Sunday, March 23, 2014

കാഴ്ച്ച 
....................
ഉപ്പയുടെ ഉത്തരവാദിത്വമില്ലാത്ത പോക്ക് കണ്ട് 
ഉമ്മയുടെ മനസ്സ് പിടഞ്ഞു കണ്ണീരിൽ കുതിർന്ന ആ കാലം 
ഞങ്ങളെപ്പോഴും തറവാട്ടിൽ ഒറ്റപ്പെടാറാണ് പതിവ് 

അലക്കലും,അടിക്കലും,തുടക്കലും,
കറ്റകെട്ടുകാർക്കു ഭഷണം ഒരുക്കലും
നെല്ല് പിഴുങ്ങലും,അത് ചിക്കലും
ശേഷം ഉണങ്ങി അറയിൽ നിറച്ച് കയ്യുമ്പോഴേക്കും
നേരം ഇരുട്ടി തുടങ്ങും

പിന്നെ കുളിക്കാനായി തറവാട്ട് വക കുളത്തിലെത്തും
പലരും കുളിച്ചു കലക്കി കളഞ്ഞ കുളത്തിലെ
വെള്ളത്തിനപ്പോൾ ഒരു പച്ച മണമായിരിക്കും

കയ്യിൽ കരുതിയ കുപ്പിയിലേക്ക് കുളപ്പടവുകളിൽ നീന്തി തുടിക്കുന്ന തവളപൂട്ടകളെ നിറക്കുമ്പോൾ
ഉമ്മയുടെ മേനിയിൽ നിന്നും അടുക്കളയിലെ അട്ടകരികൾ കുളത്തിൽ കലരുന്നത് ഞാൻ നോക്കി നിൽക്കും

തിരികെ ഈറനണിഞ്ഞ തുണികളോടെ ഉമ്മ പടിപ്പുര കടക്കുമ്പോൾ ഒരു കട്ടൻ ചായ നീട്ടി ചോദിച്ചു കൊണ്ട്
ഉമ്മറ പടിയിൽ മൂപ്പരുണ്ടാകും ബീഡി പുകച്ച്
ഒരു കൂസലുമില്ലതെ
അതിരാവിലെ 
.............................

ഉറക്കിനുമുകളിൽ 
മോഹവലയങ്ങൾ 
കത്തി വെക്കുന്നു. 

ഉറക്കച്ചവടും,മൗനിയും 
ബലപ്രയോഗം നടത്തുന്നു. 

ആത്മാവ് നിശ്ചലതയിൽ
അല്പ നേരം നീരാടുന്നു.

മൂകതകൾ ഗുഹാ മുഖങ്ങളിൽ
ന്രിർത്തമാടുന്നു.

ആലോചനകൾ മുറിപ്പാടുകളിൽ
ഉറ്റിയുറ്റി വീഴുന്നു.

ചുട് നിശ്വാസങ്ങൾ
പിടഞ്ഞു പിടഞ്ഞു വീഴുന്നു.

ആൾമറയില്ലാത്ത പൊട്ടക്കിണറിലെ
പിടിവള്ളിയുടെ കടിഞ്ഞാണ്‍ പൈശാചിക
ശക്തികൾക്ക് പണയം വെച്ചിരിക്കുന്നു

Thursday, March 13, 2014

ഒരു വെപ്രാളം 
..........................................................
കന്നിയാത്ര നടത്തുന്ന
വിമാനത്തിലെ യാത്രക്കാരിൽ ഒരാളായിരുന്നു അയാൾ 
നിലാ വെളിച്ചത്തിൽ കുതിർന്ന മേഘപാളികളെ കീറി മുറിച്ച് 
പേടകം കുതിക്കവെ_ 
ഒരു ചിന്ത അയാളെ ഗ്രസിച്ചു തുടങ്ങി. പിന്നെ എത്ര ശാന്തതയെ ആവാഹിച്ചിട്ടും,കൂട്ടിയിട്ടും, കിഴിച്ചിട്ടും എത്തും പിടിയും കിട്ടാത്ത ഒരു വെപ്രാളം 
ഈ വിമാനത്തിലെ ഇന്ധനം തീർന്നു പോകുമോ? 
പുതിയ വിമാനമല്ലേ ഇന്ധനം അടികുമ്പോൾ
എണ്ണ സൂചി വെറുതെ അങ്ങ് പൊങ്ങി കാണുമോ?
അത് കണ്ടു ഇന്ധനം നിറഞ്ഞു എന്ന ധാരണയിൽ
അടിക്കുന്നവൻ നിറുത്തി കാണുമോ ?
അല്ലങ്കിൽ ഇതിലെ പൈലറ്റ് മാർ ഒപ്പം മരിക്കുമോ ?
അങ്ങിനെ മരിച്ചാൽ പിന്നെയെന്താകും ?
അല്ലങ്കിൽ ഇതിനകത്ത് ഒക്സിജൻ നിലച്ചാലോ
ചിന്തകളായ ചിന്തകളെല്ലാം സട കുടഞ്ഞു ആടാൻ തുടങ്ങി
താമസിച്ചില്ല.ഒരു ആർത്തട്ടഹാസം.ചെവികളിൽ അലർച്ച. ഒടുവിൽ പെടുന്നനെ ഒരു നിശ്ചലത. ചിന്തകളുടെ ചൂട് വിടവാങ്ങി മഞ്ഞു പാളികളുടെ തണ്പ്പിലേക്ക് താണു താണു വീണു. ഈശരസ്തോത്രം ഉരുവിട്ട് അയാളുടെ മുകളിൽ വെള്ള വീണു

Sunday, March 9, 2014





സ്വന്തമായൊരു  കൂരയുണ്ടായിരുന്നെങ്കിൽ
നാട് പിടിക്കുമായിരുന്നു എന്നവൻ പറയുമ്പോൾ_ 
കെട്ടിപൊക്കിയ കൊട്ടാരത്തെയോർത്ത് ഉള്ളിൽ
ഞാൻ ഊറി ചിരിച്ചു.

പെങ്ങന്മാരുടെ  ഉത്തരവാദിത്വമില്ലായിരുന്നെങ്കിൽ
ഈ മണ്ണിൽ ഞാൻ വേരുറക്കില്ലായിരുന്നു
എന്നവൻ പറയുമ്പോൾ_ 

കെട്ടിച്ചുവിട്ട പെങ്ങന്മാരെയോർത്ത്
ഞാൻ മൗനം നടിച്ചു.

കുമിഞ്ഞു കൂടിയ കടമില്ലായിരുന്നെങ്കിൽ 
ഇങ്ങിനെ നീറി നീറി ജീവിക്കില്ലായിരുന്നു
എന്നവൻ പറയുമ്പോൾ_ 

ചേർത്ത് കൂട്ടിയ വരുമാനം മനക്കണക്കിൽ  
തിട്ടപെടുത്തി ഞാൻ ഉൾവലിഞ്ഞു

ഇതല്ലാമുണ്ടായിട്ടും  എന്റെ പ്രിയപ്പെട്ട കൂട്ടുകാരാ
നിന്നെ പോലെയെനിക്ക്  ചിന്തിക്കാനാവാത്തതെന്താണ്..?