Monday, December 30, 2013

ഇങ്ങിനെയും ഒന്ന് 

.....................................

അബുദാബി നഗരത്തിലെ
സിഗ്നലുകൾക്ക് മുന്നിൽ എന്റെ വാഹനം നിൽക്കുമ്പോൾ
വലതു ഭാഗത്തേക്കും,ഇടതുഭാഗത്തേക്കും വെറുതെ ഒന്ന് കണ്ണോടിക്കും.

അടുത്ത സിഗ്നൽ ഓപ്പണാകുന്നത് വരെയുള്ള ഈ ഇടവേളകളിൽ കോട്ടുവായകളും,ദീർഘനിശ്വാസങ്ങളും, ഒരു മുന്നറിയിപ്പുമില്ലതെ ഓരോ ഡ്രൈവർമാരിൽ നിന്നും യാത്രക്കാരിൽ നിന്നും പുറത്തു ചാടുന്നതും ഞാൻ കാണും. 

അതിലൊന്നും എനിക്ക് പരാതിയില്ല പരിഭവവുമില്ലാ അത് സ്വാഭാവികം. പക്ഷെ ഒട്ടു മിക്ക ഡ്രൈവർമാരും ഈ സിഗ്നൽ കാത്തുള്ള ഇടവേളകളിൽ മൂക്കിൽ കയ്യിട്ട് എന്തോ തേടുന്നത് കാണാം .

പരിസരം ശ്രദ്ധിക്കാതെ അറപ്പ് ഉളവാക്കുന്ന ഈ പ്രവർത്തനം അവർ തുടർന്ന് കൊണ്ടിരിക്കും. ഇടക്ക് ചൂണ്ടയിൽ കുടുങ്ങിയ മീനിനെ വലിക്കുന്ന ലാഘവത്തോടെ കൈയ്യിൽ എന്തോ കിട്ടിയിട്ടെന്നവണ്ണം പുറത്തേക്ക് വലിക്കും.

പിന്നെ അതിലേക്ക് ഉറ്റ് നോക്കും,ചിലരതൊന്നു വാസനിച്ചു നോക്കും.എന്നിട്ടും തൃപ്തി വരാത്തവരായിട്ട് ചൂണ്ടാണി വിരലിന്നും തള്ള വിരലിന്നും ഇടയിലിട്ട് ഉരുട്ടും.

ഉരുട്ടാൻ പറ്റാത്ത ദ്രാവകം പോലുള്ളവയെ സൈഡ് ഗ്ലാസിനു മുകളിൽ തേച്ചു പിടിപ്പിക്കും. ഇത്രയും കഴിഞ്ഞിട്ടാകും പുറത്തേക്ക് ഒന്ന് നോക്കുക.ആരെങ്കിലും കാണുന്നുണ്ടോ ?

കണ്ണുകൾ തമ്മിൽ ഉടക്കി നിൽക്കും.ഒരു ച്ചമ്മലോടെ മുഖംതാഴ്ത്തും.
അപ്പോഴേക്കും സിഗ്നൽ പച്ച കത്തിക്കാണും

ഇവിടെ എല്ലാ മലയാളി ഡ്രൈവർമാരോടും ഒന്ന് പറയട്ടെ
ഇത്തരം വ്രവർത്തങ്ങൾ നമ്മൾ ഒഴിവാക്കുക

ദിവസം ചുരുങ്ങിയത് അഞ്ചു നേരമെങ്കിലും മൂക്ക് കഴുകി വൃത്തിയാക്കുന്നത് കൊണ്ട് പല നേട്ടങ്ങളുമുണ്ടെന്നു ഇന്ന് ആധുനിക ശാസ്ത്രം പറയുമ്പോൾ
ദിവസം അഞ്ചു നേരമുള്ള മുസ്ലിങ്ങളുടെ നിസ്കാരത്തിനു മുന്നേ മുഖവും, മൂക്കും, കൈകാലുകളും കഴുകുന്ന ഒരു പ്രക്രിയയുണ്ട്

ഇത് ബാഹ്യമായ വീക്ഷണത്തിൽ ശുദ്ധികരണമാണ്, ശാസ്ത്ര വീക്ഷണത്തിൽ ഉന്മേഷമാണ് മനശാസ്ത്ര വീക്ഷണത്തിൽ ഒരു തെയ്യാറെടുപ്പുമാണ്
പൂച്ച 
...............................
അബുദാബി നഗരത്തിലെ പ്രസിദ്ധമായ ഹോട്ടൽ
ഞാനും,മുതലാളിയും ഓർഡർ കൊടുത്ത ഭക്ഷണത്തിനായി ക്ഷമയോടെ കാത്തിരിക്കുന്നതിന്നിടക്ക് ഞാനൊന്ന് മൂത്രമൊഴിച്ചു വരാമെന്ന് പറഞ്ഞ് ബാത്ത്റൂമിലേക്ക് നടന്നു..

പരവതാനി വിരിച്ച ആ അകത്തളത്തിലെ പ്രൗഡിത്വം തുളുമ്പുന്ന ചാരുകസേരകളിലിരിക്കുന്നവർ പരസ്പരം മത്സരിച്ചു ഒച്ചപ്പാടുണ്ടാകുന്നതിന്റെ നേരിയ മുഴക്കം അവിടെ ഉയർന്നു പൊങ്ങുന്ന പാശ്ച്യാത്യ സംഗീതത്തിന്റെ കു‌ടെ അലിഞ്ഞ് ചേരുന്നത് ഞാനറിഞ്ഞു കൊണ്ടിരുന്നു.

ചെല്ലുമ്പോൾ ആരോ ബാത്ത് റൂമിലുണ്ട്.ഏകദേശം ഒരു നാല് മിനുറ്റിനു ശേഷം അയാൾപുറത്തേക്ക് വന്നു.സാമാന്യം നല്ല ഉയരം,സുന്ദരൻ ,സുമുഖൻ, കോട്ടുധാരിയും

ഇനി എന്റെ ഊഴമാണ്. മൂത്ര കടച്ചിലിന്റെ ചെറിയ അസുഖമുള്ളത് കൊണ്ട് തെന്നെ മുന്നേ ഇറങ്ങിപോയ കോട്ടുധാരി വൃത്തിഹീനമാക്കിയ ആ ബാത്ത് റൂമിൽ മൂക്ക് പൊത്തി കൊണ്ട് ഞാൻ മൂത്രമൊഴിച്ചു കൊണ്ടിരിക്കുമ്പോൾ

പുറത്തു നിന്ന് കതകിനുമുട്ടി എന്റെ മുതലാളി വിളിച്ചു ചോദിച്ചു. മുസ്തു നീ അകത്തില്ലേ ?
എനിക്കുമൊന്നു മൂത്രമൊഴിക്കണം, നീ ഇറങ്ങാറായില്ലേ ? ഞാൻ പുറത്തുണ്ട്.

ആ ബാത്ത്റൂമിൽ നിന്നും പുറത്തു കടക്കുന്നതിന്റെ മുന്നേ
കോട്ടുധാരി മലം കൊണ്ട് വൃത്തി ഹീനമാക്കിയത് മുഴുവനുംഞാൻ കഴുകി കളഞ്ഞിട്ടാണ് പുറത്തുകടന്നത്.

അതെനിക്കൊരു നേർച്ചകടമല്ല.പിന്നെ ഞാനത് ചെയ്തത്
മറ്റൊന്നും കൊണ്ടായിരുന്നല്ല. ഇനി ബാത്ത് റൂമിലേക്ക് കടക്കുന്ന എന്റെ മുതലാളി ആ മലം കൊണ്ടുള്ള ചിത്ര പണി കണ്ടാൽ തെറ്റിധാരണകൾക്ക് സധ്യതകൾ ഏറെയുള്ളത് കൊണ്ടായിരുന്നു..

മൃഗങ്ങളെ പോലും നാണിപ്പിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ
ലജ്ജ ഊരി പോയ മനുഷ്യരിലാണ് കുടികൊള്ളുക.
ലജ്ജ ചോർന്നു പോയ മനുഷ്യർ മൃഗങ്ങളെക്കാളും താഴ്ന്ന പടിയിലേക്ക് കൂപ്പു കുത്തും

നിങ്ങൾ പൂച്ചയെ ശ്രദ്ധിച്ചിട്ടില്ലേ ?
അത് കാര്യം സാധിച്ചു കഴിഞ്ഞാൽ പിന്നെ അതിന്റെ പിൻ കാലുകൾ കൊണ്ട് മണ്ണ് നീക്കി മലം മൂടി കളയുന്നത്.. ഇവിടെ മനുഷ്യർ ഈ ജീവിക്ക് മുന്നിൽ തോറ്റ്‌ പോകുന്നു ...

ഇതൊരു കെട്ട്കഥയല്ല. എനിക്ക് അനുഭവവേദ്യമായ ഒരു യാഥാർതഥമാണ്

Wednesday, December 18, 2013

കുലുക്കം 
....................
കൊച്ചു 
കൂര വെക്കാൻ 
ഒരു തുണ്ട് ഭൂമിയുടെ 
വില കേട്ടയാൾ 
ഭൂമാഫിയകൾക്ക് 
മുന്നിൽ വിങ്ങിപ്പൊട്ടി. 

ആ കണ്ണുനീർ 
ഭൂമിയുടെ ആന്തരാത്മാവിലേക്കിറങ്ങുമ്പോൾ 
ഈ ഭൂമി മാതാവത് കണ്ടില്ലെന്ന് നടിക്കുമോ?

Wednesday, December 11, 2013




എന്‍റെ പ്രണയിനി 

(ഭാഗം ഒന്ന് )
.......................................................

കലാലയത്തോട് വിട പറയുന്ന ദിവസം 
എന്‍റെ പ്രണയിനി എന്നെ നോക്കി കൊണ്ട്
ഒരടഞ്ഞ നിലവിളിയോടെ ആ തെരുവിലൂടെ ഓടിയപ്പോൾ
ഓട്ട വീണ ഹൃദയവുമായി അവളുടെ പിന്നാലെ ഞാനും ഓടി

ഓടി കിതച്ചു അവളുടെ വീട്ടു പടിക്കൽ ഞാനെത്തുമ്പോൾ
എന്നെ ഒട്ടും തന്നെ തളർച്ച ബാധിച്ചിരുന്നില്ല..

ഉടുവാട നഷ്ട്ടപ്പെട്ടവനെ പോലെ ഞാനയാൾക്ക് മുന്നിൽ നിന്ന് കൊണ്ട് കൈകൾ കൂപ്പി കെഞ്ചി പറഞ്ഞു

എനിക്ക് ഇഷ്ട്ടമാണ് അവളെ
ഞങ്ങളെ ജീവിക്കാൻ അനുവദിക്കുമോ ?

കേട്ട പാതി കേൾക്കാത്ത പാതി എന്റെ പിരടിക്ക് പിടിച്ച്
തള്ളുമ്പോൾ വാതിൽ പടിക്ക് പിന്നിൽ മറഞ്ഞിരുന്ന
ആ കണ്ണുകൾ വെള്ളം ചോർന്നു പോയ കുളത്തിലെ പരൽ മീനുകളെ പ്പോലെ പിടയുന്നത് ഞാൻ കണ്ടിരുന്നു.
എന്റെ തലക്ക് കിട്ടിയ പ്രഹരത്തിൽ പ്രാണൻ പോകുന്ന വേദനയോടെ ഞാനുറക്കെ ഒന്നലറി കരഞ്ഞത് മാത്രം നേരിയ ഒരോർമയുണ്ട്

അന്നേരം ആകാശത്തിന്റെ ഭാരം എന്നിലേക്ക് ഇറങ്ങിവരുന്നത് പോലെ,മരങ്ങളായ മരചില്ലകളിലെല്ലാം ആ ഭാരം തങ്ങി നിന്ന് എനിക്ക് കൂട്ട് തന്നു.. അന്നത്തെ ആ പകൽ പോലും രാത്രിയുടെ ചേലിൽ ഇരുണ്ട് മൂടി കിടന്നു

ആ നാട്ടിലെ നാട്ടുകാർ പോലും ആ തന്തക്ക് വേണ്ടി ഇടപെടുന്ന ഘട്ടം വന്നപ്പോഴാണ് ഞാനതിൽ നിന്നും പിൻവാങ്ങി പ്രണയത്തെ ആ പടിക്കൽ വെച്ച് കൊന്ന് കളഞ്ഞത്. പിന്നെയല്ലാം ഒരുസങ്കടമയം,
എപ്പോഴും സങ്കടം , സർവ്വവും എനിക്ക് സങ്കടം .........
പിന്നെ സങ്കടങ്ങളുടെ അണ്‍ഡകടാഹത്തിലേക്ക് തല കിഴായി താണ് താണ് പോയി കൊണ്ടിരുന്നു , കരയാൻ അന്ന് എനിക്ക് ഒരിറ്റ് കണ്ണീരു പോലും ബാക്കിയില്ലായിരുന്നു .

കാല ചക്രം നീങ്ങി , എല്ലാം മറന്നു തുടങ്ങി.
ഇന്ന് എന്റെ ജീവിതത്തിലേക്ക് കടന്നു വന്നവളാണ് അവളെ കുറിച്ച് വീണ്ടും എന്നോട് പറഞ്ഞത് ..
ഭാര്യയുടെ ആവശ്യ പ്രകാരം ഇന്ന് ആ പടി കടന്നു
അവളുടെ മുഖം കാണുമ്പോള്‍
കണ്ണുകളില്‍ കിനിയുന്ന കണ്ണുനിരുതുള്ളികള്‍
മദം പ്പൊട്ടിയ കാള കുളമ്പുകളുടെ കഥ പറയുന്നു.
വിണ്ടു കീറിയ കാലുകളും,പച്ച മണം മലീനസമാക്കിയ അടുക്കളയും പറക്ക മുറ്റാത്ത കുറെ കുഞ്ഞുങ്ങളും .

അവസാനം എന്റെ നോട്ട മുന ചെന്ന് തറച്ചത്
എല്ലും കോലുമായ അവളുടെ മേനിയിലും,ലഹരി പുകയുടെ ആനന്ദത്തില്‍ മുഴുകി ബരാന്തയിലുളളവനിലേക്കും

ഒരു നിസ്സംഗതയോടെ ഞാൻ തിരിച്ചു നടക്കവെ തൊണ്ടയിൽ കുരുങ്ങിയ നേർത്തൊരു "ഹെലോ"
എന്നൊരു വിളി അന്തരീക്ഷത്തിലലിഞ്ഞു ഇല്ലാതാവുന്നത് ഞാനറിഞ്ഞിരുന്നു...................
അതിനു മറുവടി പറയാൻ എന്റെ തൊണ്ടയിലും ശബ്ദമില്ലാതായിരിക്കുന്നു. ഞാൻ ഒച്ചയില്ലാതെ വിതുമ്പി കൊണ്ടിരിക്കവേ എനിക്കൊപ്പം എന്റെ ഭാര്യയും വിതുമ്പി കൊണ്ടിരുന്നു

Friday, December 6, 2013





ഡിസംബര്‍ 
.....................

നിശ്ചലമായ നിശകളില്‍
ഹിമധൂമഭരിതമാം രാവുകള്‍.
മുത്ത്‌ വിതറിയ പുലരികളില്‍ 
അലിഞ്ഞ വ്യാകുലതകള്‍.
മറന്ന നൊമ്പരങ്ങളില്‍
സുഖ നിദ്രകള്‍........,............

ചുരുളുന്ന പുതപ്പുകളില്‍
ദാഹമാം മനസ്സുകള്‍.

ശിശിരമേ വരിക.
മൃദുല വികാരങ്ങളെ തട്ടി
ഉണർത്തുമീ ശിശിരമേ !
ദുര്‍ബല ഹൃദടങ്ങളില്‍
കാമ പ്രഭ വിതറിയത്.

ചന്ദ്രികയോ? പൌര്‍ണമിയോ ?

നിശാന്തകാര മൗനവും,
ഈണവും
മൃദുലകാളിമയും,കോച്ചലും
ഈ നിദ്രകളില്‍ പ്രണയ കിനാവുകള്‍ വിതറുന്നു.
മഞ്ഞു പെയ്തിറങ്ങുമീ ഡിസംബറില്‍
ചൂട് പകരുവാന്‍ സുലൈമാനി മാത്രം   

Friday, November 22, 2013




ഒരു വിശപ്പുകാരൻ 

.............................
എനിക്ക് ചിലത് പറയാനുണ്ട് 
അതിനു ഉസ്മാൻ മുഹമ്മദ്‌ ഇക്കയുടെ അനുവാദം എനിക്ക് വേണം 

അങ്ങാടിയിൽ അങ്ങോട്ടും ഇങ്ങോട്ടും തേരാപേരാ നടക്കുന്ന എനിക്ക് മുന്നിൽ കോഴിക്കോട്ടേക്കുള്ള ഒരു ബസ്സ്‌ മുക്രയിട്ട് നിന്നു
കുറെ കാലമായി നാട്ടിലെ ബസ്സിൽ യാത്ര ചെയ്തിട്ട് 
ഇത്തവണ ഞാനൊരു ബസ്സ്‌ യാത്ര നടത്തി 
കോഴി ക്കോട്ടേക്ക് ഒരു ബസ്സ്‌ യാത്ര 

യാത്രയിൽ
ആരോ ഏതോ നമ്മെ നോക്കി പരിചയ ഭാവത്തിലൊന്നു ചിരിച്ചെന്നു വെച്ച് അയാളുടെ പേരും , ഭൂമി ശാസ്ത്രവും തേടി പോകാൻ ആർക്കാണ് സാധിക്കുക.
വെറും ഇരുപത്തിയെട്ട് ദിവസത്തിനു മാത്രം നാട്ടിൽ പോയ എന്നെ പ്പോലെയുള്ള ഒരാൾക്ക്

ബസ്സിൽ കയറി ഒരരകിൽ സീറ്റ് ഉറപ്പിച്ചപ്പോൾ യാദ്രിശ്ചികമായിട്ടാണ് എന്റെ കണ്ണുകൾ അയാളിൽ ഉടക്കിയത്. അന്നേരം അയാളും എന്നെ തെന്നെയാണ് നോക്കി കൊണ്ടിരിന്നത്. വഴിയോര കാഴ്കച്ച ളിലേക്ക് മിഴികളയക്കുമ്പോൾ വീണ്ടും അയാളിരിക്കുന്ന ഭാഗത്തേക്ക് കണ്ണുകൾ പായിക്കരുതെന്ന് മനപ്പൂർവം വിചാരിച്ചു കൊണ്ട് തെന്നെ ഞാനിരുന്നു.
പക്ഷെ ആലോചിക്കുന്നത് പോലെ അല്ലല്ലോ കാര്യങ്ങൾ സംഭവിക്കാറു. അയാളുടെ കണ്ണും എന്റെ കണ്ണും ഇടക്ക് ഇടക്ക് ആ യാത്രയിൽ ഉടക്കി കൊണ്ടേയിരുന്നു..

മുന്നെത്തെ പ്പോലെയല്ല ഇപ്പോൾ ബസ്സ്‌ യാത്ര ആരും തെന്നെ ഉറങ്ങുന്നതു ഞാൻ കണ്ടില്ല
ആരും തെന്നെ ഒക്കാനിക്കുന്നതും ഞാൻ കണ്ടില്ല ,കീഴ്വായു മലീനസമാക്കുന്ന ഒരന്തരീക്ഷവും എനിക്കനുഭവപ്പെട്ടില്ല.
വയനാടൻ ച്ചുരം കയറുമ്പോൾ പോലും ആരും ഇപ്പോൾ ഓക്കനിക്കാരില്ലത്രേ

ആ യാത്രയിൽ തള്ളി കയറി വരുന്ന കാറ്റിനു ഒരു ചീഞ്ഞലിഞ്ഞ മണമായിരുന്നു
പാടങ്ങളിൽ വെള്ള കെട്ടിറങ്ങിയപ്പോ പുല്ലുകളും ചെടികളും ചീഞ്ഞലിഞ്ഞതിന്റെ

പിന്നെ ഞാൻ
ബസ്സ്‌ കണ്ടക്ക്ട്രറെ യാണ് ശ്രദ്ധിച്ച് തുടങ്ങിയത്,ബസ്സിൽ സൂചി കുത്താൻ ഇടമില്ല
അവനൊരു ലിംഗവിശപ്പുകാരനാണെന്നതിൽ ഒരു സംശയവുമെനിക്കില്ല

പച്ച പപ്പായയുടെ മുകളിൽ നഖമോടിയത് പോലെ അവന്റെ ലിംഗത്തിൽ നിന്നും ഇടക്ക് ഇടക്ക് കറയൊലിച്ച് കൊണ്ടിരിക്കാനാണ് സാധ്യത. അവരെയും, ഇവരെയും, അവളെയും, ഇവളെയും, തട്ടിയും, മുട്ടിയും, ച്ചാരിയും,ഉരസിയും നടന്നു കൊണ്ടിരിക്കുമ്പോൾ ,
പിന്നെയെന്താണ് സംഭവിക്കുക ഇങ്ങിനെയെല്ലാതെ..

ബസ്സ്‌ അതിവേഗം ഓടി കൊണ്ടിരുന്നു
വെയിൽ പടിഞ്ഞാറേക്ക് ചാഞ്ഞു തുടങ്ങിയിരിക്കുന്നു.
ഒരു നാല് മണി നേരത്ത് ബസ്സ് കോഴിക്കോട്ബസ്സ് സ്റ്റാൻറ്റിൽ നിന്നു

ഞാൻ ആൾക്കൂട്ടങ്ങൾക്കിടയിൽ അലിഞ്ഞു ചേരുമ്പോൾ
അയാൾ എന്നെ പിന്തുടരുന്നു എന്ന് ഞാൻ അറിഞ്ഞിരുന്നില്ല
ഞാൻ ഒരു ചായ കുടിക്കാൻ ആ ഹോട്ടലിൽ കയറിയപ്പോൾ
വീണ്ടും അയാളെ കണ്ടു മുട്ടി ആപ്പോഴും ഒരു നേർത്ത പുഞ്ചിരി എനിക്ക് സമ്മാനിക്കുക കൂടി ചെയ്തപ്പോൾ ഞാൻ ചോദിച്ചു എന്നെ നിങ്ങൾക്ക് അറിയുമോ ?
എവിടെയോ കണ്ടു പരിചയമുള്ളത്പോലെ എന്നയാൾ പറഞ്ഞപ്പോൾ പിന്നെ ഞങ്ങൾ ചിര കാല സ്നേഹിതൻമാരെ പ്പോലെ കുറച്ചു നേരം സംസാരിച്ചു
അപ്പോഴാണ്‌ എനിക്ക് ഒന്ന് മനസ്സിലായത് അവനും ഒരു ...............
തുടരും

Thursday, October 10, 2013




മടക്കം

...................

എന്റെ വരവ് 
അറിഞ്ഞ വസന്തം 
പൂക്കൾ തുന്നുകയാണ്

നാളെ 
സന്തോഷാധിഖ്യത്താൽ 
കണ്ണുകൾ നനഞ്ഞ് 
ഉമ്മയുടെയും ഉപ്പയുടെയും 
കരവലയത്തിലണയും ... 

അതുകണ്ട് 
മുറ്റമതിരിട്ട ചെടികളിലെ 
പൂക്കെളെല്ലാം ഞങ്ങളെ 
നോക്കി പുഞ്ചിരിക്കും. 

പക്ഷികളുടെ പാട്ട് 
കവർന്നൊരു കാറ്റ് 
സംഗീതം കൊണ്ട് 
ഞങ്ങളെ മൂടി പൊതിയും 

ഞാന്‍ നട്ടുനനച്ചു വളർത്തിയ 
പേരക്കാമരം എന്‍റെ വരവറിയും. 
ആരും കാണാതെ 
ഇലകള്‍കിടയിലെനിക്കായ് 
കരുതി വെച്ച ഒരു പേരക്കാപഴം 
ഇളം തെന്നല്‍ എനിക്ക് കാണിച്ചു തരും.

ഒരു ചെറുകോലെടുത്തു 
കൊളുത്തി വലിക്കവെ, 
ഉമ്മ പറയുന്നത് ഞാന്‍ കേള്‍ക്കും 
'ഇത്രയും കാലം ഞങ്ങളാരും അത് കണ്ടില്ലല്ലോ' ..

പിന്നെ കണ്ണുകൾ 
വേലിക്കപ്പുറം അയൽ വീട്ടിലേക്കോടും ! 
ചാട്ടുളി കണ്ണുകൾ 
എന്നെ തിരയുന്നത് കാണും.
വേലിപ്പടർപ്പിലെ 
കാട്ടു മുല്ലയോടു കിന്നരിച്ച് ഞാൻ...!

നാണത്തിൽ ചുവന്ന് തുടുത്ത
മുഖം മെല്ലെ ഉയർത്തും
ഉതിർന്നു വീഴാൻ വെമ്പുന്ന 
കണ്ണീർ മുത്തുകളെ 
ഒപ്പിയെടുക്കും.

ഒരു തോർത്തെടുത്ത് 
തലയിൽ വട്ട കെട്ട് കെട്ടും 
ഒരു മണ്‍വെട്ടിയെടുത്തു 
അലക്കു കല്ലിനു സമീപം 
കുതിർന്ന മണ്ണിൽ കൊത്തി-
മണ്ണിരയെ തേടും .
അപ്പോള്‍ ഉപ്പ പറയുന്നത് ഞാന്‍ കേള്‍ക്കും 
"ആ മണ്‍വെട്ടി കാലില്‍ തട്ടണ്ടാന്നു"...

വയൽ വരമ്പിലൂടെ നടന്ന്
മഴയുടെ ചെരിഞ്ഞാട്ടം കണ്ട്‌
മനം കുളിർത്ത്‌
പാതിനനഞ്ഞ്‌ വീടണയുമ്പോൾ 
പരിഭവത്തിൽ സ്നേഹം ചാലിച്ച്‌
ഉമ്മ ഇങ്ങനെ പറയുന്നത്‌ ഞാൻ കേൾക്കും.
"ഇങ്ങനെ മഴനനഞ്ഞു നടന്നാൽ പനിപിടിക്കില്ല്യ കുട്ട്യേ...."

പിന്നെ ഇല്ലിവേലി അതിരിട്ട 
ഇടവഴിയിലൂടെ പുഴയിലേക്ക് നടക്കും.
പക്ഷേ... 
പുഴ അവിടെയുണ്ടാവുമോ 
എന്നത് മാത്രമാണെന്റെ 
വേവലാതി. 

Monday, October 7, 2013

ഒരാശയം മുളപൊട്ടിയാൽ മനസ്സ്‌ പെരുമ്പറകൊട്ടും വാക്കുകൾ തിങ്ങി - ഹൃദയം വിങ്ങും.
പിന്നെ തൂലികയിലൂടെ അക്ഷരങ്ങളൊഴുകും വെളുത്ത താളിലവ - അച്ചടക്കമില്ലാത്ത വാക്കുകളായ്‌ നിറയും.
ഗദ്യമോ, പദ്യമോ - യെന്നറിയാനാവാത്തവിധം വക്കുകൾ കലഹിച്ച്‌ , താളിന്റെ അവസാന വരിവരേ അണിനിരക്കും.
തുടർന്നാൺ യുദ്ധം തുടങ്ങുന്നത്‌...!! തൂലിക പടവാളായ്‌ തലങ്ങും വിലങ്ങും വെട്ടും. വരികൾക്കിടയിലൊളിച്ച വാക്കുകളെ തിരഞ്ഞ്‌ പിടിച്ച്‌ കുത്തും.
വെളുത്ത താൾ ചോര ചിതറി ചുവന്നൊരു പടർക്കളമാവും. മുറിവേറ്റ്‌ വീണ വാക്കുകളുടെ നിലവിളിയുയരും.
അവസാനം ചോര - പടർന്ന് കുതിർന്ന താൾ നടുകെ രണ്ടായി പിളരും. പിന്നെ നാലാവും, എട്ടാവും..... അതിൽ നിന്നും വെട്ടി വീഴ്ത്തിയ ആശയത്തിൻ കരളെടുത്ത്‌ ചവക്കും. ചുടുചോരയുടെ രുചിയറിയും.
അപ്പോഴും കൈവെള്ളയിലെ പിളർന്ന താളിന്റെ കഷ്ണങ്ങളിലൊന്നിൽ കവിതയുടെ ഹൃദയം കിടന്ന് തുള്ളുന്നുണ്ടാവും.
ശേഷം... ! ചവറുകൊട്ടയിലേക്ക്‌ നീട്ടി ഒരേറാൺ. കൂടെ കാർക്കിച്ചൊരു തുപ്പലും. അപ്പോഴാൺ മനസ്സ്‌ ഒന്ന് ശാന്തമാവുക.

Friday, October 4, 2013




അയാളുടെ വാക്കുകൾ 

.................................................
മുക്രയിട്ട് വിദൂരതയിലേക്ക് കുതിക്കാനെന്നവണ്ണം വിഗ്രതയോടെ കാത്തു കിടന്ന ആ ബസ്സിനകത്ത് ഞാനിരിക്കുമ്പോൾ ഒരു ആലസ്യം എന്നെ പിടികൂടിയിരുന്നു

കൊഴിഞ്ഞു വീണ സ്വപ്നങ്ങളുടെ ശവപ്പെട്ടികൾ കാറ്റ് നെറിയിട്ട മണൽ കൂനകൾക്ക് ഭക്ഷണമാകുമ്പോൾ അമ്പരപ്പോടെ മുഖത്തോട് മുഖം നോക്കിയിരിക്കുന്ന മിസാൻ കല്ലിനെ പോലെയായിരുന്നു ഞാനപ്പോൾ 

ഓർമകളെ മേയാൻ വിട്ട് പതിയെ പതിയെ നിദ്രയുടെ മാറിലേക്ക് ഒളിക്കണ്ണിട്ട് പതുങ്ങി പോകുമ്പോൾ, എവിടെ നിന്നോ ഉപ്പ് രസത്തോടൊപ്പം മിശ്രിതം ചേർന്ന് പുളിച്ച പൊറോട്ട മാവിന്റെ ഗന്ധം ബസ്സിനകത്ത് കലരുന്നത് ഞാൻ അറിഞ്ഞു കൊണ്ടിരിന്നു ,

പോകെ പോകെ അസ്സഹ്യമായ ഗന്ധം എനിക്ക് ചുറ്റും മാത്രം മൂളി നടക്കുന്നതായി അനുഭവപ്പെട്ടപ്പോൾ ഞാൻ മെല്ലെ പരിസരം വീക്ഷിച്ചു. നിരാശയോടെ പിൻ വാങ്ങാൻ ഒരുങ്ങിയപ്പോഴാണ്‌ തൊട്ടരികിലിരിക്കുന്നയാളുടെ മുകളിൽ എന്റെ കണ്ണുകൾ പതിഞ്ഞത് തെല്ല് അമ്പരപ്പോടെയാണ് അടി മുടി ഞാനയാളെ വീക്ഷിച്ചത്. 

എന്തൊക്കയോ കോറി വലിഞ്ഞ് പാടുകൾ വീണ നഖങ്ങൾ, കരുവാളിച്ച മുഖം, പച്ചപ്പായൽപിടിച്ച ചെരിപ്പുകൾ, വിള്ളൽ വീണ്പ്പൊട്ടിയ ഉപ്പൂറ്റികൾ, പാറിപറന്ന മുടി , ചെളിനിറഞ്ഞ ഹീനമായി കിടക്കുന്ന ചെവിയുടെ ഉൾവശം. അയാളുടെ വിയർപ്പിന് പോലും ഒരു അടുക്കളയുടെ മണം .

രണ്ടു പതിറ്റാണ്ട് കാലമായിട്ട് ആ ശരീരം ഒരു ഹോട്ടൽ 
അടുക്കളയെ ആവാഹിക്കുകയാണ്. 
ഒരേ മുതലാളി,ഒരേയിടം,ഒരേ അടുപ്പ്,ഒരേ പാത്രങ്ങൾ, ഒരേ വാതിലുകൾ,ഒരേ കട്ടിൽ, ഒരേ മുറി,ഒരേ വേതനം,ഒന്നിനും മാറ്റങ്ങളില്ലാതെ ...............

ചുളിവുകൾ വീണ ആ ശരീരം ആ കഥ എന്നോട് പറഞ്ഞു തുടങ്ങി,

പുറത്തുള്ള വെളിച്ചം പോലും അരോചകമായി എനിക്ക് അനുഭവപ്പെട്ട് തുടങ്ങിയത് ഞാനറിയാതെയായിരുന്നു. ജോലി കഴിഞ്ഞാൽ മൂടി പുതച്ച് കിടക്കാനാണ് എനിക്കേറെയിഷ്ട്ടം. 
ഒരു ദിവസം പോലും ഒഴിവില്ലാത്ത ജോലി അത് കൊണ്ട് തന്നെ മനസ്സ് മുരടിച്ചു പോയ ഒരു ജന്മമാണ് എന്റെത് 

ആ കണ്ണുകൾ പുറത്തുനിന്നും ഇരച്ചുകയറുന്ന വെട്ടത്തിൽ മുഴുവനും തുറക്കാനാവാതെ പ്രയാസപ്പെടുന്നതായി എനിക്ക് തോന്നി .ഇടക്ക് ഇടക്ക്കണ്ണടയൂരി കണ്ണുകൾ തുടച്ച് അദ്ദേഹം വിണ്ടും പറയാൻ തുടങ്ങി.
അന്നേരം ഈന്തപ്പനയോലകളെയും,റോഡിനു ഇരുവശങ്ങളിലും കത്രിച്ചു അലങ്കരിച്ച് നിറുത്തിയ ചെടികളെയും പിന്നോട്ട് പിന്നോട്ട് പായിച്ചു കൊണ്ട് ബസ്സ്‌ മുന്നോട്ട് മുന്നോട്ട് കുതിച്ചു കൊണ്ടിരിന്നു .....

ഒരു ഇടവേളക്ക് ശേഷം അയാൾ എന്നോട് ചോദിച്ചു നിന്റെ പേരന്താണ്? ഒട്ടും മടിക്കാതെ ഞാൻ എന്റെ പേര് പറഞ്ഞു. പിന്നെ പിന്നെ എന്റെ പേര് വിളിച്ചു കൊണ്ടായിരുന്നു അയാൾ പറഞ്ഞു തുടങ്ങി 

എടാ മുസ്തു ഞാൻ 
ചൂഷണത്തിനു ഇരയായിട്ടുണ്ട് എനിക്കറിയാമത്. മനുഷ്യാവകാശ ലംഘനത്തിന്റെ ജീവിക്കുന്ന ഉദാഹരണമാണ്ഞാൻ എനിക്കൊട്ടും വിഷമമില്ല ,നമ്മൾ എത്ര നിസ്സാരമാണ് .
ഒരു ഉന്നക്കുരുവിന്റെ ശക്തിപോലും നമ്മുക്ക് ഇല്ല.
നീ ശ്രദ്ധിച്ചിട്ടുണ്ടോ ? നിനക്കറിയുമോ ഉന്നക്കുരുവിൽ നിന്നും മുള പ്പൊട്ടി വരുന്ന വേരുകൾ എത്ര ദുർഭലമാണ് നമ്മുടെ നഖം തട്ടിയാൽ ഉടഞ്ഞു പോകുന്ന ആ വേരുകൾ ഭുമിയെ തുളച്ച് ആഴ്ന്നിറങ്ങി പോകുന്നത് നീ കണ്ടിട്ടില്ലേ ? എന്നാൽ നിനക്കാകുമോ നിന്റെ ചൂണ്ട വിരലിനെ ഒന്ന് ഭൂമിയിലേക്ക് തുളച്ച് കയറ്റാൻ ഒരിക്കലുമാവില്ല ,ശ്രമം പരാജയമാകും അസ്സഹ്യമായ വേദനയും നിനക്ക് അനുഭവപ്പെടും...
മനുഷ്യൻ ഉന്നക്കുരുവിന്നു മുന്നിൽ തോൽക്കുന്നു ..

ഇത്രയും പറഞ്ഞ് അയാൾ ഒന്ന് നിറുത്തി. 
പിന്നെ അയാൾ എന്നെ നോക്കി. അപ്പോൾ ആ കണ്ണുകളിൽ നിന്നും ഒരു പ്രകാശം എന്നിലേക്ക് കുടിയേറിയത് പോലെ. അയാൾ കണ്ണടയൂരി തുടച്ച്കൊണ്ട് വീണ്ടും തിരികെ മൂക്കിനുമുകളിൽ തിരികി വെച്ചു .അപ്പോൾ ബസ്സ്‌ ഒരു അരുവിക്ക്‌ മുകളിലൂടെ കടന്ന് പോകുന്നൊരു ചെറിയ പാലം കടക്കുകയായിരുന്നു,
നിയന്ത്രണം വിട്ട് പാഞ്ഞുവന്നൊരു കാറ്റ് ബസ്സിനകത്ത് വന്നുകൂടി കൂട് കൂട്ടുന്നത് ഞാൻ അറിഞ്ഞിരിന്നു അന്നേരം ..

അദ്ദേഹം വീണ്ടും പറഞ്ഞു തുടങ്ങി 

Tuesday, October 1, 2013



അയാൾ 

....................

അന്ന് അയാളുടെ ആഡംബര ജീവിതം കണ്ട് പലപ്പോഴും ഞാൻ കൊതിച്ചു പോയിട്ടുണ്ട് . വിലപിടിപ്പുള്ള കാറുകൾ നിരന്ന അയാളുടെ വീട്ടു മുറ്റത്തിൽ നിന്നാണ് കാൽപന്തുകളും, പുള്ളിബലൂണുകളും,ഇലക്ട്രോണിക്ക്കളിപ്പാട്ടങ്ങളും ഞാനാദ്യമായി കാണുന്നത്.വീടിനു ചുറ്റു വലയം ചെയ്തു കിടക്കുന്ന വൻമതിലിൽ ഏന്തി വലിഞ്ഞു അയാളുടെയും, മക്കളുടെയും, പേരമക്കളുടെയും കളികൾ കാണുന്നേരം വല്ലപ്പോഴും എന്‍റെ കൊച്ചു കൂരയുടെ ഭാഗത്തേക്ക് തെറിച്ചു വീഴുന്ന പന്തുകൾ ആവേശത്തോടെ ഞാനെടുത്തു കൊടുക്കുമ്പോൾ ഒന്നും തന്നെ അവരാരും ചോദിച്ചിരുന്നില്ല കു‌ടെ കളിക്കണമോ ? എന്ന്

ഒരു ഇടവേളക്ക് ശേഷം
ഞാൻ ഇന്നലെ അയാളെ വീട്ടിൽ പോയി കണ്ടു.
വളരെ സന്തോഷത്തോടെ ഓടി ചാടി നടന്നിരുന്നയാൾ
ഒരു മൂകതയിലേക്ക് വീണ് പോയിരിക്കുന്നു.
അയാളുടെ സകല ചലനങ്ങളിലും
ഒരു തരം അസ്വസ്ഥത നിഴലിച്ചു കാണുന്നു ,
സമൂഹത്തിൽ നിന്നും അനർഹമായി ധനസമ്പാദനം നടത്തി ജീവിച്ചതിന്‍റെ കുറ്റബോധം ആ മുഖത്ത് പാടുകൾ വരച്ചിരിക്കുന്നു,
ചെയ്തു പോയ തെറ്റുകൾ വേണ്ടായിരുന്നുവെന്നയാളുടെ ഉള്ളിൽ തുടികൊട്ടുന്നുണ്ടെന്നെന്നോട് കരഞ്ഞു പറഞ്ഞയാൾ ഒരു കൊച്ചു കുട്ടിയെ പോലെ നിരങ്ങി നിരങ്ങി ആ കട്ടിലിൽ ചുരുണ്ട് കൂടി കിടന്നു ...........................

Sunday, September 29, 2013




ഇന്നത്തെ ഒരു കാഴ്ച്ച 

..........................................

പൊതുവെ വാഹനങ്ങൾ കുറവായ ആ റോഡിലൂടെ
നട്ടുച്ച നേരത്ത് വിയർത്തൊലിച്ചവൻ നടക്കുന്നത്
ഞാൻ ശ്രദ്ധിച്ചിരിന്നു

തിരികെ അതെ വഴി മടങ്ങി വരുമ്പോഴും അവനങ്ങിനെ നടക്കുകയാണ്. പിന്നിൽ നിന്നും വാഹനങ്ങളുടെ ഇരമ്പൽ കേൾക്കുമ്പോൾ പലവട്ടം വാഹനത്തെയും അതിലെ ഡ്രൈവറെയും മാറി മാറി നോക്കുന്നുണ്ട്

ഒറ്റ നോട്ടത്തിൽ തെന്നെ കണ്ടാലറിയാം ജോലി അന്യേഷണവുമായി ഇറങ്ങിയതാണെന്ന്.
ഒരു ഫയൽ കയ്യിലുണ്ട്. വസ്ത്ര ധാരണയും,ബുജികണ്ണാടിയും കാര്യമായ എന്തോ ബിരുദം സൂചിപ്പിക്കുന്നുണ്ട് .ഉച്ച വെയിൽ വിതറുന്ന തീക്കട്ടയിൽ അവനുരുകി ഒലിക്കുന്നു .രോമ കൂപങ്ങളിൽ നിന്നും വിയർപ്പുതുള്ളികൾ ഉറവകളെ പോലെ പൊട്ടി ഒലിച്ച് വസ്ത്രങ്ങളെ കുതിർത്തിയിരിക്കുന്നു.................

വഴികളിൽ നിന്നും അപരിചിതരെ ഞാൻ ഒരിക്കലും വണ്ടിയിൽ കയറ്റാറില്ല ,അത് മറ്റൊന്നും കൊണ്ടല്ല.
അന്നൊരിക്കൽ 
ഒരു അപരിചിതനേയും കയറ്റി വരുന്ന വഴി എന്റെ സ്നേഹിതനെ പൊലീസ് വളയുകയും, പിടിച്ച് ജയിലിലടക്കുകയും, വർഷങ്ങളോളം കാരാഗ്രഹം ജീവിതം നയിച്ചതും അവന്റെ കുറ്റം കൊണ്ടായിരുന്നില്ല. അലിവ് തോന്നി കൂടെ കയറ്റിയ അപരിചിതന്റെ കയ്യിലുണ്ടായിരുന്ന ബേഗിലെ കള്ള്കുപ്പിയും,നശ് വാറും,കളവ്മുതലും തെന്നെയായിരുന്നു.......

പക്ഷെ അറിയില്ല എനിക്കിന്നെന്താണ് സംഭവിച്ചത് .... അവന്റെ മുന്നിലേക്ക് എന്റെ വാഹനം എത്താറായപ്പോൾ
എന്റെ കാലുകളെ ഞാനായിരുന്നില്ല നിയന്ത്രിച്ചത്. ഞാനറിയാതെ എന്റെ കാലുകൾ ബ്രൈക്കിനു മുകളിൽ അമർന്നിരുന്നു ,അവനെയും കടന്നു കുറച്ചു അകലെ എന്റെ വാഹനം നിന്നപ്പോൾ ആകാശത്ത് നിന്നും കൊള്ളിമീൻ പതിക്കുന്ന വേഗത പോലെ നൊടിയിട നേരം കൊണ്ടവൻ എന്റെ വാഹനത്തിന്റെ മുൻ സീറ്റിൽ കയറി കഴിഞ്ഞിരുന്നു

എങ്ങോട്ടാണ് പോകുന്നതെന്നോ ? അവനെന്നോടോ ഞാനവനോടോ ചോദിച്ചിരുന്നില്ല , കുറച്ചു അധിക നേരം ഒരു മൂകത കാറിലും ഞങ്ങൾക്കിടയിലും കുടുങ്ങി നിന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. ഏ.സി യുടെ കറ്റിലപ്പോൾ അവന്റെ വിയർപ്പ് മണം കലർന്നിരുന്നു ,പെരു വെയിലത്തു കുറച്ചു നേരം നടന്നതിനാലെയുള്ള തീവ്രമയ ക്ഷീണം കൊണ്ട് കണ്ണുകൾ അടച്ച്‌ കൊണ്ട് അവൻ സീറ്റിൽ ചാരികിടക്കുന്നത് ഞാൻ കാണുന്നുണ്ട്..

എന്തെങ്കിലും ഒന്ന് ചോദിക്കാനായി അവന്റെ മുഖത്തേക്ക് ഞാൻ നോക്കുമ്പോൾ ആ കവിളുകൾ നനഞ്ഞിരിക്കുന്നു.
കനത്തൊരു ഏങ്ങൽ അവനിൽ തിളക്കുന്നുണ്ടെന്നു എനിക്ക് മനസ്സിലായി . അന്നേരം ഞാൻ വല്ലതും ചോദിച്ചാൽ അഗ്നി വർവതം കണക്കെ എനിക്ക് മുന്നിൽ പൊട്ടി ഒലിക്കും തീർച്ച ...

ആ ഹ്രദടത്തിലെ തിരമാലകൾ ഒന്നടങ്കിയപ്പോൾ 
പതിഞ്ഞ സ്വരത്തിൽ അവൻ പറഞ്ഞു തുടങ്ങി 

എന്റെ ഉപ്പ മീൻ വില്പ്പനക്കാരനാണ് 
എന്നെ വളരെ കഷ്ട്ടപ്പാടുകൾ സഹിച്ചിട്ടാണ് പഠിപ്പിച്ചത് 
ഇപ്പോൾ ഞാൻ ഇവിടെ തകരുന്നത് പോലെ തോന്നുന്നു ബായി. 
എന്റെ എല്ലാ ശക്തിയും ചോരുന്നത് പോലെ. മുറിഞ്ഞു മുറിഞ്ഞു ഈ വാക്കുകൾ പറയുമ്പോൾ അവന്റെ ശബ്ദം ഇടറിയത് ഞാനറിഞ്ഞു 

വാഹനം ഞാൻ ഹോട്ടലിന്നു മുന്നിൽ നിറുത്തി അവനെ മെല്ലെ ഒന്ന് തട്ടിയുണർത്തി കൊണ്ട് പറഞ്ഞു വാ നമുക്ക് വല്ലതും കഴിക്കാം. ആ നേരം ഒരു ഭ്രമംബാധിച്ചവനെ പോലെ
അങ്ങോട്ടും ,ഇങ്ങോട്ടും ഉറ്റ് നോക്കികൊണ്ട് പിന്നെ ഒരു ഉൾവിളിയാളം കിട്ടിയത് പോലെ അപ്പോഴേക്കും
അവനവനായി മാറിയിരുന്നു ,

ഞാൻ കൊടുത്ത ഭക്ഷണവും കഴിച്ച് ഇലക്ടോണിക് എഞ്ചിനിയറായ അവൻ വിട വാങ്ങുമ്പോൾ എന്റെ കൈകൾ മുറുകെ പിടിച്ചവൻ ഇങ്ങിനെ പറഞ്ഞു മറക്കില്ലാ ഒരിക്കലും

ഇന്ന് എങ്ങിനെ ഭക്ഷണം കഴിക്കും എന്നതിനെ കുറിച്ച് ആലോചിച്ചു നടക്കുമ്പോഴാണ്
എന്നെയും നിങ്ങളെയും ,ഭൂമി ലോകത്തെയും , വാന ലോകത്തെയും നിയന്ത്രിക്കുന്ന നാഥൻ നിങ്ങളിലൂടെ 
ഒരു വഴി തുറന്നുതന്നത് ,,പടച്ചവന്റെ കരുണ കടാക്ഷം നിങ്ങൾക്ക് ഉണ്ടാവട്ടെ, ഉണ്ടാവുക തന്നെ ചെയ്യും

നിന്റെ ശ്രമം ഒരിക്കലും പരാചയം കാണില്ലയെന്നും, 
മനുഷ്യന്റെ നിസ്സഹായമായ അവസ്ഥയിൽ ദൈവിക സഹായം എന്തെങ്കിലും രൂപത്തിൽ നമ്മിലേക്ക് കടന്നു വരുമെന്നും, പ്രതീക്ഷ കൈ വിടാതെ നീ മുന്നോട്ട് പോക ണമെന്നും, ഞാൻ അവനെ ഉണർത്തി ..............

Wednesday, September 25, 2013




തുറന്ന ജാലകം 

..............................
അബുദാബി നഗരത്തിലെ ഉയർന്ന ആ കെട്ടിട സമുച്ചയത്തിലേക്ക് അവൻ കയറി ചെല്ലുമ്പോൾ നേരം ഏറെ വൈകിയിരുന്നു.
വെക്തമായി പറഞ്ഞാൽ ഉച്ച ഭക്ഷണത്തിനുള്ള സമയം കഴിഞ്ഞിട്ട് രണ്ടു മണിക്കൂർ വൈകി എന്ന് തന്നെ പറയാം........ 

പതിനെട്ടാം നിലയിലേക്ക് അവൻ കടന്നു ചെല്ലുമ്പോൾ മദ്യഗന്ധ സാന്ദ്രതയലെ വിങ്ങി നിറഞ്ഞ അകത്തളമായിരുന്നു അവനെ വരവേറ്റത് .
ആടിയും,പാടിയും മദ്യം നുകരുന്നവരുടെ സിഗരറ്റിന്റെ പുകചുരുളുകളിൽ അവനധികനേരം ഇരിക്കാൻ സാധിക്കുമായിരുന്നില്ല. അത് കൊണ്ട് തെന്നെയാവണം മങ്ങിയ പ്രകാശം നേരെ വീഴുന്ന ആ ജാലകത്തിനടുത്ത് അവനിരിക്കുമ്പോൾ പുറം കാഴ്ച്ചകൾ കൂടി കാണാവുന്ന തരത്തിലാണവൻ ഇരുന്നതും ..

പകുതി മാത്രം ഉയർത്തി വെച്ച ജാലക വാതിലിലൂടെ പുറം കാഴ്ച്ചകൾ കണ്ടു കൊണ്ടിരിക്കവെ, അവന്റെ കണ്ണുകൾ ഉടക്കി നിന്ന ആ കാഴ്ച്ച കൂടുതൽ പിരിമുറുക്കങ്ങളിലേക്കാണ് അവനെ ആനയിച്ചത് .

ഖലീഫാ മെഡിക്കൽ ഹോസ്പ്പിറ്റലിന്റെ മോർച്ചറിയുടെ ഭാഗത്തേക്കായിരുന്നു ആ ജാലക വാതിൽ തുറന്നുവെച്ചിരിക്കുന്നത്. മോർച്ചറി കവാടത്തിലെ ശുഭകര മല്ലാത്ത ആ കാഴ്ച്ചകൾ അരുതെന്ന് വിലക്കിയിട്ടും കണ്ണുകൾ പലവട്ടം അവിടേക്ക് തെന്നെ നീണ്ട് ചെന്ന് കൊണ്ടിരിന്നു..

ആദ്യ പെഗ്ഗിൽ നിന്നും ഇഴഞ്ഞു കയറിയ ആനന്ദം ഒരു നിമിഷം മാത്രം ആ മേനിയിൽ താമസിച്ച് എവിടേക്കോ ഊർന്ന് ഇറങ്ങിപോയത് അവനറിഞ്ഞിരുന്നു ,

മോർച്ചറി കവാടത്തിനു മുന്നിൽ നല്ല തിരക്കുണ്ട്‌.....,ചെറിയ ചെറിയ ആൾക്കൂട്ടങ്ങൾ ചിതറി ചിതറി നിന്ന് അടക്കം പറഞ്ഞുകൊണ്ടിരിക്കുന്നു,
ഫർദ്ധധാരിയ ഒരു സ്ത്രിയും ഒരു ബാലികയും ഒഴിഞ്ഞു നിന്ന് ഒരു കല്ലിൽ കൂനിപിടിച്ചിരിക്കുന്നു .

അന്നേരം അവിടേക്ക് കുതിച്ചു വന്നൊരു ആംബുലൻസിൽ നിന്നും വെള്ളപുതപ്പിച്ച മ്രതദേഹം ആരൊക്കയോ താങ്ങിപിടിച്ച്‌ പുറത്തേക്കെടുക്കുമ്പോൾ. ചിതറിനിന്നവർ ഒന്നായി മാറുന്നു . ഓടി കൂടിയ മനുഷ്യക്കോലങ്ങളിൽ പിറകിൽ നിന്ന് സാഹസികമായി ഏന്തി വലിഞ്ഞ് നോക്കി കാണുന്നു ചിലർ .അധികനേരം ആ കാഴ്ച്ച നോക്കി കാണാൻ അവനാകുമായിരുന്നില്ല ,ആ കാഴ്ച്ചയിൽ നിന്നും പിൻ വലിച്ചു കണ്ണുകൾ തിരികെ വരുമ്പോൾ പരസ്പരം കാണാനാവാത്ത തരത്തിൽ സിഗരറ്റിന്റെ പുക പടലങ്ങൾ അവിടെ ആകമാനം നിറഞ്ഞു കവിഞ്ഞിരുന്നു ..,

ഒഴിച്ച് വെച്ച മദ്യഗ്ലാസ് തപ്പി പരതി കൈകളിൽ ഒതുക്കുമ്പോൾ ഒരു ദീഘനിശ്വാസം അവനിൽ നിന്നും പുറത്തേക്ക് ചാടി
പതിയെ പതിയെ നേരിയ വെളിച്ചം കണ്ണുകളിലേക്ക് അരിച്ചു ഇറങ്ങി തുടങ്ങുമ്പോൾ

ആ മദ്യ ശാലയിലെ മങ്ങിയ വെളിച്ചത്തിൽ സുതാര്യമായ നിശാവസ്ത്രങ്ങൾ അണിഞ്ഞവളപ്പോഴും അനുവാചകാരുടെ മുന്നിൽ ആടി തിമിർക്കുകയാണ് .
അനുഭൂതികളുടെ അനവദ്യമായ ലോകത്തേക്ക് വീണ് പോയവർ അവളുടെ അഭിനയ കലയിലെ അടവുകളിൽ ഒന്നായ വശ്യമായ ചിരിയിലും ,ഒളിക്കണ്ണിലും .സകലതും മറന്നു പോയിട്ടുണ്ട് ,ഭ്രമിക്കുന്ന കാഴ്ച്ചക്ക് മുകളിൽ വിരിച്ച ചിലന്തി വലകളിൽ പലരും കിടന്നു പിടയുമ്പോൾ

അജ്ഞാതമായ ഒരു അനിശചിതത്വം അവനെ പിടികൂടിയിരുന്നു അവനെ മാത്രം ,,അപ്പോൾ
ഈ നഗരിക്ക് ഇരട്ടമുഖമുണ്ടെന്നു ആരോടോന്നില്ലാതെ അവൻ പുലമ്പി കൊണ്ടിരുന്നു ......
പിന്നെ എല്ലാം ഒരു യാന്ത്രികം പോലെ.. ശക്തമായ ആ തീരുമാനം മനസ്സിൽ ഉറപ്പിച്ചു കൊണ്ട് അവിടെ നിന്നും അവൻ ഇറങ്ങി നടക്കുമ്പോൾ
ഒഴിച്ച് വെച്ച ആ ഗ്ലാസിലെ മദ്യത്തിനുമുകളിൽ ചെറു കുമിളകൾ പ്പൊട്ടി കൊണ്ടിരിന്നു ....................

Monday, September 23, 2013



ഇരട്ട മുത്തം 
...............................

ചില കാഴ്ച്ചകൾ അങ്ങിനെയാണ് 
വല്ലാതെ നമ്മെ നോവിക്കും .ഒരു നീറ്റലായി മനസ്സിൽ അങ്ങിനെ കിടക്കും 
കാലങ്ങളോളം അത് നമ്മെ പിന്തുടർന്നു കൊണ്ടേയിരിക്കും.............

അബുദാബി പച്ചക്കറി മാർക്കറ്റിൽ അന്ന് 
അയാൾ എന്നെ തെന്നെയാണ് ശ്രദ്ധിച്ചു കൊണ്ടിരുന്നത്. എന്‍റെ ഓരോ ചലനങ്ങളിലും അയാളുടെ കണ്ണുകൾ ഇറുകുന്നതും,വികസിക്കുന്നതും ഞാൻ കാണുന്നുണ്ടായിരുന്നു ..

ഒരു നിമിഷം,
ഒരേ ഒരു നിമിഷം 
ആ കണ്ണുകൾ എന്നിൽ ഉടക്കി നിന്ന് കൊണ്ട് ഏതോ ഒരു ഓർമയുടെ അറ്റം വരെ സഞ്ചരിച്ചു തിരികെ വരുമ്പോൾ അയാൾ കരയുന്നുണ്ടായിരുന്നു .വിങ്ങി ,വിങ്ങി,പ്പൊട്ടി, പ്പൊട്ടി 
കരയുകയായിരുന്നു..

തിങ്ങി തിങ്ങി വന്ന കണ്ണീർ തുള്ളികൾ പതിഞ്ഞ പച്ചക്കറി മാർക്കറ്റിലെ മണൽ തരികൾ പോലും അയാളുടെ കു‌ടെ കരയുന്നുണ്ടെന്നു എനിക്ക് അന്ന് തോന്നിയിരുന്നു

കരഞ്ഞു കലങ്ങിയ കണ്ണുമായി എന്‍റെ അടുത്തേക്ക് വന്നയാൾ എന്നെ കെട്ടി പിടിച്ചു കവിളിൽ ഒരുമ്മ നൽകിയപ്പോൾ ഒട്ടും പ്രതീക്ഷിക്കാത്ത ആ പ്രവർത്തിയിൽ ഞാൻ അന്ധാളിച്ചു നിൽക്കുമ്പോൾ അതിനിടയിൽ ആ മാർക്കറ്റിൽ എവിടെയോ അയാൾ മറഞ്ഞിരുന്നു..

സ്ഥലകാല ബോധം വീണ്ടെടുത്തു ഞാൻ അയാളെ തിരഞ്ഞ് ആ മാർക്കറ്റ് മുഴുവൻ തേടി അലഞ്ഞിട്ടും അന്ന് എനിക്ക് അയാളെ അവിടെവിടെയും കണ്ടെത്താനായിരുന്നില്ല..
എന്തിനാണ് അയാൾ കരഞ്ഞത് ? എന്തിനാണ് അയാൾ എന്‍റെ കവിളിൽ മുത്തം തന്നത് ? ചിന്തകൾ അന്ന് എന്‍റെ കു‌ടെ വിരുന്നു തെന്നെയായിരുന്നു . അന്നത്തെ രാത്രി കുറെയേറെ കഴിഞ്ഞിട്ടും എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല ,തിരമാലകൾ ഒഴിച്ചുള്ള സകലതും ഉറങ്ങി പ്രപഞ്ചത്തിലേക്ക് മയങ്ങി വീണിട്ടും എന്തോ ഒരു വല്ലായ്മ എന്നിൽ ഗ്രസിച്ചിരിക്കുന്നു ..ഞാനറിയാത്ത ഏതോ ഒരു ദുഖം എനിക്കുള്ളത് പോലെ. മാത്രമല്ല ഞാനറിയാതെ ഞാൻ അന്ന് കരഞ്ഞു .

എന്റെ മുറിയിലെ തന്തയായ ശിതീകരണ യന്ത്രം മുക്കിയും മൂളിയും ഏതോ വലിയ ചുരം കയറി കൊണ്ടിരിന്നു. എന്‍റെ എല്ലാ ഭാരവും ചുമന്നു കൊണ്ട്
പക്ഷെ അയാളുടെ മുഖം അപ്പോഴും ഒരു ചോദ്യം പോലെ എനിക്ക് ചുറ്റും നടക്കുന്നത് പോലെ

അയാൾ എന്‍റെ കു‌ടെ റുമിൽ ഉള്ളത് പോലെ 
പ്പെട്ടെന്നു ഒരു സംശയം എനിക്ക് തോന്നി.
ആരോ ഒരാൾ റുമിൽ നിന്നും പിൻവലിഞ്ഞുവോ ?
ഇല്ല എനിക്ക് തോന്നിയതാവാം .അതെ രണ്ടു കണ്ണുകൾ എന്നെ ശ്രദ്ധിച്ചു കൊണ്ട് ഇവിടെ നിന്നിരുന്നില്ലേ ?ഇല്ല തോന്നിയതാവാം എന്നാശ്വസിക്കാൻ ശ്രമിക്കുമ്പോഴും ഉള്ളിന്‍റെ ഉള്ളിൽ ഒരു നേരിയ നടുക്കം തോന്നാതിരുന്നില്ല 

പിന്നെ പുറത്തു നിന്നും കേൾക്കുന്ന ഓരോ അനക്കവും എന്നിൽ ഒരു തരം ഭീതി പടർത്തി അത് അങ്ങിനെയാണല്ലോ.എന്തെങ്കിലും ഒരു പേടി തട്ടിയ മനസ്സിൽ പിന്നെ തോന്നുന്നതെന്തും ഭീതിയുടെ പരിവേഷമുള്ളതാകും ............

മനസ്സ് മറ്റോരോ കാര്യങ്ങളിലേക്ക് തിരിച്ചു വിട്ടു ഞാൻ ഉറക്കിനായി കിടന്നു കൊടുത്തു .പതിയെ പതിയെ ഒരു നേർത്ത ഉറക്കം കണ്‍പോളകളെ തഴുകാൻ തുടങ്ങി. പിന്നെ കാര്യമായ ഉറക്കിലേക്കും
ആ രാത്രി അവസാനിച്ചു ,പകൽ കടന്നു വന്നു .............

പകലും രാത്രിയും പുതു വസ്ത്ര മണിഞ്ഞു മാറി മാറി എനിക്ക് മുന്നിലൂടെ കടന്നു പോയികൊണ്ടിരുന്നപ്പോഴും എന്‍റെ കണ്ണുകൾ അയാളെ തേടി കൊണ്ടിരുന്നു ,നമ്മൾ ആഗ്രഹിക്കുന്ന ഒരു കാര്യം സാധിപ്പിച്ചു തരാൻ ഈ പ്രപഞ്ചവും അതിലെ ചരാചരങ്ങളും നമുക്ക് കൂട്ട് നിൽക്കും എന്ന് പറഞ്ഞ പൌലോ കൊയ്ലയുടെ വാക്കുകൾ അത് എത്ര ശെരിയാണ് .കാലം എനിക്ക് വേദി ഒരുക്കി തന്നു എന്ന് തന്നെ പറയട്ടെ ....

ഇന്നലെ ഞാൻ അയാളെ വിണ്ടും കണ്ടു മുട്ടി..
നിരബാധിച്ച താടി രോമങ്ങളെ തലോടി കൊണ്ട് അയാൾ ആ ഹോട്ടലിൽ ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ അയാൾക്ക്‌ അഭിമുഖ മായി ഞാനിരുന്നു ,പതിയെ പതിയെ ഓരോന്ന് ചോദിച്ചറിഞ്ഞു കൊണ്ടിരിക്കവെ
ഒരിറ്റ് കണ്ണ്നീർ തുള്ളി എന്നിൽ നിന്നും അയാൾക്ക്‌ മുന്നിൽ അടർന്നു വീണു ...പിന്നെ ഒട്ടും താമസിച്ചില്ല അയളെ കൂട്ടിപിടിച്ചുകൊണ്ട് രണ്ട് കവിളിലും മുത്തം നൽകി ഞാൻ മെല്ലെ അവിടെ നിന്നും വിട വാങ്ങി.

ഒറ്റപെടലിന്‍റെയും നൊമ്പരത്തിന്‍റെയും ചുഴിയിൽ പെട്ട്പോയ ആ വ്യദ്ധന്‍റെ ചേതോവികാരങ്ങൾ കുറിക്കാൻ എന്‍റെ കയ്യിൽ വാക്കുകളില്ലാ.......

ശുഭം......... മുസ്തു,ഊർപ്പായി