Thursday, October 10, 2013




മടക്കം

...................

എന്റെ വരവ് 
അറിഞ്ഞ വസന്തം 
പൂക്കൾ തുന്നുകയാണ്

നാളെ 
സന്തോഷാധിഖ്യത്താൽ 
കണ്ണുകൾ നനഞ്ഞ് 
ഉമ്മയുടെയും ഉപ്പയുടെയും 
കരവലയത്തിലണയും ... 

അതുകണ്ട് 
മുറ്റമതിരിട്ട ചെടികളിലെ 
പൂക്കെളെല്ലാം ഞങ്ങളെ 
നോക്കി പുഞ്ചിരിക്കും. 

പക്ഷികളുടെ പാട്ട് 
കവർന്നൊരു കാറ്റ് 
സംഗീതം കൊണ്ട് 
ഞങ്ങളെ മൂടി പൊതിയും 

ഞാന്‍ നട്ടുനനച്ചു വളർത്തിയ 
പേരക്കാമരം എന്‍റെ വരവറിയും. 
ആരും കാണാതെ 
ഇലകള്‍കിടയിലെനിക്കായ് 
കരുതി വെച്ച ഒരു പേരക്കാപഴം 
ഇളം തെന്നല്‍ എനിക്ക് കാണിച്ചു തരും.

ഒരു ചെറുകോലെടുത്തു 
കൊളുത്തി വലിക്കവെ, 
ഉമ്മ പറയുന്നത് ഞാന്‍ കേള്‍ക്കും 
'ഇത്രയും കാലം ഞങ്ങളാരും അത് കണ്ടില്ലല്ലോ' ..

പിന്നെ കണ്ണുകൾ 
വേലിക്കപ്പുറം അയൽ വീട്ടിലേക്കോടും ! 
ചാട്ടുളി കണ്ണുകൾ 
എന്നെ തിരയുന്നത് കാണും.
വേലിപ്പടർപ്പിലെ 
കാട്ടു മുല്ലയോടു കിന്നരിച്ച് ഞാൻ...!

നാണത്തിൽ ചുവന്ന് തുടുത്ത
മുഖം മെല്ലെ ഉയർത്തും
ഉതിർന്നു വീഴാൻ വെമ്പുന്ന 
കണ്ണീർ മുത്തുകളെ 
ഒപ്പിയെടുക്കും.

ഒരു തോർത്തെടുത്ത് 
തലയിൽ വട്ട കെട്ട് കെട്ടും 
ഒരു മണ്‍വെട്ടിയെടുത്തു 
അലക്കു കല്ലിനു സമീപം 
കുതിർന്ന മണ്ണിൽ കൊത്തി-
മണ്ണിരയെ തേടും .
അപ്പോള്‍ ഉപ്പ പറയുന്നത് ഞാന്‍ കേള്‍ക്കും 
"ആ മണ്‍വെട്ടി കാലില്‍ തട്ടണ്ടാന്നു"...

വയൽ വരമ്പിലൂടെ നടന്ന്
മഴയുടെ ചെരിഞ്ഞാട്ടം കണ്ട്‌
മനം കുളിർത്ത്‌
പാതിനനഞ്ഞ്‌ വീടണയുമ്പോൾ 
പരിഭവത്തിൽ സ്നേഹം ചാലിച്ച്‌
ഉമ്മ ഇങ്ങനെ പറയുന്നത്‌ ഞാൻ കേൾക്കും.
"ഇങ്ങനെ മഴനനഞ്ഞു നടന്നാൽ പനിപിടിക്കില്ല്യ കുട്ട്യേ...."

പിന്നെ ഇല്ലിവേലി അതിരിട്ട 
ഇടവഴിയിലൂടെ പുഴയിലേക്ക് നടക്കും.
പക്ഷേ... 
പുഴ അവിടെയുണ്ടാവുമോ 
എന്നത് മാത്രമാണെന്റെ 
വേവലാതി. 

Monday, October 7, 2013

ഒരാശയം മുളപൊട്ടിയാൽ മനസ്സ്‌ പെരുമ്പറകൊട്ടും വാക്കുകൾ തിങ്ങി - ഹൃദയം വിങ്ങും.
പിന്നെ തൂലികയിലൂടെ അക്ഷരങ്ങളൊഴുകും വെളുത്ത താളിലവ - അച്ചടക്കമില്ലാത്ത വാക്കുകളായ്‌ നിറയും.
ഗദ്യമോ, പദ്യമോ - യെന്നറിയാനാവാത്തവിധം വക്കുകൾ കലഹിച്ച്‌ , താളിന്റെ അവസാന വരിവരേ അണിനിരക്കും.
തുടർന്നാൺ യുദ്ധം തുടങ്ങുന്നത്‌...!! തൂലിക പടവാളായ്‌ തലങ്ങും വിലങ്ങും വെട്ടും. വരികൾക്കിടയിലൊളിച്ച വാക്കുകളെ തിരഞ്ഞ്‌ പിടിച്ച്‌ കുത്തും.
വെളുത്ത താൾ ചോര ചിതറി ചുവന്നൊരു പടർക്കളമാവും. മുറിവേറ്റ്‌ വീണ വാക്കുകളുടെ നിലവിളിയുയരും.
അവസാനം ചോര - പടർന്ന് കുതിർന്ന താൾ നടുകെ രണ്ടായി പിളരും. പിന്നെ നാലാവും, എട്ടാവും..... അതിൽ നിന്നും വെട്ടി വീഴ്ത്തിയ ആശയത്തിൻ കരളെടുത്ത്‌ ചവക്കും. ചുടുചോരയുടെ രുചിയറിയും.
അപ്പോഴും കൈവെള്ളയിലെ പിളർന്ന താളിന്റെ കഷ്ണങ്ങളിലൊന്നിൽ കവിതയുടെ ഹൃദയം കിടന്ന് തുള്ളുന്നുണ്ടാവും.
ശേഷം... ! ചവറുകൊട്ടയിലേക്ക്‌ നീട്ടി ഒരേറാൺ. കൂടെ കാർക്കിച്ചൊരു തുപ്പലും. അപ്പോഴാൺ മനസ്സ്‌ ഒന്ന് ശാന്തമാവുക.

Friday, October 4, 2013




അയാളുടെ വാക്കുകൾ 

.................................................
മുക്രയിട്ട് വിദൂരതയിലേക്ക് കുതിക്കാനെന്നവണ്ണം വിഗ്രതയോടെ കാത്തു കിടന്ന ആ ബസ്സിനകത്ത് ഞാനിരിക്കുമ്പോൾ ഒരു ആലസ്യം എന്നെ പിടികൂടിയിരുന്നു

കൊഴിഞ്ഞു വീണ സ്വപ്നങ്ങളുടെ ശവപ്പെട്ടികൾ കാറ്റ് നെറിയിട്ട മണൽ കൂനകൾക്ക് ഭക്ഷണമാകുമ്പോൾ അമ്പരപ്പോടെ മുഖത്തോട് മുഖം നോക്കിയിരിക്കുന്ന മിസാൻ കല്ലിനെ പോലെയായിരുന്നു ഞാനപ്പോൾ 

ഓർമകളെ മേയാൻ വിട്ട് പതിയെ പതിയെ നിദ്രയുടെ മാറിലേക്ക് ഒളിക്കണ്ണിട്ട് പതുങ്ങി പോകുമ്പോൾ, എവിടെ നിന്നോ ഉപ്പ് രസത്തോടൊപ്പം മിശ്രിതം ചേർന്ന് പുളിച്ച പൊറോട്ട മാവിന്റെ ഗന്ധം ബസ്സിനകത്ത് കലരുന്നത് ഞാൻ അറിഞ്ഞു കൊണ്ടിരിന്നു ,

പോകെ പോകെ അസ്സഹ്യമായ ഗന്ധം എനിക്ക് ചുറ്റും മാത്രം മൂളി നടക്കുന്നതായി അനുഭവപ്പെട്ടപ്പോൾ ഞാൻ മെല്ലെ പരിസരം വീക്ഷിച്ചു. നിരാശയോടെ പിൻ വാങ്ങാൻ ഒരുങ്ങിയപ്പോഴാണ്‌ തൊട്ടരികിലിരിക്കുന്നയാളുടെ മുകളിൽ എന്റെ കണ്ണുകൾ പതിഞ്ഞത് തെല്ല് അമ്പരപ്പോടെയാണ് അടി മുടി ഞാനയാളെ വീക്ഷിച്ചത്. 

എന്തൊക്കയോ കോറി വലിഞ്ഞ് പാടുകൾ വീണ നഖങ്ങൾ, കരുവാളിച്ച മുഖം, പച്ചപ്പായൽപിടിച്ച ചെരിപ്പുകൾ, വിള്ളൽ വീണ്പ്പൊട്ടിയ ഉപ്പൂറ്റികൾ, പാറിപറന്ന മുടി , ചെളിനിറഞ്ഞ ഹീനമായി കിടക്കുന്ന ചെവിയുടെ ഉൾവശം. അയാളുടെ വിയർപ്പിന് പോലും ഒരു അടുക്കളയുടെ മണം .

രണ്ടു പതിറ്റാണ്ട് കാലമായിട്ട് ആ ശരീരം ഒരു ഹോട്ടൽ 
അടുക്കളയെ ആവാഹിക്കുകയാണ്. 
ഒരേ മുതലാളി,ഒരേയിടം,ഒരേ അടുപ്പ്,ഒരേ പാത്രങ്ങൾ, ഒരേ വാതിലുകൾ,ഒരേ കട്ടിൽ, ഒരേ മുറി,ഒരേ വേതനം,ഒന്നിനും മാറ്റങ്ങളില്ലാതെ ...............

ചുളിവുകൾ വീണ ആ ശരീരം ആ കഥ എന്നോട് പറഞ്ഞു തുടങ്ങി,

പുറത്തുള്ള വെളിച്ചം പോലും അരോചകമായി എനിക്ക് അനുഭവപ്പെട്ട് തുടങ്ങിയത് ഞാനറിയാതെയായിരുന്നു. ജോലി കഴിഞ്ഞാൽ മൂടി പുതച്ച് കിടക്കാനാണ് എനിക്കേറെയിഷ്ട്ടം. 
ഒരു ദിവസം പോലും ഒഴിവില്ലാത്ത ജോലി അത് കൊണ്ട് തന്നെ മനസ്സ് മുരടിച്ചു പോയ ഒരു ജന്മമാണ് എന്റെത് 

ആ കണ്ണുകൾ പുറത്തുനിന്നും ഇരച്ചുകയറുന്ന വെട്ടത്തിൽ മുഴുവനും തുറക്കാനാവാതെ പ്രയാസപ്പെടുന്നതായി എനിക്ക് തോന്നി .ഇടക്ക് ഇടക്ക്കണ്ണടയൂരി കണ്ണുകൾ തുടച്ച് അദ്ദേഹം വിണ്ടും പറയാൻ തുടങ്ങി.
അന്നേരം ഈന്തപ്പനയോലകളെയും,റോഡിനു ഇരുവശങ്ങളിലും കത്രിച്ചു അലങ്കരിച്ച് നിറുത്തിയ ചെടികളെയും പിന്നോട്ട് പിന്നോട്ട് പായിച്ചു കൊണ്ട് ബസ്സ്‌ മുന്നോട്ട് മുന്നോട്ട് കുതിച്ചു കൊണ്ടിരിന്നു .....

ഒരു ഇടവേളക്ക് ശേഷം അയാൾ എന്നോട് ചോദിച്ചു നിന്റെ പേരന്താണ്? ഒട്ടും മടിക്കാതെ ഞാൻ എന്റെ പേര് പറഞ്ഞു. പിന്നെ പിന്നെ എന്റെ പേര് വിളിച്ചു കൊണ്ടായിരുന്നു അയാൾ പറഞ്ഞു തുടങ്ങി 

എടാ മുസ്തു ഞാൻ 
ചൂഷണത്തിനു ഇരയായിട്ടുണ്ട് എനിക്കറിയാമത്. മനുഷ്യാവകാശ ലംഘനത്തിന്റെ ജീവിക്കുന്ന ഉദാഹരണമാണ്ഞാൻ എനിക്കൊട്ടും വിഷമമില്ല ,നമ്മൾ എത്ര നിസ്സാരമാണ് .
ഒരു ഉന്നക്കുരുവിന്റെ ശക്തിപോലും നമ്മുക്ക് ഇല്ല.
നീ ശ്രദ്ധിച്ചിട്ടുണ്ടോ ? നിനക്കറിയുമോ ഉന്നക്കുരുവിൽ നിന്നും മുള പ്പൊട്ടി വരുന്ന വേരുകൾ എത്ര ദുർഭലമാണ് നമ്മുടെ നഖം തട്ടിയാൽ ഉടഞ്ഞു പോകുന്ന ആ വേരുകൾ ഭുമിയെ തുളച്ച് ആഴ്ന്നിറങ്ങി പോകുന്നത് നീ കണ്ടിട്ടില്ലേ ? എന്നാൽ നിനക്കാകുമോ നിന്റെ ചൂണ്ട വിരലിനെ ഒന്ന് ഭൂമിയിലേക്ക് തുളച്ച് കയറ്റാൻ ഒരിക്കലുമാവില്ല ,ശ്രമം പരാജയമാകും അസ്സഹ്യമായ വേദനയും നിനക്ക് അനുഭവപ്പെടും...
മനുഷ്യൻ ഉന്നക്കുരുവിന്നു മുന്നിൽ തോൽക്കുന്നു ..

ഇത്രയും പറഞ്ഞ് അയാൾ ഒന്ന് നിറുത്തി. 
പിന്നെ അയാൾ എന്നെ നോക്കി. അപ്പോൾ ആ കണ്ണുകളിൽ നിന്നും ഒരു പ്രകാശം എന്നിലേക്ക് കുടിയേറിയത് പോലെ. അയാൾ കണ്ണടയൂരി തുടച്ച്കൊണ്ട് വീണ്ടും തിരികെ മൂക്കിനുമുകളിൽ തിരികി വെച്ചു .അപ്പോൾ ബസ്സ്‌ ഒരു അരുവിക്ക്‌ മുകളിലൂടെ കടന്ന് പോകുന്നൊരു ചെറിയ പാലം കടക്കുകയായിരുന്നു,
നിയന്ത്രണം വിട്ട് പാഞ്ഞുവന്നൊരു കാറ്റ് ബസ്സിനകത്ത് വന്നുകൂടി കൂട് കൂട്ടുന്നത് ഞാൻ അറിഞ്ഞിരിന്നു അന്നേരം ..

അദ്ദേഹം വീണ്ടും പറഞ്ഞു തുടങ്ങി 

Tuesday, October 1, 2013



അയാൾ 

....................

അന്ന് അയാളുടെ ആഡംബര ജീവിതം കണ്ട് പലപ്പോഴും ഞാൻ കൊതിച്ചു പോയിട്ടുണ്ട് . വിലപിടിപ്പുള്ള കാറുകൾ നിരന്ന അയാളുടെ വീട്ടു മുറ്റത്തിൽ നിന്നാണ് കാൽപന്തുകളും, പുള്ളിബലൂണുകളും,ഇലക്ട്രോണിക്ക്കളിപ്പാട്ടങ്ങളും ഞാനാദ്യമായി കാണുന്നത്.വീടിനു ചുറ്റു വലയം ചെയ്തു കിടക്കുന്ന വൻമതിലിൽ ഏന്തി വലിഞ്ഞു അയാളുടെയും, മക്കളുടെയും, പേരമക്കളുടെയും കളികൾ കാണുന്നേരം വല്ലപ്പോഴും എന്‍റെ കൊച്ചു കൂരയുടെ ഭാഗത്തേക്ക് തെറിച്ചു വീഴുന്ന പന്തുകൾ ആവേശത്തോടെ ഞാനെടുത്തു കൊടുക്കുമ്പോൾ ഒന്നും തന്നെ അവരാരും ചോദിച്ചിരുന്നില്ല കു‌ടെ കളിക്കണമോ ? എന്ന്

ഒരു ഇടവേളക്ക് ശേഷം
ഞാൻ ഇന്നലെ അയാളെ വീട്ടിൽ പോയി കണ്ടു.
വളരെ സന്തോഷത്തോടെ ഓടി ചാടി നടന്നിരുന്നയാൾ
ഒരു മൂകതയിലേക്ക് വീണ് പോയിരിക്കുന്നു.
അയാളുടെ സകല ചലനങ്ങളിലും
ഒരു തരം അസ്വസ്ഥത നിഴലിച്ചു കാണുന്നു ,
സമൂഹത്തിൽ നിന്നും അനർഹമായി ധനസമ്പാദനം നടത്തി ജീവിച്ചതിന്‍റെ കുറ്റബോധം ആ മുഖത്ത് പാടുകൾ വരച്ചിരിക്കുന്നു,
ചെയ്തു പോയ തെറ്റുകൾ വേണ്ടായിരുന്നുവെന്നയാളുടെ ഉള്ളിൽ തുടികൊട്ടുന്നുണ്ടെന്നെന്നോട് കരഞ്ഞു പറഞ്ഞയാൾ ഒരു കൊച്ചു കുട്ടിയെ പോലെ നിരങ്ങി നിരങ്ങി ആ കട്ടിലിൽ ചുരുണ്ട് കൂടി കിടന്നു ...........................