്ടിയ വെറ്റില കൊടി കണ്ട്
നാല് വെറ്റില ഇച്ചും തന്നാണിന്നു മാപ്പിളേന്ന് പറഞ്ഞപ്പോ
പണ്ട് ഓല കയറി പാടിയ കാസറ്റ്
പാട്ട് പോലെ കരച്ചിൽ ഒന്ന് ചുക്കി ചുളിഞ്ഞു
ച്ചക്കേൾച്ചി കുറച്ചു തൊലി വെളുത്തപ്പോ
മ്മള പറ്റിണില്ലാന്ന് പറഞ്ഞ്
കോന്തലയിൽ മൂക്ക് തുടച്ച് പിന്നെയും കരച്ചിൽ.
സീനത്ത് തുണിക്കടയുടെ ഉറയിലേക്ക് ഇത്തിരി ചാണക പൊടി തോണ്ടിയെടുക്കുമ്പോൾ എന്തിനാ കാർത്തൂന്ന്
ഉപ്പ ചോദിക്കണത് കേട്ടപ്പോൾ
കാർത്തു പെടുന്നനെ കരച്ചിൽ നിറുത്തി
അന്ന് നിങ്ങൾ തന്ന രമ്പുട്ടാൻ തൈ പൂവിട്ട കാര്യം പറഞ്ഞു.
അന്ന് ഞാൻ വെച്ച രമ്പുട്ടാൻ തൈ
അത് പോലെ ഒരു മാറ്റവും ഇല്ലാതെ നിൽക്കുന്നത് കാർത്തൂനെ
ഞാൻ കാണിച്ചപ്പോൾ ഇത് നിന്നെ പോലെ
ഒരു കൊരറ്റാന്നും പറഞ്ഞു കാർത്തു ചിരിയോട് ചിരി
ഇന്നലെ രാവിലെ
പത്ര വിതരണക്കാരനേയും നോക്കി കണ്ണുകൾ
പലവട്ടം റോഡിലേക്ക് പാഞ്ഞ് പോകുന്നുണ്ടായിരുന്നു.
ഇന്നലെ ഉച്ചക്ക് 
പെയ്തൊഴിഞ്ഞ മഴയിൽ
മുറ്റത്ത്‌ തളം കെട്ടിയ കൊച്ചു വെള്ളക്കെട്ടിന് മുകളിൽ_
പാറി പറന്ന് വീണ് തുമ്പി പലവട്ടം ദാഹമകറ്റുന്നത്
കൗതുകത്തോടെ ഈ കണ്ണുകൾ നോക്കി കാണുന്നുണ്ടായിരുന്നു
ഇന്നലെ വൈകുന്നേരം
വിളക്കിന്റെ വെട്ടത്തിൽ
ചുമരിൽ ഗൌളികൾ അരിച്ചിറങ്ങി ഇര പിടിക്കുന്നതും
പിടഞ്ഞ് പിടഞ്ഞ് ഇരകൾ ഭക്ഷണമാവുന്നതും ഈ കണ്ണുകൾ ഒപ്പിയെടുത്തിരുന്നു
ഇന്ന് രാവിലെ
പത്ര വിതരണക്കാരൻ
ചരമ കോളത്തിൽ ഇടം പിടിച്ചിരിക്കുന്നു.
ഇന്ന് ഉച്ചക്ക്
മുറ്റത്ത്‌ തളം കെട്ടിയ വെള്ളക്കെട്ടിന് മുകളിൽ
തുമ്പിയുടെ ചിറക് പൊട്ടി വീണ് പൊന്തി കിടക്കുന്നു.
ഇന്ന് വൈകുന്നേരം
ഉമ്മയുടെ മാറാല കൊള്ളി തട്ടി ഗൌളിയുടെ_
വാലറ്റു നിലം പതിച്ചിരിക്കുന്നു
രജീഷ് മുങ്ങി മരിച്ചിരിക്കുന്നു.
മിൻഹാസ് വൈദ്യുതി അഘാതമേറ്റും
മരണങ്ങൾ രംഗ ബോധമില്ലാതെ കടന്നു വരുന്നു.
ഹൃദയാന്തരങ്ങളേ നുള്ളി നോവിച്ച്
മാതൃഹൃദയങ്ങളെ പ്രകമ്പനം കൊള്ളിച്ച്
പ്രകൃതിയെ മൂകതയിലേക്ക് തള്ളി വിട്ട്
മരണങ്ങൾ യാത്ര തുടരുമ്പോൾ
സ്വർഗ്ഗ നിലാവിന്റെ അലങ്കാരങ്ങൾ വാരി പുതച്ച്
അദ്രിശ്യമായ സ്വപ്ന ലാവണ്യങ്ങളുടെ ആരാമങ്ങളിലേക്ക്
അവർ യാത്ര പോകുന്നു ദൈവത്തിന്റെ പ്രേമ ഭാജനമായി......
മാലാഖമാർ ആത്മാക്കളെ
വെള്ള പുതപ്പിച്ച്‌ പടിഞ്ഞാറിന്റെ മുക്ക് തോണ്ടി
മുളം കാടുകളിലൂടെ കടന്നു വരുന്ന
ഇളം തെന്നലുകൾ പാട്ടുകൾ പാടി
നീലാ വെളിച്ചത്തിൽ കുതിർന്ന മേഘ പാളികൾ
മഞ്ഞിൻ ശകലങ്ങൾ കൊണ്ട് പൂക്കൾ വിതറി
ആതമാവിന്റെ ഇതളുകൾ ഓരോന്നായി കടന്ന് കടന്ന്
ആകാശത്തിന്റെ നീലിമയിൽ മന്ദാരപ്പൂക്കളായി
അവർ മാറി കൊണ്ടിരിക്കുന്നു
എന്റെ തെരുവിൽ
നോവിന്റെ താളം തെറ്റിയ കരച്ചിലുകൾ
എന്റെ തെരുവിൽ നിന്നും മറ്റൊരു
തെരുവിലേക്ക് പോകുമ്പോൾ_ 
നിദ്രാ വിഹീനരായ ഉമ്മയും,മക്കളും മരിച്ചു പോയ
ഉപ്പയെ കുറിച്ചോർത്ത് തിരിഞ്ഞും,മറിഞ്ഞും കിടക്കുന്നു.
വെള്ള പുടവയണിഞ്ഞു അപ്പൻ മലർന്ന് കിടക്കുമ്പോൾ
ആഗ്രഹങ്ങളും,സ്വപ്നങ്ങളും തള്ളി തുറന്ന പടിപ്പുര വാതിലുകൾ ജീർണ്ണിച്ച് പോയ ശരീരം ഉപേക്ഷിച്ച് ആത്മാവ് ഇറങ്ങിയത് കണ്ട് ഞെടുക്കം മാറാതെ കണ്ണ് തള്ളി തുറന്ന് നിൽക്കുന്നു
അതെ ദൈവം ശൂന്യതയാണെന്ന് ആരോ വിളിച്ച് കരയുമ്പോൾ
അതെ ദൈവം അക്ഷയ പാത്രമാണെന്ന് ആരോ ചിരിച്ച് കൂവുന്നു
കണ്‍ത്തടത്തിനടിയിൽ നിന്നാണ്
ഈ വെളിച്ചം ജനിക്കുന്നത്.
അവിടെ വെച്ച് തെന്നെയാണ്
ഈ വെളിച്ചം മരിക്കുന്നതും.
എന്റെ തെരുവിൽ
പ്രകാശിച്ചു കൊണ്ടിരുന്ന
വിളക്കിന് നേരെ ആരാണ് ഇങ്ങിനെ ഈതിയത്.
എന്റെ നയനങ്ങൾക്ക് ദ്രിശ്യമായിരുന്ന തീ നാളം
എങ്ങോട്ടാണ് ഓടി മറഞ്ഞത്
തീ നാളത്തിന് സംഭവിക്കുന്ന
അസ്തമയം പോലെ നമ്മളും അസ്തമിക്കുന്നു.
ചിലപ്പോൾ എണ്ണ വറ്റി വിളക്കണയും പോലെ
ചിലപ്പോൾ ഊതി കെടുത്തും പോലെ
ഓരോ മരണങ്ങളും നമ്മോട് എന്താണ് വിളിച്ചു പറയുന്നത്
കാലമെത്താതെ എത്ര എത്ര പേരാണ് നമ്മുക്കിടയിൽ നിന്നും മരണത്തിലേക്ക് വഴുതി വീഴുന്നത്.
എന്നിട്ടും നമുക്ക് കുലക്കമില്ല.
ഭയം നമ്മെ ഒട്ടും പിടികൂടുന്നില്ല.
കുറച്ചു നേരത്തെ മൗനം,
കുറച്ചു നേരത്തെ ചിന്ത.
പിന്നെ ഒരു നെടുവീർപ്പ് തീർന്നു.
പിന്നെയും നമ്മൾ പഴയപടി.
നമ്മുടെ മനസ്സും പഴയ പടി.
പലരും ഇന്ന് കരയാൻ പോലും മറന്നിരിക്കുന്നു.
ഓരോ മരണവും നിമിഷങ്ങൾക്കകം വിസ്മരിക്കപ്പെടുന്നു.
നൈമിഷികമായ വികാരങ്ങളെ താലോലിച്ചു കൊണ്ട് ചിരിക്കാനും ആനന്ദിക്കാനും മാത്രമേ പലരും ഇന്ന് ശ്രമിക്കുന്നുള്ളൂ.
പക്ഷെ കരഞ്ഞു പോകും
സ്വന്തങ്ങൾ വിട പറയുമ്പോൾ
അതും കാലമെത്താതെ വിട പറയുമ്പോൾ
കരഞ്ഞ് കരഞ്ഞ് കണ്ണീർ തുള്ളികൾ കൊണ്ടവർ
മീസാൻ കല്ലിനെ സ്നാനം ചെയ്യപ്പെടുമ്പോൾ
കാഴ്ച്ചക്കാരായി നോക്കി നിൽക്കവെ
ഹൃദയമുള്ളവർ ആരും കരഞ്ഞു പോകും
ചേതനയറ്റ ശരീരം ഭൂമിയിൽ ഉപേക്ഷിക്കപ്പെടുമ്പോൾ
ആർക്കും വേണ്ടാത്ത ശരീരം ഭൂമിക്ക് തന്നെ നൽകുമ്പോൾ
ഹൃദയമുള്ളവർ ആരും കരഞ്ഞു പോകും

Tuesday, March 3, 2015

ചിതലുകൾ
ഓർമകളുടെ താളുകൾ
ചിതലുകൾക്ക് തുറന്ന് വെച്ചിട്ടും
ചിതലുകളെ കാണാനില്ല.
വേദനകളെ തിന്ന് തീർത്ത്
ശമനൗഷധത്തെ പുരട്ടുന്നവർ
പാറ്റകളായി രൂപം
പ്രാപിക്കാനുള്ള കാത്തിരിപ്പിലാണ്
കണ്ണും കാതും കൂർപ്പിച്ച് ആകാശ ചെരുവിലേക്ക്
ചിറകുകൾ വിടർത്താനായി
ഇടിയും,മിന്നലും നേർക്ക് നേരെ നിന്ന് കലമ്പലുകൾ
വാരി വിതറുന്നതും കാതോർത്ത് .
മുറിവേറ്റ് നീലിമ നിറം മങ്ങും
ആകാശ പള്ളയിൽ മിന്നലുകൾ കഠാര മുന ആഴ്ന്ന്
ഇറക്കുമ്പോൾ കലുഷമായ കൽപനകൾ
യുദ്ധം പ്രഖ്യാപിക്കുകയും
മഴമേഘങ്ങളെ അണി നിരത്തുകയും
മാനം ക്ലാവ് പിടിച്ച് തവിട്ട് നിറം ഏറ്റ് വാങ്ങുകയും
ചെയ്യുന്ന മുഹൂർത്തം
ചിതലുകൾ പാറ്റകളായി മാറുകയാണ്
മടക്കി വെച്ച ഒരു പരിണാമ വാദം
എനിക്ക് മുന്നിൽ പുനർ ജനിക്കുകയാണ്
വാനിന്റെ അന്തപുരത്തിലെ
വെള്ളി നക്ഷത്രങ്ങൾ മിന്നി മിനുങ്ങുന്നു
തരിവള യുടഞ്ഞ് ചിതറുന്ന മഴമുത്തുകൾ
ഉണർവുകൾ സമ്മാനിക്കുന്നു
മൃദുല കാളിമ തൂവൽസ്പർശം
ഹോ ജിവിതം
എത്ര മനോഹരം
ചിതലുകളെ കാണുന്നില്ല
നിമിഷ ജീവിതം
മോഹിച്ച് പാറ്റകൾ ഇങ്ങിനെ പുറത്തേക്ക് തള്ളി കയറുന്നത്
മറ്റൊന്നും കൊണ്ടല്ല
വേദനകളെ തിന്ന് ചിതലുകളായി
ജീവിക്കുന്നതിനേക്കാൾ മഹത്തരമാണ് ഒരേ ഒരു നിമിഷത്തിലെ ജീവിതം സമ്മാനിക്കുന്ന ഓർമകളിൽ മരിച്ചു വീഴുന്നത്
എന്ന തിരിച്ചറിവ് തെന്നെയാകാം
ഒരു പക്ഷെ
ഇടവഴികൾ റോഡാകുമ്പോൾ
ഞങ്ങൾക്കിടയിൽ ഒരു പുതിയ
പ്രശ്നമാണ് തല പൊക്കിയിരിക്കുന്നത്
എന്നും വാക്കും,വക്കാണവും കൊണ്ട് ഇടവഴി 
നിറയുന്നു.
മഹല്ല് കമറ്റിയും
ശുഭ വസ്ത്രധാരികളും
കുട്ടി നേതാക്കളും രംഗത്ത്‌ വരുന്നു
അനുനയ വേളകൾക്ക് വേദി ഒരുങ്ങുന്നു
പുതിയ പ്രശ്നങ്ങൾക്ക് പഴയ പരിഹാരങ്ങൾ നിർദ്ദേശിച്ച് ഉച്ചത്തിൽ സലാത്തുകൾ ചൊല്ലി ആമീൻ പറയുന്നു
അലുവയും ,മിച്ചറും ,കപ്പയും ,മത്തിയും
വിളമ്പുന്നു. ഒഴിഞ്ഞ കസേരകൾ പറമ്പിൽ
അലസമായി കിടക്കുന്നു
തൃപ്തി വരാതെ മൂകനായ മക്കളോട്
കുരുത്തക്കേട് തട്ടി പോകുമെന്ന് പറഞ്ഞ്
ഭയം കൊണ്ട് ഏറിയുന്നു
ഈ വരി കുറിക്കാൻ
വിരൽ തന്നവൻ.
ഈ വരി കാണുന്ന 
കണ്ണുകളെ സൃഷ്ട്ടിച്ചവൻ.
ഈ വരി വായിക്കാൻ
വായ കീറിയവൻ.
ഇത് മനസ്സിലാക്കാൻ
മനസ്സ് പിടിപ്പിച്ചവൻ.
ഈ സർവ്വാണ്ഡ കടാഹങ്ങളെയും
നിയന്ത്രിക്കുന്നവൻ.
ഇത് എന്റെ നാഥൻ
അപാരമായ ശക്തിയെ
കണ്ടിട്ടും കാണാതെ നടിക്കുന്നവർ
തിന്നുകയും,തൂറുകയും
മൂലക്കുരുപ്പൊട്ടി രക്തം ഒലിക്കുകയും
വേദനയാലെ പുളഞ്ഞ് ചന്തി കഴുകാതെ
കുടഞ്ഞ്‌ ഏഴുന്നേറ്റ് മണ്ടുകയും
നാടൻ കള്ള് മോന്തുകയും
ഓശാന പാടി ഓക്കാനിക്കുകയും
തക്കാളി കഷണവും,കരിവേപ്പിലയും
ജഡപിടിച്ച തലമുടികളിൽ തൂങ്ങിയാടുകയും
ഈച്ചകൾ വട്ടമിട്ട് പറക്കുകയും
മണ മണക്കുകയും ചെയ്യുന്നവനെ ദൈവമാക്കുമ്പോൾ
ഒന്നും പറയാനില്ല,,നിങ്ങൾ പറയൂ
വേദന തുമ്പത്തിരിന്ന് കുറുകി കരയുന്ന
ആത്മാക്കളുടെ നെഞ്ചിനാഴങ്ങളിൽ
നെരിപ്പോടുകൾ വിള്ളലുകൾ തീർക്കുമ്പോൾ
ഊരാകുടുക്കുകൾ ഊരി വിട്ട വളയങ്ങൾ
ദുർബലതയുടെ ഭ്രാന്താലയങ്ങളിൽ നിന്ന് 
കണ്ണിമകൾക്ക് മുന്നിൽ മാസ്മരികത പണിയും
കൊത്ത് ചാരുതയും,തങ്ക ലിപികളും ആവരണം ചെയ്യപ്പെട്ട
ബോധ ഭിത്തിയിൽ പിരിഞ്ഞു കയറിയ
ദുസ്വപ്നങ്ങളുടെ ആണികൾ തുരുമ്പ് തീർക്കുന്ന
ഇടവഴികളിൽ വെച്ച് കറുപ്പും,വെളുപ്പും
മല്ല യുദ്ധങ്ങളിലേർപ്പെടുന്ന മുഹൂർത്തം
കറുപ്പിന് മുകളിൽ വെളുപ്പ്‌ കൊടി നാട്ടുമ്പോൾ
കൂട്ടം തെറ്റി വന്ന ആത്മഹത്യകളും
ഏകാന്തതയിൽ ഇടറിയ കാലൊച്ചകളും
കർണ്ണപടങ്ങളിൽ വന്നലക്കും...
കതകിന് മുട്ടാതെ ആത്മഹത്യ
പതിവ് പോലെ ഇന്നും ഈ തെരുവിലൂടെ കടന്നു പോകുന്നു
നിസാം
കാലമേ
മോന്ത ബുക്ക് സത്യം
ഒട്ടും വേദനയില്ലാതെ
മനസ്സ് പ്രസവിക്കുമ്പോൾ
സ്നേഹമെന്ന് പേരിട്ട് വിളിക്കണം
തെല്ല് വേദനയോടെ മനസ്സ്
പ്രസവിക്കുമ്പോൾ
ദുഃഖമെന്ന് പേര് നൽകണം
ഒന്നും അറിയാതെയുള്ള
പ്രസവങ്ങൾക്ക് ഭാവമെന്നും
വിചാരമെന്നും പേരിട്ട് വിളിക്കണം
അവസാന പ്രസവത്തിലെ
കുഞ്ഞിന് ഭയമെന്നും
നിങ്ങൾക്ക് പേര് നൽക്കാം
ഒരുമയോടെ അവർ
പുരാതനമായ കുഴിമാടങ്ങൾ
തേടി പോകണം
കാലഹരണപ്പെട്ട് ദ്രവിച്ച് പോയ
രണ്ട് മീസാൻ കല്ലുകൾക്കിടയിൽ നിന്ന്
കുഞ്ഞാപ്പുവിനെ പുനർ ജനിപ്പിക്കണം
തെരുവിലൂടെ കുഞ്ഞാപ്പുവിനെ
ആനയിക്കപ്പെടുമ്പോൾ
ഗോവിന്ദ് ചാമിയും,നിസാമും
കടല കൊറിക്കുന്നത് കണ്ട്
കുഞ്ഞാപ്പു തലമിന്നി വീഴും
ബോധത്തിനും
അബോധത്തിനുമിടയിലുള്ള
നൂൽ പാലത്തിൽ വെച്ച്
കുഞ്ഞാപ്പു നിങ്ങളോട് കുഴിമാടം
വനാന്തരത്തിൽ തീർക്കണമെന്ന്
ഒസ്യത്ത് പറയും
ഗർജനത്തിലും
ഭോജനത്തിലും
ഒട്ടും മാറ്റമില്ലാത്തവർ
അന്നും ഇന്നും കാട്ട് മൃഗങ്ങളാണെന്ന
തിരിച്ചറിവിൽ നിന്ന്

Tuesday, February 3, 2015

ഭൂമി
ഭൂമി ആത്മാവിന്റെ
നഗ്നതയോളം നിങ്ങളാരും മുങ്ങിയിട്ടില്ല.
പണപ്പെട്ടിക്ക് മുകളിലിരുന്ന് യാചന നടത്തുന്ന മുസ്ലിം കോമാളിമാരും,
നിസ്സംഗതയിലാറാടിയ മൗനങ്ങളും,
കാണാത്ത കണ്ണുകളും,കേൾക്കാത്ത ചെവികളും,
ആർത്ത നാദങ്ങളും,ആർപ്പുവിളികളും
ദീന രോദനങ്ങളും,പച്ച മാസം വെന്തുരികിയ ദുശ്ശിച്ച ഗന്ധവും
ചോര വഴുക്കുന്ന നിലയങ്ങളും.സൂക്ഷിച്ച് നടക്കുക
നിന്റെ പരുത്ത കാലുളെന്നെ വല്ലാതെ വേദനിപ്പിക്കുന്നു.
ഒരു പക്ഷെ അവസാന വാക്കിന് നേരം കാണില്ല.
നിർവികാരത
ഉന്മാദ ചിന്തകൾ
കടിപിടി കൂടുന്ന തെരുവിൽ നിന്നും
നുരഞ്ഞ് പൊന്തിയ കാറ്റ് 
ജനൽ പാളിയുടെ കൊളുത്ത് ഇളക്കിയാട്ടി
അഴി വിടവിലൂടെ നുഴഞ്ഞ് കയറി
ആണിയിൽ തൂക്കിയ കലണ്ടറിനെ പലവട്ടം പൊക്കി നോക്കി
ദിവസം ഉറപ്പ് വരുത്തി ഭിത്തിയിലെ കണ്ണാടിയിൽ മുഖം മിനുക്കി
ഈ കവിളിൽ ഒരു മുത്തം തന്ന് ഊർന്നിറങ്ങിയോടി.
വാന വിശാലതയിൽ നൃത്തം ചവിട്ടി അവളെന്നെ മാടി വിളിക്കുന്നത്‌ ജാലക വാതിലിലൂടെ ഞാൻ നോക്കി കണ്ടു.......
അവൻ
ഹൃദയത്തിൽ പൊതിഞ്ഞ്
ദൈവം തന്ന സമ്മാനം
വഴികളിൽ ചിതറി വീണ് 
ബാക്കി വെക്കലുകൾ
മാത്രം അവശേഷിക്കുമ്പോൾ_
ഉള്ളകംപ്പൊള്ളി പനിച്ച്‌
വേദനകളെ കടിച്ചമർത്തി
തെരുവിലൂടെ അലയുമ്പോൾ
കാണുന്നതെല്ലാം അതെ
സമ്മാനം പോലെ

Sunday, January 18, 2015

ജാബിർ പറഞ്ഞ കഥ
അയാളൊരു മാനസിക രോഗിയായിരുന്നു_
ആരോടും മിണ്ടാതെ
ആരോടും കൂട്ട് കൂടാതെ 
പള്ളിയിലും,വീട്ടിലും ഒതുങ്ങിയ
ഒരു ഭ്രാന്തൻ
ഗാന മേളക്ക് പോലും വരാത്തവൻ
ഭ്രാന്തൻ
മാനസിക രോഗി
വീട് വിട്ട് പുറത്ത് പോകത്തവൻ
വായനക്കാരൻ,അങ്ങാടിയിൽ കയറാത്തവൻ
ഇങ്ങിനെ മുദ്രകൾ നൽകി
ഒരു മനുഷ്യൻ പോലും നേരാവണ്ണം ശ്രദ്ധിക്കപ്പെടാതെ
മരിച്ചു പോകുന്ന കഥാ പാത്രങ്ങൾക്ക്
ഈ കുറിപ്പ് സമ്മാനിക്കട്ടെ
അനുചിത ചിന്തകളുടെ
വേലിയേറ്റങ്ങളിൽ
ഏകാഗ്രത എവിടെയാണ് ഒളിച്ചുപോയത് ?
വിസ്മയകരമാം
പ്രതിഭാസങ്ങൾ ചിരികളും,കരച്ചിലുകളും
എന്നിലെവിടെയാണ് ഒളിപ്പിച്ചിരിക്കുന്നത് ?
ഭഗീരഥ യജ്ഞത്തിലേർപ്പെടുക
മനസ്സിന്റെ കളങ്കങ്ങളെ തടയണം
ഇല്ലയെന്നും,ഉണ്ടെന്നും പറയാനാവണം
അനന്തമായി നീണ്ട് കിടക്കുന്ന
സൂക്ഷ്മതയുടെ
തെരുവുകളിൽ രാപാർക്കണം
പ്രവത്തന മണ്ഡലം കുറക്കണം
ആത്മാവിനെ സ്ഫുടം ചെയ്യണം
ഭൗതിക നേർപ്പിക്കണം
മായാലോകം തുറക്കപ്പെടണം
പിന്നെയെല്ലാം ഒരേ മയം
പിന്നെയെല്ലാം ഓരേ വർണ്ണം
പിന്നെയെല്ലാം ഒരേ മണം
പിന്നെയെല്ലാം ഒരേ രൂപം
പിന്നെയെല്ലാം ഒരേ രുചി
മനുഷ്യരും ,മൃഗങ്ങളും,മത്സ്യങ്ങളും,പക്ഷികളും
ഇഴ ജന്തുക്കളും,ജീവജാലങ്ങളും
സസ്യങ്ങളും,ചെടികളും
സൂര്യനും,ചന്ദ്രനും,
നക്ഷത്രങ്ങളും,ഉൽക്കകളും
കൊള്ളി മീനുകളും
നിങ്ങളുടെ കൂട്ടുകാരാകും
ആകാശത്തിലേക്ക് നോക്കി പുഞ്ചിരിക്കും
ഒറ്റക്ക് സംസാരിക്കും
രാതികൾ പകലുകളാകും
കല്ലുകളോട് സംസാരിക്കും
അചേതനമായ എല്ലാവരോടും കൂട്ട് കൂടും
ദൈവിക ചിന്തയിൽ നിമഗ്നനായി
നടക്കുമ്പോൾ ഈ ഭൗതിക വിട്ട് അകന്നു നിൽക്കും.
സമൂഹം ഒറ്റപ്പെടുത്തും
വേദികളിൽ ഇരിപ്പിടമില്ല
ഭ്രാന്തരുടെ ഇരിപ്പിടം ചൂണ്ടി കാണിക്കപ്പെടും
കല്ലെറിയപ്പെടും,വാക്കുകൾ മുനകളാകും
പരിഹാസങ്ങൾ അക്രമം കൊണ്ട് വരും.
ആഡംബര കാറുകൾ തേടിവരില്ല
മിസ്സാൻ കല്ലുകളിൽ തറവാട് ലേപനം ചെയ്യില്ല
പുസ്തകത്താളുകളിൽ വായിക്കപ്പെടില്ലാ
മനസ്സിന്റെ നിഷ്കളങ്കതയും,ശുദ്ധിയും
സൂക്ഷ്മതയും കടിഞ്ഞാണിട്ടവരെ സൂഫിയെന്നല്ലാതെ വേറെയെന്താണ്
വിളിക്കേണ്ടത് ?
കാലമെത്താതെ
നിരത്തുകളിൽ
കൊഴിഞ്ഞവരുടെ
ഉറ്റവരുടെ കണ്ണുകളിലാണ്
ജലലേശമില്ലാത്ത മരുഭൂമികൾ 
ജന്മം കൊള്ളുക
അസ്ഥികൂനകൾക്ക് മുകളിൽ
കോട്ടകൾ തീർക്കുന്നവരുടെ
ഹൃദയങ്ങളിലാണ് മറവികൾ
ഗർഭം ചുമക്കുക
മടുത്ത്‌ ജീവിക്കുന്നവരുടെ
നിരത്തുകളിലാണ്
നോവിന്റെ കാഴ്ച്ചകൾ
വിൽക്കപ്പെടുക

Monday, January 12, 2015

ആരാണ് ഇവിടെ അതിക്രമം
കാണിക്കുന്നവർ
നിശ്ചയം
അതിലെ ഇടുങ്ങിയ സ്ഥലത്ത് 
കൈകാലുകൾ ബന്ധിക്കപ്പെട്ട്
തള്ളുമ്പോൾ
ആളി കത്തുന്ന തീ
നന്നായി കത്തിക്കപ്പെട്ട തീ
നിന്നെയും എന്നെയും
സൃഷ്ട്ടിച്ച റബ്ബിന്റെ തീ
ഭീമാകാരമായ മഹാ തീ
ആരാണ് ഇവിടെ അതിക്രമം
കാണിക്കുന്നവർ ?
അതിലേക്ക് വീഴുന്ന സകലതും
ഞെരിച്ചു കഷ്ണിക്കുന്ന തീ
തൊലിയും,മാംസവും ഉരിച്ച്‌ കളയുന്ന തീ
അഗ്നി നിറഞ്ഞ പാതാളം
ആരാണ് ഇവിടെ അതിക്രമം
കാണിക്കുന്നവർ ?
തെറ്റായ ആദർശങ്ങളും
ദുരാഗ്രഹങ്ങളും
ദുർ വികാരങ്ങളും അടയിരിക്കുന്ന
ഹൃദയങ്ങളിലേക്ക് കയറി പിടിക്കുന്ന
അസാധാരണ ചൂടുള്ള തീ
ആരാണ് ഇവിടെ അതിക്രമകാരികൾ ?
ഭീകര സാധനം തന്നെയാണ്
നിങ്ങൾക്കുള്ള നരകം
അതിക്രമികളായ മനുഷ്യരും ,ബിംബക്കല്ലുകളും
ആൾ ദൈവങ്ങളും അതിലെ വിറകുകളാകുമ്പോൾ
യാനകമായ തീ പ്പൊരികൾ തള്ളി വിടും
കരിമ്പുക വമിക്കുന്ന നരകം
ആരാണ് ഇവിടെ അതിക്രമം കാണിക്കുന്നവർ
നിനക്ക് തന്നെയാണ് ഇരമ്പി കൊണ്ടിരിക്കുന്നത്
ആരാണ് ? ആരാണ്
കലാലയത്തോട്
വിട ചൊല്ലുന്ന ദിവസം
അവനവളുടെ പിറകെ നടക്കുന്നു
പടിഞ്ഞാറൻ 
കുന്നുകൾക്ക് പിറകിലേക്ക്
സൂര്യൻ ലോഹ തകിട് പോലെ
വിഴാൻ വെമ്പൽ കാട്ടുന്നു
നാലും കൂടിയ
ഇടവഴിയുടെ ഓരത്ത് ആ
പ്രണയം മുറിഞ്ഞു വീഴുന്നു
വാക്കുകൾക്ക് നേരമില്ലാതെ
അസ്തമയ നിറങ്ങളിൽ അലിയുമ്പോൾ
നെടുവീർപ്പുകൾ
അപ്പൂപ്പൻ താടി പോലെ
ഇടവഴികളിൽ പാറി കൊണ്ടിരുന്നു
ബാത്ത് റൂമിലേക്ക് കയറിച്ചെന്നപ്പോൾ കണ്ട കാഴ്ച്ച കുറച്ചു ദയനീയമായിരുന്നു. ക്ലോസറ്റിലെ വെള്ളകെട്ടിൽ ഒരു ഉറുമ്പ് 
കര കയറാനാവാതെ പിടഞ്ഞ് മുങ്ങിത്താഴുന്നു 
തോർത്ത്‌ മുണ്ടിൽ നിന്നും ഒരു നൂലെടുത്ത് ഇറക്കി കൊടുത്തു പിടി വള്ളിയിൽ അരിച്ചു മുകളിലേക്ക്........... 
ആ കാലുകളിലെ ചലന താളം ഒരു രക്ഷപ്പെടലിന്റെയും 
മോചനത്തിന്റെയുമെല്ലാതെ പിന്നെയെന്താണ് ?
പുതിയൊരു ഉദയ ചക്രവാളത്തിലേക്ക് ആ ഉറുമ്പ് അരിച്ച് നീങ്ങുമ്പോൾ
അവിടെ ഒരു സ്റ്റാറ്റസ് പിറവി കൊള്ളുകയായിരുന്നു
ഏവർക്കും സ്വതന്ത്രദിനാശംസകൾ നേരുന്നു
മോഹങ്ങളുടെ അതിര് വിട്ട ചലനങ്ങനങ്ങളിൽ 
നഷ്ട്ടങ്ങളുടെ ശൂന്യതകളിലെ രാത്രികളാണ് എനിക്ക് കൂട്ട്... 
പാഴ്മരുഭൂമി സൂര്യനു താഴെ അർത്ഥമറിയാത്ത ജിവനുകൾക്ക് ജന്മം നൽകുമ്പോൾ- ഈ ജല സംഭരണിയിലെ വെള്ളത്തിന് പോലും
ചൂട് തന്നെയാണല്ലോ ഈ നട്ടപ്പാതിരാക്കും
തുലാ വർഷത്തിലെ കാറ്റും, കോളും
അടങ്ങിയിട്ടില്ല.
ഇവിടെ മുഖം കുനിഞ്ഞു
തിരികെ മടങ്ങാനുള്ള ദിവസം
അടുത്ത് വരുമ്പോൾ ഓരോ ദിവസങ്ങളും
നിശ്ശബ്ദമായ വേതാളത്തിലെ
പറഞ്ഞ് അറിയിക്കാനാവാത്ത നിഴലുകൾ വരക്കുന്നു
വീടിന്റെ മച്ചിയിൽ കൂട്‌ കൂട്ടിയ വേട്ടാളനെ പോലെയാവുന്നു
ഈ മനസ്സും. പല പല തോന്നലുകൾ
ഇടക്ക് അകത്ത് കടക്കുന്നു. പിന്നെ പുറത്തേക്ക്‌
വീണ്ടും തിരികെ വരുന്നു.
പിന്നെയും,പിന്നെയും വന്നും വരാതെയും
ഒരു കാലു വേദന യുള്ളത് പോലെ
ഒരു ചെവി വേദന
ഇല്ല..... ഇതല്ലാം ഒരു ഡോക്ടറെ കാണിക്കാമായിരുന്നു
ഇനി എവിടെ സമയം? അവസാനിച്ചിരിക്കുന്നു
ഒന്ന് തണ്ടാസ്സിൽ പോണം ,ഇന്ന് എത്ര തവണയാണ്
ഇത് ആവർത്തിച്ചത് ?
ഞാൻ ഒരു പരാദ വേരായി രൂപം കൊള്ളുകയാണ്.....
മൊല്ലക്ക് ഒരു കത്ത്
.................................
ഹോ മനുഷ്യാ
നിന്റെ മനസ്സിനാണ്‌ ചികിത്സ വേണ്ടത്
അനുനിമിഷം മാറി കൊണ്ടിരിക്കുന്ന ഫ്രീക്കൻ സംസ്കാരങ്ങളിൽ
കണ്ണും നട്ടിരിക്കുന്ന ഒരു സമൂഹത്തെയാണ് ഇന്നത്തെ പണ്ഡിതന്മാർക്ക് നേരിടാനുള്ളത്....
എല്ലാർക്കും സംശയം.
എവിടെയും സ്വാർതഥ.
തകർച്ചയിൽ ഊറി ചിരിക്കുന്നവർ ,
പോരായ്മകളെ വിളിച്ചു കൂവുന്നവർ
മാന്യതയെ പിച്ചിച്ചീന്തുന്നവർ
മലീമസമായ അന്തരീക്ഷത്തിൽ
മലീമസമായ മനസ്സുകൾ ഇനിയും പിറവി കൊണ്ടേയിരിക്കും
അപ്പോൾ പണ്ഡിതന്മാരുടെ പ്രവർത്തന മണ്ഡലങ്ങൾ സുഖാസ്വാദനങ്ങളുടെ കേളീരംഗങ്ങളിൽ മുങ്ങി താഴുമ്പോൾ
ഈ ഫ്രീക്കൻ സംസ്കാരങ്ങളിലെ തലമുറ വല നെയ്തു കാത്തിരിക്കുന്ന ചിലന്തികളായി മാറും
തൂവെള്ള വസ്ത്രം പോലെ നിങ്ങൾ മാറണം.
എല്ലാം നേരിടാനുള്ള കരുത്ത് വേണം.
അവധാനതാ പൂർവ്വം കൈകാര്യം ചെയ്യാനുള്ള പാടവം വേണം
അണികളുടെ ആവേശം കണ്ട് വാക്കുകളെ നിയന്ത്രിക്കാനാവാതെ പോയാൽ സമാധാനം തേടുന്ന മനുഷ്യർ സങ്കീർണതയിൽ നിന്നും സങ്കീർണതയുടെ ആഴങ്ങളിലേക്ക് വഴുതി വീഴും
അങ്ങിനെ ഈ നാട് കുട്ടിച്ചോറായി മാറും
എന്‍റെ പ്രണയിനി
അതെ എനിക്കുമുണ്ടായിരുന്നു ഒരു പ്രണയം
എന്‍റെ പ്രണയിനി.ഈ മനസ്സിനെ നോവിക്കാതെ പോയിട്ടില്ല
അവളെ കാണുമ്പോൾ ഇപ്പോഴും ഒരു ആന്തൽ 
ഒരു കുത്ത്,ഒരു വേദന.ഒരു സങ്കടം ഞാൻ അത് പറയട്ടെ
എനിക്ക് പറയാതെ വയ്യ
.......................................................
കലാലയത്തോട് വിട പറയുന്ന ദിവസം
എന്‍റെ പ്രണയിനി എന്നെ നോക്കി കൊണ്ട്
ഒരടഞ്ഞ നിലവിളിയോടെ ആ തെരുവിലൂടെ ഓടിയപ്പോൾ
ഓട്ട വീണ ഹൃദയവുമായി അവളുടെ പിന്നാലെ ഞാനും ഓടി
ഓടി കിതച്ചു അവളുടെ വീട്ടു പടിക്കൽ ഞാനെത്തുമ്പോൾ
എന്നെ ഒട്ടും തന്നെ തളർച്ച ബാധിച്ചിരുന്നില്ല..
ഉടുവാട നഷ്ട്ടപ്പെട്ടവനെ പോലെ ഞാനയാൾക്ക് മുന്നിൽ നിന്ന് കൊണ്ട് കൈകൾ കൂപ്പി കെഞ്ചി പറഞ്ഞു
എനിക്ക് ഇഷ്ട്ടമാണ് അവളെ
ഞങ്ങളെ ജീവിക്കാൻ അനുവദിക്കുമോ ?
കേട്ട പാതി കേൾക്കാത്ത പാതി എന്റെ പിരടിക്ക് പിടിച്ച്
തള്ളുമ്പോൾ വാതിൽ പടിക്ക് പിന്നിൽ മറഞ്ഞിരുന്ന
ആ കണ്ണുകൾ വെള്ളം ചോർന്നു പോയ കുളത്തിലെ പരൽ മീനുകളെ പ്പോലെ പിടയുന്നത് ഞാൻ കണ്ടിരുന്നു.
എന്റെ തലക്ക് കിട്ടിയ പ്രഹരത്തിൽ പ്രാണൻ പോകുന്ന വേദനയോടെ ഞാനുറക്കെ ഒന്നലറി കരഞ്ഞത് മാത്രം നേരിയ ഒരോർമയുണ്ട്
അന്നേരം ആകാശത്തിന്റെ ഭാരം എന്നിലേക്ക് ഇറങ്ങിവരുന്നത് പോലെ,മരങ്ങളായ മരചില്ലകളിലെല്ലാം ആ ഭാരം തങ്ങി നിന്ന് എനിക്ക് കൂട്ട് തന്നത് പോലെ . അന്നത്തെ ആ പകൽ പോലും രാത്രിയുടെ ചേലിൽ ഇരുണ്ട് മൂടി കിടന്നു
ആ നാട്ടിലെ നാട്ടുകാർ പോലും ആ തന്തക്ക് വേണ്ടി ഇടപെടുന്ന ഘട്ടം വന്നപ്പോഴാണ് ഞാനതിൽ നിന്നും പിൻവാങ്ങി പ്രണയത്തെ ആ പടിക്കൽ വെച്ച് കൊന്ന് കളഞ്ഞത്. പിന്നെയല്ലാം ഒരുസങ്കടമയം,
എപ്പോഴും സങ്കടം , സർവ്വവും എനിക്ക് സങ്കടം .........
പിന്നെ സങ്കടങ്ങളുടെ അണ്‍ഡകടാഹത്തിലേക്ക് തല കിഴായി താണ് താണ് പോയി കൊണ്ടിരുന്നു , കരയാൻ അന്ന് എനിക്ക് ഒരിറ്റ് കണ്ണീരു പോലും ബാക്കിയില്ലായിരുന്നു .
കാല ചക്രം നീങ്ങി , എല്ലാം മറന്നു തുടങ്ങി.
ഇന്ന് എന്റെ ജീവിതത്തിലേക്ക് കടന്നു വന്നവളാണ് അവളെ കുറിച്ച് വീണ്ടും എന്നോട് പറഞ്ഞത് ..
ഭാര്യയുടെ ആവശ്യ പ്രകാരം ഇന്ന് ആ പടി കടന്നു
അവളുടെ മുഖം കാണുമ്പോള്‍
കണ്ണുകളില്‍ കിനിയുന്ന കണ്ണുനിരുതുള്ളികള്‍
മദം പ്പൊട്ടിയ കാള കുളമ്പുകളുടെ കഥ പറയുന്നു.
വിണ്ടു കീറിയ കാലുകളും,പച്ച മണം മലീനസമാക്കിയ അടുക്കളയും പറക്ക മുറ്റാത്ത കുറെ കുഞ്ഞുങ്ങളും .
അവസാനം എന്റെ നോട്ട മുന ചെന്ന് തറച്ചത്
എല്ലും കോലുമായ അവളുടെ മേനിയിലും,ലഹരി പുകയുടെ ആനന്ദത്തില്‍ മുഴുകി ബരാന്തയിലുളളവനിലേക്കും
ഒരു നിസ്സംഗതയോടെ ഞാൻ തിരിച്ചു നടക്കവെ തൊണ്ടയിൽ കുരുങ്ങിയ നേർത്തൊരു "ഹെലോ"എന്നൊരു വിളി അന്തരീക്ഷത്തിലലിഞ്ഞ് ഇല്ലാതാവുന്നത് ഞാനറിഞ്ഞിരുന്നു...................
അതിനു മറുവടി പറയാൻ എന്റെ തൊണ്ടയിലും ശബ്ദമില്ലാതായിരിക്കുന്നു. ഞാൻ ഒച്ചയില്ലാതെ വിതുമ്പി കൊണ്ടിരിക്കവേ എനിക്കൊപ്പം എന്റെ ഭാര്യയും വിതുമ്പി കൊണ്ടിരുന്നു
ശാല
.................

ആട്ടക്കാരിയുടെ
ഹൃദയത്തിന്റെ 
വക്കിലിരിന്ന്
നൊമ്പരം കരയുകയാണ്..
ഉതിർന്ന് വീഴുന്ന
കണ്ണീർ മുത്തുകളിൽ
ഞാൻ കണ്ടു
ആഴമുള്ള ഗർത്തങ്ങളിൽ
പ്രഹരമേറ്റ്‌ പിടയുന്ന
മൗനങ്ങളിൽ _
ബാധ്യതകളുടെ
അടയാളങ്ങൾ
മിന്നി മറയുന്നതും,
അന്തമില്ലാത്ത
അനന്തതയിൽ
ആർത്തി പൂണ്ട
ചെന്നായ കൂട്ടങ്ങളെയും.
നിശയുടെ യാമങ്ങളിൽ
മദ്യപാന ഗീതം ഒഴുകി
വരും തെന്നലിൽ
കാമിനിമാരുടെ ഒളിക്കണ്ണേറുകളും.
ഗർഭ നിരോധ ഉറകളിൽ
സനാഥ ബീജങ്ങൾ
അനാഥ ബീജങ്ങളായി മാറുന്നതും .
വേര് പറഞ്ഞത്
പച്ചയായ മരങ്ങൾ
ചില്ലകളിൽ തൂങ്ങുന്ന മധുരങ്ങൾ
വർണ്ണാഭവമായ പൂമൊട്ടുകൾ
സൗധങ്ങളൊരുക്കിയ പക്ഷികൾ
വല നെയ്യുന്ന ചിലന്തികൾ
ചുറ്റി വരിഞ്ഞ ഇത്തിക്കണ്ണികൾ
തണലിൽ മയങ്ങുന്ന നിലയങ്ങൾ
ഈ വേര് മാത്രം
കയ്പ്പും നുണഞ്ഞ്
മണ്ണിൽ പുതഞ്ഞങ്ങിനെ
മണ്ണിൽ പുതഞ്ഞങ്ങിനെ
ഇന്ന്
ആ ബസ്സ്‌ സ്റ്റോപ്പിൽ വെച്ച് ഒരു നിയോഗം പോലെ
അയാളെ കണ്ടു മുട്ടി.സലാം പറയുകയും,നേർത്തൊരു പുഞ്ചിരി സമ്മാനിക്കുകയും ചെയ്തപ്പോൾ ഞങ്ങൾക്കിടയിലെ അപരിചിതത്വം എങ്ങോ ഓടി ഒളിച്ചിരുന്നു. പിന്നെ ചിരകാല കൂട്ടുകാരനെ പോലെ സാകൂതം ആ ഗ്രോസറി തൊഴിലാളിയെ ശ്രവിച്ച് കൊണ്ടിരിക്കെ_
അയാൾക്ക് പോകാനുള്ള ബസ്സ്‌ പതിയെ പതിഞ്ഞ് ചെറിയൊരു കുലുക്കത്തോടെ ഞങ്ങൾക്ക് മുന്നിൽ വന്നു നിന്നപ്പോൾ
ആ ഹൃദയാന്തരത്തിലെ മുക്കും,മൂലയും തൂത്ത് വാരി
വന്നൊരു നെടുവീർപ്പിനെ എനിക്ക് മുന്നിൽ കുടഞ്ഞിട്ടയാൾ ബസ്സിനകത്തേക്ക് കയറി മറഞ്ഞു.
ചിതറിപ്പോയ ജീവിതം
അടപ്പിട്ട മനസ്സ്
ആശ്രിതപ്രഹരമേറ്റ ഹൃദയം
മുറിഞ്ഞു പോയ ചിറക്
കുരിതി ചെയ്യപ്പെട്ട ചിരികൾ
ആ ഇടവേളയിൽ അയാൾ
കുടഞ്ഞിട്ട നെടുവീർപ്പിനെ ഓരോന്നായി
അരിച്ചെടുത്ത്‌ തരം തിരിച്ചു കൊണ്ടിരിക്കെ പോകാനുള്ള ബസ്സ്‌ എനിക്ക് മുന്നിൽ മുക്രയിട്ട് വന്നു നിന്നു
ഒരു വൈകുന്നേരം 
മരണം ആ ഗ്രാമത്തിലേക്ക് കടന്നു. 
എന്നിട്ടും ഞാൻ കണ്ടില്ല. ഭൂമി വാസികൾക്കും വിഷയമേ അല്ല. 
അന്ന് പറവകൾ ചേക്കയിലേക്ക് മടങ്ങാതിരിക്കില്ല. 
കുട്ടികൾ കളിയുടെ മാസ്മരികതയിൽ അലിയാതിരിക്കില്ല. 
കവലയിലെ മീൻ കച്ചവടക്കാരന് ഒരു കൂസലുമില്ല.
ഓട്ടോറിക്ഷക്കാരൻ ട്രിപ്പ് മുടക്കിയില്ല.
നൊടിയിട നേരം കൊണ്ട് വാർത്ത‍ കടലുകൾ കടക്കാതിരിക്കില്ല.
ഞെട്ടലും,നടുക്കവും തീരെയില്ല.
ചുടു നിസ്വാങ്ങളും,നെടുവീർപ്പുകളും ഉതിർന്ന് വീഴില്ല.
പക്ഷെ ഒരേ ഒരു മനസ്സ് മാത്രം വിങ്ങും
അത് ആരെങ്കിലും ഒരാളാകും.
അയാൾക്ക് മാത്രം വായിച്ചെടുക്കാനാവും_
തൊഴുത്തിലെ നാൽകാലി ചെവി കൂർപ്പിച്ചതും.
നിശ ഒരു നിമിഷം നിശ്ചലമാകുന്നതും
ചന്ദ്രകല മൂകതയിലാർന്നതും.
താരകങ്ങൾക്ക് മങ്ങലേറ്റതും.
വൻ മരങ്ങൾക്ക് വിഷാദം ത്രസിച്ചതും.
കര്‍പ്പൂരത്തിന്‍റെയും
ചന്ദനത്തിരിയുടെയും
ധൂമപാളികള്‍ വളയം വെച്ച്
അന്തരീക്ഷത്തിലെഴുതിയ ഈ വരികൾ
മറവികളുടെ പേമാരിയില്‍
പിടി വിട്ട് ആറടി മണ്ണില്‍ അലിഞ്ഞ് കലരുമ്പോൾ_
ഈ മനുഷ്യർക്ക് മുന്നിൽ
മുഖത്തോട് മുഖം നോക്കി
രണ്ടു മിസാന്‍ കല്ലുകള്‍ കഥ പറയും
ഇവിടെ ഞങ്ങളും ജീവിച്ചിരിന്നു
വേട്ടാളൻ
..................
ദിവസങ്ങളായി അപ്പൻ മലർന്ന് കിടക്കുന്നു.
അനക്കമില്ലാത്ത കിടപ്പ്. 
പിറക് വൃണങ്ങളായി പൊട്ടി ഒലിക്കുന്നു.
ജനവാതിലിൽ രണ്ട് കഷായ കുപ്പികൾ.
മരുന്നുകളുടെ ഗന്ധം പുറത്തേക്ക് കടക്കാൻ
ഒരു പഴുത് തേടുന്നു.
ഉത്തരത്തിലെ കഴുക്കോലുകളുടെ എണ്ണം
കൃത്യമായി ഇപ്പോൾ അപ്പനറിയാം.
മകനും, മരുമകളും നീല കുറിഞ്ഞി.....
ഉത്തരത്തിൽ കൂട് കൂട്ടിയ വേട്ടാളൻ_
ഇടക്ക് ഇടക്ക് വന്നു പോകുന്നു.
മരുന്ന് കുപ്പികളിലിരുന്ന് ഓർമപെടുത്തുന്നു.
പിറകെ മനസ്സ് ഓടുന്നു.
അപ്പൻ കണ്ണുകൾ ചലിപ്പിക്കുന്നു.
പാറി വന്ന് മൂക്കിൻ തുമ്പിലിരിക്കുമ്പോൾ
അപ്പൻ കൈകൾ അനക്കുന്നു.
ഇതിനിടയിൽ
അപ്പന് നേരിയ പനി വന്നു.
അതൊരു ത്രി സന്ധ്യാനേരത്തായിരുന്നു.
ശരീരം ചുട്ട് പഴുക്കാൻ തുടങ്ങി.
അതൊരു ത്രി സന്ധ്യാ നേരത്തായിരുന്നു.
രോഗം മൂർച്ഛിച്ച് തുടങ്ങി .
അതൊരു ത്രിസന്ധ്യാ നേരത്തായിരുന്നു.
അപ്പന് കഞ്ഞി വേണമോ എന്ന് ചോദിച്ചു.
വേണമെന്ന് മെല്ലെ തലയാട്ടി.
താങ്ങി ചുമലിൽ കിടത്തി കഞ്ഞി കൊടുത്തു.
അന്നേരം അപ്പന്റെ ഇരു കണ്ണിൽ നിന്നും കണ്ണീർ തുള്ളികൾ കവിളിലൂടെ താഴേക്ക് ഒലിച്ചിറങ്ങി.
അതൊരു ത്രിസന്ധ്യാ നേരത്തായിരുന്നു.
അപ്പൻ ശ്വാസം ആഞ്ഞ് ആഞ്ഞ് വലിക്കാൻ തുടങ്ങി.
അതൊരു ത്രിസന്ധ്യാ നേരത്തായിരുന്നു.
ബന്ധക്കാരിൽ ചിലർ ഉറക്കമിളയ്ക്കാൻ
തറവാട്ടിലേക്ക് വന്നു തുടങ്ങി.
അതൊരു ത്രിസന്ധ്യാ നേരത്തായിരുന്നു.
അപ്പൻ എല്ലാവരെയും ഒന്ന് തുറിച്ചു നോക്കി.
അവസാനം ആ കണ്ണുകൾ_
ഉത്തരത്തിലെ വേട്ടാള കൂടിനു മുകളിൽ തറച്ചു നിന്നു.
അപ്പന്റെ ശ്വാസോഛാസ്വം നിലച്ചു.
അതും ഒരു ത്രിസന്ധ്യാ നേരത്തായിരുന്നു .
ഓരോർത്തരും സ്വന്തം വിചാരങ്ങളുമായി ഉമ്മറത്ത്‌ നിശബ്ദമായിരുന്നു.
മനസാക്ഷി വരിഞ്ഞു മുറുകി.
കുറ്റബോധം ആളി തുടങ്ങി.
സ്വപ്നങ്ങളല്ലാം തകർന്നു ജീവിക്കുന്ന ഒരു ശവം പോലെ
അപ്പന്റെ മൃതശരീരത്തിനടുത്തേക്ക്‌ വേച്ചു വേച്ചു അവൻ നടന്നു.
മനസ്സ് കൊണ്ട് അന്ത്യാപചാരങ്ങളർപ്പിച്ച്‌ വീട്ടിൽ നിന്നും ഇറങ്ങി നടന്നു.
ലക്ഷ്യം കാണാത്ത ഒരു യാത്രയിലേക്ക്...........................
അന്നേരം വേട്ടാളൻ അപ്പന്റെ നെറ്റി തടത്തിൽ ചുംബനം നൽകി
മറ്റൊരു ഉത്തര കഴുക്കോലും തേടി പറന്നു
നമ്മുടെ വീടുകളിലെ പ്രായം ചെന്നവരുടെ മനസ്സ് വായിക്കാൻ പലപ്പോഴും നമുക്ക് കഴിയാതെ പോകാറുണ്ട്.
അവർ വെള്ള പുതച്ചു കിടക്കുമ്പോഴാണ് ഒരു ബോധോദയം കടന്നു_ വരിക. ഏക്കാലെത്തേക്കും ഒരു നീറ്റൽ കോരിയിട്ട് അവർ യാത്രയാകും.

ആ ഉമ്മയുടെ അവസാനകാലം അവശതയിലാണ്. 
പരമ സഹായം കൂടാതെ നടക്കാനാവില്ലയെങ്കിലും വളരെ പ്രയാസപ്പെട്ട് ആ വീടിനകത്ത് മെല്ലെ മെല്ലെ നടക്കും.
പിന്നെ പൂമുഖത്ത് ചാരു കസേരയിൽ വന്നിരിക്കും.
തന്റെ മകന് വേണ്ടി പണിയുന്ന
പുതിയ വീടിനെ വിദൂരതയിൽ നിന്നും നോക്കി കാണും.
ആരോടൊന്നില്ലാതെ ആ ഉമ്മ പുലമ്പുന്നത് കേൾക്കും.
ആ വീടൊന്നു കാണണം അതിനകത്ത് ഒന്ന് കയറി നോക്കണം
എന്റെ ഈ വിരലുകൾ കൊണ്ട് ആ ചുമരുകളിൽ സ്പർശിക്കണം
മക്കളെ എന്നെ ഒന്ന് ആ വീട് കാണിക്കൂ.......................

താങ്ങി പിടിച്ചു കൊണ്ട് പോകാനുള്ള ബുദ്ധിമുട്ട് ഉമ്മയുടെ വാക്കുകളെ കേട്ടില്ലെന്ന് നടിക്കും.
വളരെ പ്രയാസപ്പെട്ട് ആ ഉമ്മ നാളെയും പൂ മുഖത്തിരിക്കും
ഇതേ ആവശ്യം ഉന്നയിച്ചു കൊണ്ടിരിക്കും
പലരും കേട്ടില്ലെന്ന് നടിക്കും.....................
ഉമ്മ വീണ്ടും അവശതയിലേക്ക്
തളർന്നു കിടപ്പിലാകുന്നു
തൊട്ടരികിലെ ജനവാതിൽ വഴി മകനുയരുന്ന വീടിനെ ഏന്തി വലിഞ്ഞു നോക്കി കാണും.ആരോടൊന്നില്ലാതെ
ആ ഉമ്മ പുലമ്പുന്നത് കേൾക്കും
ആ വീടൊന്നു കാണണം
അതിനകത്ത് ഒന്ന് കയറി നോക്കണം
ഈ കാൽപാദം ഒന്ന് പതിക്കണം
എടുത്തു കൊണ്ട് പോകാനുള്ള ബുദ്ധിമുട്ട്
കേട്ടില്ലെന്ന് നടിക്കും......................
ഉമ്മ വീണ്ടും അവശതയിലേക്ക്
കണ്ണുകൾ മാത്രം ചലിക്കും.
ജനവാതിലിലേക്ക് ഉമ്മ ഇടക്ക് ഇടക്ക് നോക്കും
പിന്നെ ആ അധരങ്ങൾ ചലിക്കും
എന്റെ മകനുള്ള പുതിയ വീട് ഒന്ന് കാണണം.
ഒരു നിമിഷം അവിടെ ചിലവയിക്കണം.
പേരമക്കളും, മകനും ജീവിക്കുന്ന ചിത്രങ്ങളെ ആവാഹിക്കണം.
കാലങ്ങളുടെ ഭാവനയിലൂടെ ഈ മനസ്സിനെ ഓടിക്കണം.
എന്റെ മകനെ ഒന്ന് കൊണ്ട് പോകൂ
പുതിയ വീട് ഒന്ന് കാണണം
താങ്ങി എടുത്തു കൊണ്ട് പോകാനുള്ള ബുദ്ധിമുട്ട്
ചെവികളെ അടച്ചു കളയുന്നു.
ഉമ്മ വീണ്ടും അവശതയിലേക്ക്
സംസാരം നിലച്ചിരിക്കുന്നു.
കണ്ണുകൾ അടഞ്ഞിരിക്കുന്നു.
ഉമ്മയെ മരണം കവർന്നിരിക്കുന്നു.
ഒന്ന് ബാക്കി വെച്ച് ആ ഉമ്മ യാത്രയാകുമ്പോൾ
പ്രായം ചെന്നവരെ നിങ്ങൾ മാനിക്കാതെ പോകരുത്.
അവരുടെ വാക്കുകളെ ഗൗനിക്കാതെ പോകരുത്.
ഒരു വേദന ബാക്കി വെച്ച് ആരെയും നിങ്ങൾ യാത്രയാക്കരുത്
വേദനകളെ വിൽക്കപ്പെടാനാവാതെ
നെട്ടോട്ടമോടുന്നവരെ നിങ്ങളാരെങ്കിലും
കണ്ടിട്ടുണ്ടോ ?
മലകൾ കയറമെന്നില്ല.
കുന്നുകൾ താണ്ടണമെന്നില്ല. 
ആത്മ ബന്ധത്തെയും,
സ്നേഹ ബന്ധത്തെയും
ചാക്കിലിട്ട് വായ്‌ ഭാഗം മൂടി കെട്ടുക
പിന്നെ
പരുപരുത്ത പാറയിലിട്ട് അടിക്കണം
വേദനകൾ വേദനകളിൽ പുളയണം
പ്രഹരമേറ്റ പിടച്ചിലുകൾ_
പുറത്തേക്ക് തെറിക്കാനാവാതെ
നിണങ്ങളിൽ പുരണ്ട് പുളയണം.
പിന്നെ കണ്ണീർ തടങ്ങളിൽ
നിക്ഷേപിക്കണം...
ഉപ്പ് ലായനികളിൽ കിടന്ന് പിളർത്ത്
മരവിക്കണം....
അപ്പോഴാണ്‌ വേദനകൾ വിൽക്കപ്പെടാനാവാതെ
നിങ്ങളും നെട്ടോട്ടമോടുക....!
അവനെ പറയുമ്പോൾ
തൊണ്ടക്കുഴി ഇടറുന്നു.
അവനെ കേൾക്കുമ്പോൾ
കണ്ണുകൾ ഈറനണയുന്നു.
ഓരോ രാത്രിയും_
കറുത്ത് വെളുക്കുമ്പോഴും,
ഓരോ പകലും_
വെളുത്ത് കറുക്കുമ്പോഴും
ആർക്കും,ആരെയും നഷ്ട്ടപ്പെടില്ലെന്ന്
ആർക്കാണ് ഉറപ്പ് നൽകാനാവുക ?
ഇരുട്ട് കനത്ത് തൂങ്ങിയ
രാത്രികളിൽ
ആകാശത്തിലെ നക്ഷത്രങ്ങളെ
ഞാൻ കാണാറുണ്ട്‌..
നരച്ച നിലാവെളിച്ചെത്തിൽ
കരഞ്ഞോടുന്ന മേഘ കൂട്ടങ്ങളെയും
എനിക്ക് കാണാം ...
രാത്രിയുടെ മർമ്മരം ശ്രവണ സുഖദമല്ലാത്ത
സ്വരമുതിർത്ത് ഭ്രാന്തമായി
എനിക്ക് ചുറ്റും അലയുന്നുണ്ട്.
കണ്ണടഞ്ഞ ആത്മാവുകൾ
കണ്ണടയാത്തവർക്ക് ചുറ്റും
നെരിപ്പോടുകൾ തീർക്കുമ്പോൾ
ഞെട്ടി ഉണരുക
ഓടി വന്ന് ഈ
നെഞ്ചിൻ കൂട് തകർത്ത്
ചുരുണ്ട് പോയ ആത്മാവിനെ
തൂവൽ സ്പർശങ്ങൾ കൊണ്ട്
സ്നാനം ചെയ്യപ്പെടുക.
തൂവെള്ളയിൽ പൊതിഞ്ഞ്
യദാസ്ഥാനത്ത് തുന്നി ചേർത്ത്
മടങ്ങി പോകുക.
ആരായാലും ഞാനവരെ
മാലാഖയെന്ന് പേരിട്ട് വിളിക്കും !

Friday, January 9, 2015

നശ്വരമാണ് ചിരികൾ.
അനശ്വരമായി
കരച്ചിലുകളെ
സമന്വയിക്കപ്പെട്ടത് 
ക്ഷണികമായ ഈ ഭൂവാസികളിൽ തന്നെയാണ്
എന്നിട്ടും
ചിരികളെ തേടി പോകുന്നവർ ആരാണ് ?
ഈ ചിരികൾ പൊയ് മുഖങ്ങളാണ്.
കള്ള ഹിമാറുകളാണ്..
ഈ മാറ്‌ കുത്തിക്കീറുക.
ശ്മശാനങ്ങളിൽ മറമാടിയ ചിരികളുടെ_
മൂട് കല്ലുകളിലെ പഴുതുകളെ കളിമണ്ണ് തേച്ച്
പിടിപ്പിക്കുക. !
ചിരികൾ പുറത്ത് കടക്കരുത്.
കള്ള ഹിമാറുകളാണവർ
പിന്നെ നീ നിൽക്കരുത്
ഇറങ്ങി നടക്കണം
തെരുവിലൂടെ
കാട്ടിലൂടെ
മണൽ പരപ്പിലൂടെ ..................
സ്പർശന_ ഘ്രാണ _രസനേന്ദ്രിയങ്ങളെ
നീ കരുതണം..
കാക്കകൾ കരയുന്നത് കേൾക്കാം
മാറ്റമില്ലാതെ
ഒരു പരിണാമത്തിനും പിടികൊടുക്കാതെ
കുയിൽ കൂവുന്നത് കേൾക്കാം
സ്ഥായിയും,സനാതനവുമായ ഈണത്തിലൂടെ
മൂങ്ങകൾ മൂളുന്നത് കേൾക്കാം
മങ്ങലേൽക്കാത്ത മൗനങ്ങളിലൂടെ
പ്രാവുകൾ കുറുകുന്നത് കേൾക്കാം
മയിലുകൾ ആടുന്നത് കാണാം
ഒട്ടകങ്ങൾ മുരളുന്നത് കേൾക്കാം
ഉരഗങ്ങൾ ഇഴയുന്നത്‌ അറിയാം
പക്ഷെ ഇവിടെ ആരും ചിരിക്കുന്നില്ല.
എന്നിട്ടും ആരാണ് ഈ ചിരികളെ തേടി പോകുന്നവർ ?
കള്ള ഹിമാറുകളാണവർ
ഈ ചിരികൾ പൊയ് മുഖങ്ങളാണ് ..
ചില മരണങ്ങൾ
ഇടി മിന്നലുകളെ പോലെ
പ്രകമ്പനം കൊള്ളിക്കും..
ചില മരണങ്ങൾ 
മനസ്സിന്റെ ഗമന പാതകളിൽ
ചിന്തകളെ കെട്ടഴിച്ചു വിടും...
ഈ മനസ്സിന്റെ ഗമനപാതയിൽ
മുടന്തുകൾ നിലയുറപ്പിച്ചതെപ്പോഴാണ് ?
കുറ്റികളിൽ തളച്ചിട്ട ആർത്തട്ടഹാസങ്ങൾ,
ഗർത്തങ്ങളിൽ കുടുങ്ങിപ്പോയ നില വിളികൾ,
ഓരങ്ങളിൽ പറ്റി പിടിച്ച_
തേങ്ങലുകളും,വിങ്ങലുകളും,
കാട് പിടിച്ച വേദനകളും,
കെട്ടി പിണഞ്ഞ ഓർമകളും,
കറുത്തിരണ്ട സങ്കട മുനകളും,
നൊമ്പര കുന്നുകളും !
ഈ മനസ്സിന്റെ ഗമന പാതയിൽ
പരുത്ത മുള്ളുകൾ ചിതറി വീണതെപ്പോഴാണ് ?
നിഴൽ ചിത്രങ്ങൾ തുന്നുന്ന രൂപങ്ങളും,
ഹൃദയാന്തരത്തിൽ മുറിവേൽപ്പിക്കുന്ന_
സൂചി കുത്തുകളും,
കീറി മുറിക്കുന്ന വേദനകളും,
ഒരിക്കലും തുന്നി ചേർക്കാനാവാത്ത
പിടവുകളും
ഈ മനസ്സിന്റെ ഗമനപാതയിൽ
ഞെട്ടലും, നടുക്കവും
നിലയുറപ്പിച്ചെതെന്തിനാണ് ?
ഉടലറ്റ്പോയ തലയോട്ടികൾ
വേരറ്റ് പോയ പ്രതീക്ഷകൾ
കൂമ്പ് വാടിയ ശിഖിരങ്ങൾ
പിടഞ്ഞു ജീവിക്കുന്ന ജന്മങ്ങൾ
കണ്ടു ,കേട്ടു
ഇനി വയ്യ
ഇതാ ഇവിടെ തളർന്നിരിക്കുന്നു
കടന്നു വരൂ..........!
ഈ പാത വെട്ടി തെളിക്കൂ................
ഈ കൈകൾ ചേർത്ത് പിടിക്കൂ
ഇരുട്ട് കനക്കും മുമ്പ്
വവ്വാലുകൾ സൗധമൊരുക്കും മുമ്പ്
പ്രിയപ്പെട്ട വായനക്കാരെ
എന്റെ അനിയൻ മണ്ണിലലിഞ്ഞു.
അടക്കി പിടിച്ച തേങ്ങലിൽ നിന്നാണ്_
ഈ വരി പിറവി കൊള്ളുന്നത്.
ആരും തൊട്ട് പോകരുത്. 
ഉരുകി ഒലിക്കുന്ന ലാവയാണത്
പകരം ഇതാ
എന്റെ കരളിൽ നിന്നൊരു കഷ്ണം_
പിഴുതെടുത്ത് നിങ്ങൾക്ക് മുന്നിലേക്ക്
വലിച്ചെറിഞ്ഞിരിക്കുന്നു.
ആരല്ലാമാണത് തൊട്ട്പോയത്.
വേദനയുടെ കടന്നൽ കൂട് നിങ്ങളതിൽ കണ്ടില്ലേ ?
ആ ഹൃദയ തുടിപ്പുകൾ വേദനയിൽ_
കിടന്ന് അവസാനം യാചിക്കുന്നത്‌ ആരാണ് കേട്ടത് ?
അവന് വേണ്ടി കരുതി വെച്ചതെല്ലാം
ഉറുമ്പ് അരിക്കുന്നത് നിങ്ങൾ കണ്ടില്ലേ ?
അമ്മ മനസ്സിൽ തിളക്കുന്ന
നൊമ്പരമാവികൾ കണ്ണീർ കഴങ്ങളാവുന്നത് നിങ്ങൾ കണ്ടില്ലേ
ഉപ്പയുടെ ഉള്ളനാഴങ്ങളിൽ
സങ്കടകടലിരമ്പുന്നത് നിങ്ങൾ കേട്ടില്ലേ ?
വെന്ത് പോയ മനസ്സുകൾ പാതി ജീവനോടെ
പിടഞ്ഞ് നില വിളിക്കുന്നത് നിങ്ങൾ കേട്ടില്ലേ
ഈ ദേഹ വിയോഗം
മരത്തിന്റെ കൂമ്പ് നുള്ളപ്പെട്ടിരിക്കുന്നു.
ഇറച്ചിക്ക് ആഴത്തിൽ മുറിവേറ്റിരിക്കുന്നു.
കണ്ണുകൾ തുറക്കപ്പെട്ടിരിക്കുന്നു.
നെട്ടോട്ടങ്ങൾ കഫൻ പുടവയെ കിനാവ് കണ്ടിരിക്കുന്നു.
മതി എനിക്കും ഇനി മരിക്കണം
മതി എനിക്കും ഇനി മരിക്കണം
മതി എനിക്കും .......................................