Sunday, June 30, 2013


തറവാട്  കൊത്തിവെച്ച
മീസാൻ  കല്ലുകൾ
..........................................

അന്ന്
അയാളും  മരിച്ചു
അവനും  മരിച്ചു

പ്രമുഖരും
പണ്ഡിതരും
നാട്ടുകാരും, പ്രാർത്ഥനകളും
അയാളുടെ  വീട്ടിലും                                                      
പരിസരങ്ങളിലും
നിറഞ്ഞു  തങ്ങിയപ്പോൾ 

മുക്രിയും, മൊല്ലയും
തൊഴിലാളികളും
അവന്‍റെ വീട്ടിൽ 
ചെന്ന്  തിരികെ  മടങ്ങി

അയാൾക്കുള്ള  പ്രാർത്ഥനയിൽ
ആയിരങ്ങൾ  നിറഞ്ഞു
കവിഞ്ഞപ്പോൾ
 അവനുള്ള  പ്രാർത്ഥനയിൽ ജനങ്ങൾ
രണ്ടു വരിയിലേക്ക്  ചുരുങ്ങി

പള്ളി മുറ്റത്തിനരികെ
അയാൾക്ക്  ആറടി  മണ്ണ്
ഒരുങ്ങിയപ്പോൾ
പള്ളി  പറമ്പിലെ ഒരു  കോണിൽ
അവനും  ആറടി  മണ്ണ്‍ഒരുങ്ങി

അയാൾ  സ്വർഗത്തിലാണെന്ന്
ആണയിട്ട് പറയുന്ന  അണികളോടു
അവന്‍റെ കാര്യം  തിരക്കിയപ്പോൾ 
ചില സൂക്തങ്ങൾ  ഉരുവിട്ടവർ
കണ്ണുകൾ മുകളിലേക്ക് ഉയർത്തി 

ഇമവെട്ടാതെ സൂക്തങ്ങൾ  ഉരുവിട്ട്
പകലിലും , നിലാവിലും
അണികൾ കബറിന് മുകളിൽ
അണി  നിരന്നാടിയപ്പോൾ

അവന്‍റെ  കബറിന്നുമുകളിൽ 
വീണ  കരിയിലകൾ
കാറ്റിൽ  തസ്ബീഹ്  ചൊല്ലി  കൊണ്ടിരുന്നു

Sunday, June 23, 2013

രാത്രിയുടെ  യാമങ്ങളിൽ ഇന്നലകളിലെ ഓർമകൾ
കണ്‍പോളകൾക്ക് മുന്നിൽ പിടഞ്ഞു  പിടഞ്ഞു  നില വിളിക്കുന്നു.
കൊഴിഞ്ഞു  വീണ  കളി ചിരികളും, അടക്കം പറഞ്ഞവകളും, അരൂപികളായി
അലഞ്ഞു  നടക്കുന്നു. വാവിട്ടു  കരയുന്ന  ഓർമകൾ
ന്‍റെ  നിശബ്ദ തയുടെ  അകലങ്ങളിൽ നരച്ച കാഴ്ചകളായി  മാറുമ്പോൾ
പായൽ  വീണ ഓർമകൾക്ക്  മുകളിൽ ഒരു  അവധി  കാലം പൊടി  തട്ടുന്നു.
ഇത്തവണ  നാട്ടിലെത്തിയ  ഞാൻ ഇന്നലകളിലെ  കാൽപാടുകൾ  തിരഞ്ഞു നടന്നു.എല്ലാം  മറഞ്ഞു  കിടക്കുന്നു  ,കാലം  അത്  മറച്ചിരിക്കുന്നു........................
എന്നാലും ...................
നമ്മുടെ  ഒക്കെ  ബാല്യവും  കൗമാരവും  അവകൾക്കിടയിലെ  ഇല്ലായ്മകളും, 
നിശ്വാസങ്ങളും , വേദനകൾക്കിടയിലെ  കൊച്ചു  കൊച്ചു  സന്തോഷങ്ങളും  സ്വപ്നങ്ങളുമൊക്കെ വീണ് ഉടഞ്ഞ  നമ്മുടെ  ഗ്രാമം
ഞാൻ പിച്ച  വെച്ച  മുറ്റം . ആദ്യാക്ഷരം  നുകർന്ന  കലാലയം.
ആരവം  ഉയർന്നു  പൊങ്ങിയ  പുഞ്ചപ്പാടങ്ങൾ ,നീന്തി തിമിർത്ത   കുളങ്ങളും, പതുങ്ങി  നിന്ന  ഇടവഴികളും ,തോട്ടിലെ പരൽ പിടുത്തവും,കൂന്താരിലെ കാള പ്പൂട്ടും ,സാഹ് യാനങ്ങളിലെ  പന്ത് കളിയും ,പിന്നെയുള്ള സ്വാറ  പറച്ചിലും  മണ്ണണ്ണ വിളക്കിന്‍റെ  വെട്ടത്തിൽ ഉള്ള  ബാലരമ  വായനയും .....
ഇവകളല്ലാം  ഇന്നും എന്‍റെ ഗ്രാമത്തിൽ   ജീവിച്ചിരിക്കുന്നു
എത്ര  എത്ര  ഓർമകൾക്കു മുകളിലാണു  നമ്മൾ  വളർന്നു പൊങ്ങിയത്


Friday, June 21, 2013

കടത്തിണ്ണ
.........................
ആകാശത്തിന്‍റെ പള്ളയിൽ ആരോ  ഒരു കത്തി  കുത്തി കയറ്റുന്നു .
ഒരു മിന്നലും  ശക്തിയായി ഇടിയുമുണ്ടായി .ഛിന്നം ഛന്നം  പെയ്തിറങ്ങിയ മഴ  പിണങ്ങിയും, ഇണങ്ങിയും  പിന്നെ   പിറു പിറുത്തും  കൊഞ്ചിയും
താമസിച്ചില്ല
മഴയുടെ ആരവം കൊഴുക്കുന്നു
നിലാവ്  മായുന്നതും ,ഇരുളുന്നതും
നോക്കി നിൽക്കവെ പ്പെട്ടെന്നു  വൈദ്യുതി ബന്ധം നിശ്ച്ചലമായി..
ആകസ്മികമായ ആ പ്രവണതയെ കടക്കാരൻ  പ്രാകി ".ഒരു മുടിഞ്ഞ മഴ "   ആ  കവലയിലെ  ഒട്ടു മിക്ക കടക്കാരും  ആ  പ്രാക്കിനെ ഏറ്റു  പറയുമ്പോൾ
മെഴുകുതിരിയുടെ  വെട്ടം    ആ കവലക്ക്‌  പുതിയ  ജീവൻ  നൽകുന്നു 

Tuesday, June 18, 2013


സിവാപ്രാ
.............................
പനക്കുരുവും
മഞ്ചാടി ക്കുരുവും
ഇല്ലാത്ത വഴികൾ .

അണ്ണാനും ,
അരണയും ,
ഓന്തും
ഇല്ലാത്ത വേലികൾ

മണ്ണിരയും ,ആമയും
ഇല്ലാത്ത
പറമ്പുകൾ

വേട്ടാളനും ,കടുന്നലും
കൂടു കൂട്ടാത്ത
ചുമരുകൾ

ച്ചക്കക്കുരു  ചുട്ടതും ,
അരി വറുത്തിട്ട  ചായയും
ഇല്ലാത്ത  സാഹ് യാനങ്ങൾ

മിന്നാമിന്നും ,
ചീവീടുകളുമില്ലാത്ത
രാത്രികൾ

തവളയും ,പാറ്റയും
ഇല്ലാത്ത മഴകൾ

ഏലിയും ,കൂറയുമില്ലാത്ത
പത്തായങ്ങൾ

പ്രക്രിതി യുടെ  താളവും മേളവും  തെറ്റി
നിരന്തരമായ  യാത്രകൾ  എന്നെയും  മാറ്റി
വിദേശ പണങ്ങൾ  ജിവിത  രീതികളെ
അട്ടി മറിച്ചു
വിചിത്രവും ,വിസ്മയകരവുമായ സംസ്കാരങ്ങൾ
പിറവി കൊണ്ടു ..

Saturday, June 15, 2013

കാരുണ്യ മില്ലായ്മായുടെ
അന്ധകാരത്തിൽ,ക്രൂരതയുടെ  നടുക്കടലിൽ ലോകം അകപ്പെട്ടപ്പോഴാണ് നൂറ്റാണ്ടുകൾക്ക് മുന്നെ പൊലിഞ്ഞ നക്ഷത്രത്തിന്റെ  വെളിച്ചവും  നമുക്ക് സൂര്യനാകുന്നത് .അവിടെയാണ് ചെറിയ തുരുത്തുകളും നമുക്ക്  വൻകരകളാകുന്നത് 

Monday, June 10, 2013



ഒറ്റയാൾ
.............................

ഒറ്റപ്പെടലിന്‍റെ  കായലോരത്ത്
ഏകാന്തതകളെ  ഇരകളാക്കി
ചൂണ്ടയെറിയുന്ന  ഇബ് ലീസുകൾക്ക്
ചാകരയുടെ  കാലം

അഴിച്ചു  വിട്ട  പഴുതുകളിലൂടെ 
നാലു ചുമരുകൾ ക്കുള്ളിലേക്ക്
നുഴഞ്ഞു  കയറുന്ന  ഇരകളിൽ
ചിലന്തികളെ പോലെ
ചാടി വീഴുന്ന  തിന്മകൾ

 മാന്യതയുടെ മൂടു പടങ്ങൾ
ഇരകളിൽ  പിടഞ്ഞു  തീരുമ്പോൾ
മനം  നൊന്ത  നന്മകൾ  കറുത്ത
പർദ്ദയണിഞ്ഞു  കടന്നു  പോകുന്നു