Monday, January 12, 2015

നമ്മുടെ വീടുകളിലെ പ്രായം ചെന്നവരുടെ മനസ്സ് വായിക്കാൻ പലപ്പോഴും നമുക്ക് കഴിയാതെ പോകാറുണ്ട്.
അവർ വെള്ള പുതച്ചു കിടക്കുമ്പോഴാണ് ഒരു ബോധോദയം കടന്നു_ വരിക. ഏക്കാലെത്തേക്കും ഒരു നീറ്റൽ കോരിയിട്ട് അവർ യാത്രയാകും.

ആ ഉമ്മയുടെ അവസാനകാലം അവശതയിലാണ്. 
പരമ സഹായം കൂടാതെ നടക്കാനാവില്ലയെങ്കിലും വളരെ പ്രയാസപ്പെട്ട് ആ വീടിനകത്ത് മെല്ലെ മെല്ലെ നടക്കും.
പിന്നെ പൂമുഖത്ത് ചാരു കസേരയിൽ വന്നിരിക്കും.
തന്റെ മകന് വേണ്ടി പണിയുന്ന
പുതിയ വീടിനെ വിദൂരതയിൽ നിന്നും നോക്കി കാണും.
ആരോടൊന്നില്ലാതെ ആ ഉമ്മ പുലമ്പുന്നത് കേൾക്കും.
ആ വീടൊന്നു കാണണം അതിനകത്ത് ഒന്ന് കയറി നോക്കണം
എന്റെ ഈ വിരലുകൾ കൊണ്ട് ആ ചുമരുകളിൽ സ്പർശിക്കണം
മക്കളെ എന്നെ ഒന്ന് ആ വീട് കാണിക്കൂ.......................

താങ്ങി പിടിച്ചു കൊണ്ട് പോകാനുള്ള ബുദ്ധിമുട്ട് ഉമ്മയുടെ വാക്കുകളെ കേട്ടില്ലെന്ന് നടിക്കും.
വളരെ പ്രയാസപ്പെട്ട് ആ ഉമ്മ നാളെയും പൂ മുഖത്തിരിക്കും
ഇതേ ആവശ്യം ഉന്നയിച്ചു കൊണ്ടിരിക്കും
പലരും കേട്ടില്ലെന്ന് നടിക്കും.....................
ഉമ്മ വീണ്ടും അവശതയിലേക്ക്
തളർന്നു കിടപ്പിലാകുന്നു
തൊട്ടരികിലെ ജനവാതിൽ വഴി മകനുയരുന്ന വീടിനെ ഏന്തി വലിഞ്ഞു നോക്കി കാണും.ആരോടൊന്നില്ലാതെ
ആ ഉമ്മ പുലമ്പുന്നത് കേൾക്കും
ആ വീടൊന്നു കാണണം
അതിനകത്ത് ഒന്ന് കയറി നോക്കണം
ഈ കാൽപാദം ഒന്ന് പതിക്കണം
എടുത്തു കൊണ്ട് പോകാനുള്ള ബുദ്ധിമുട്ട്
കേട്ടില്ലെന്ന് നടിക്കും......................
ഉമ്മ വീണ്ടും അവശതയിലേക്ക്
കണ്ണുകൾ മാത്രം ചലിക്കും.
ജനവാതിലിലേക്ക് ഉമ്മ ഇടക്ക് ഇടക്ക് നോക്കും
പിന്നെ ആ അധരങ്ങൾ ചലിക്കും
എന്റെ മകനുള്ള പുതിയ വീട് ഒന്ന് കാണണം.
ഒരു നിമിഷം അവിടെ ചിലവയിക്കണം.
പേരമക്കളും, മകനും ജീവിക്കുന്ന ചിത്രങ്ങളെ ആവാഹിക്കണം.
കാലങ്ങളുടെ ഭാവനയിലൂടെ ഈ മനസ്സിനെ ഓടിക്കണം.
എന്റെ മകനെ ഒന്ന് കൊണ്ട് പോകൂ
പുതിയ വീട് ഒന്ന് കാണണം
താങ്ങി എടുത്തു കൊണ്ട് പോകാനുള്ള ബുദ്ധിമുട്ട്
ചെവികളെ അടച്ചു കളയുന്നു.
ഉമ്മ വീണ്ടും അവശതയിലേക്ക്
സംസാരം നിലച്ചിരിക്കുന്നു.
കണ്ണുകൾ അടഞ്ഞിരിക്കുന്നു.
ഉമ്മയെ മരണം കവർന്നിരിക്കുന്നു.
ഒന്ന് ബാക്കി വെച്ച് ആ ഉമ്മ യാത്രയാകുമ്പോൾ
പ്രായം ചെന്നവരെ നിങ്ങൾ മാനിക്കാതെ പോകരുത്.
അവരുടെ വാക്കുകളെ ഗൗനിക്കാതെ പോകരുത്.
ഒരു വേദന ബാക്കി വെച്ച് ആരെയും നിങ്ങൾ യാത്രയാക്കരുത്

3 comments: