Monday, January 12, 2015

വേട്ടാളൻ
..................
ദിവസങ്ങളായി അപ്പൻ മലർന്ന് കിടക്കുന്നു.
അനക്കമില്ലാത്ത കിടപ്പ്. 
പിറക് വൃണങ്ങളായി പൊട്ടി ഒലിക്കുന്നു.
ജനവാതിലിൽ രണ്ട് കഷായ കുപ്പികൾ.
മരുന്നുകളുടെ ഗന്ധം പുറത്തേക്ക് കടക്കാൻ
ഒരു പഴുത് തേടുന്നു.
ഉത്തരത്തിലെ കഴുക്കോലുകളുടെ എണ്ണം
കൃത്യമായി ഇപ്പോൾ അപ്പനറിയാം.
മകനും, മരുമകളും നീല കുറിഞ്ഞി.....
ഉത്തരത്തിൽ കൂട് കൂട്ടിയ വേട്ടാളൻ_
ഇടക്ക് ഇടക്ക് വന്നു പോകുന്നു.
മരുന്ന് കുപ്പികളിലിരുന്ന് ഓർമപെടുത്തുന്നു.
പിറകെ മനസ്സ് ഓടുന്നു.
അപ്പൻ കണ്ണുകൾ ചലിപ്പിക്കുന്നു.
പാറി വന്ന് മൂക്കിൻ തുമ്പിലിരിക്കുമ്പോൾ
അപ്പൻ കൈകൾ അനക്കുന്നു.
ഇതിനിടയിൽ
അപ്പന് നേരിയ പനി വന്നു.
അതൊരു ത്രി സന്ധ്യാനേരത്തായിരുന്നു.
ശരീരം ചുട്ട് പഴുക്കാൻ തുടങ്ങി.
അതൊരു ത്രി സന്ധ്യാ നേരത്തായിരുന്നു.
രോഗം മൂർച്ഛിച്ച് തുടങ്ങി .
അതൊരു ത്രിസന്ധ്യാ നേരത്തായിരുന്നു.
അപ്പന് കഞ്ഞി വേണമോ എന്ന് ചോദിച്ചു.
വേണമെന്ന് മെല്ലെ തലയാട്ടി.
താങ്ങി ചുമലിൽ കിടത്തി കഞ്ഞി കൊടുത്തു.
അന്നേരം അപ്പന്റെ ഇരു കണ്ണിൽ നിന്നും കണ്ണീർ തുള്ളികൾ കവിളിലൂടെ താഴേക്ക് ഒലിച്ചിറങ്ങി.
അതൊരു ത്രിസന്ധ്യാ നേരത്തായിരുന്നു.
അപ്പൻ ശ്വാസം ആഞ്ഞ് ആഞ്ഞ് വലിക്കാൻ തുടങ്ങി.
അതൊരു ത്രിസന്ധ്യാ നേരത്തായിരുന്നു.
ബന്ധക്കാരിൽ ചിലർ ഉറക്കമിളയ്ക്കാൻ
തറവാട്ടിലേക്ക് വന്നു തുടങ്ങി.
അതൊരു ത്രിസന്ധ്യാ നേരത്തായിരുന്നു.
അപ്പൻ എല്ലാവരെയും ഒന്ന് തുറിച്ചു നോക്കി.
അവസാനം ആ കണ്ണുകൾ_
ഉത്തരത്തിലെ വേട്ടാള കൂടിനു മുകളിൽ തറച്ചു നിന്നു.
അപ്പന്റെ ശ്വാസോഛാസ്വം നിലച്ചു.
അതും ഒരു ത്രിസന്ധ്യാ നേരത്തായിരുന്നു .
ഓരോർത്തരും സ്വന്തം വിചാരങ്ങളുമായി ഉമ്മറത്ത്‌ നിശബ്ദമായിരുന്നു.
മനസാക്ഷി വരിഞ്ഞു മുറുകി.
കുറ്റബോധം ആളി തുടങ്ങി.
സ്വപ്നങ്ങളല്ലാം തകർന്നു ജീവിക്കുന്ന ഒരു ശവം പോലെ
അപ്പന്റെ മൃതശരീരത്തിനടുത്തേക്ക്‌ വേച്ചു വേച്ചു അവൻ നടന്നു.
മനസ്സ് കൊണ്ട് അന്ത്യാപചാരങ്ങളർപ്പിച്ച്‌ വീട്ടിൽ നിന്നും ഇറങ്ങി നടന്നു.
ലക്ഷ്യം കാണാത്ത ഒരു യാത്രയിലേക്ക്...........................
അന്നേരം വേട്ടാളൻ അപ്പന്റെ നെറ്റി തടത്തിൽ ചുംബനം നൽകി
മറ്റൊരു ഉത്തര കഴുക്കോലും തേടി പറന്നു

2 comments: