Wednesday, January 29, 2014





ഒരു കൈ അബദ്ധം

.......................................
അന്ന് വൈകുന്നേരം കുളിരുളള ചൂള കാറ്റ് വീശികൊണ്ടിരുന്നു.
മഴക്കുള്ള ഒരുക്കത്തിനെന്നോണം ആകാശം കാർമേഘങ്ങൾ കൊണ്ട് മൂടിയിരിക്കുന്നു.അവയൊന്നും ഗൗനിക്കാതെ പതിവ് പോലെയുള്ള നടത്തത്തിനു ഞാനിറങ്ങി.... 

റോഡിനു ഇരുവശത്തും കത്രിച്ച് അലങ്കരിച്ചു നിറുത്തിയ ചെടികൾക്കിടയിലൂടെ നടക്കാൻ പാകത്തിൽ കട്ടകൾ പാകിയ നടപ്പാതയിലൂടെ കൈകൾ ആഞ്ഞ് വീശി കൊണ്ട് നടക്കവെ_

എന്റെ ചെരിപ്പടികൾക്കൊപ്പം വയസ്സറിയിച്ച കൗമാരക്കാരിക്കാരികളായ ഈന്തപ്പനകൾ ഒപ്പന പാടുമ്പോൾ മന്ദഗമനമേറ്റ ചെടി ശിഖിരങ്ങൾ പരസ്പരം ചെരിഞ്ഞാടി കൊണ്ട് നൃത്തം വെക്കുന്നുണ്ടായിരുന്നു..

നടപ്പാതയുടെ ഒരറ്റം വരെ സഞ്ചരിച്ച് തിരികെ നടക്കുമ്പോൾ കയററ്റ കപ്പിയും,പാട്ടയും കിണറിലേക്ക് പതിക്കുന്ന പോലെ ഒരു വാഹനം വിദൂരതയിൽ നിന്നും ചീറി പാഞ്ഞ് വന്ന് വ്യക്തമായി തിരിച്ചറിയാൻ കഴിയാത്ത എന്തോ ഒന്നിനെ തട്ടി തെറിപ്പിച്ചു കൊണ്ട് റോഡിലൂടെ കടന്നു പോകുന്നത് കാണുന്നുണ്ടായിരുന്നു..

അത് എന്താണെന്ന് ചിന്തിക്കാനൊരുങ്ങുന്നതിന്റെ മുന്നേ
ആ വണ്ടിയുടെ മുഴക്കം അകലങ്ങളിൽ അലിഞ്ഞ് അലിഞ്ഞ് നേർത്ത് ഇല്ലാതാകുമ്പോൾ എന്റെ അധരങ്ങൾ യാന്ത്രികമായി വക്രിച്ചു ഉരുവിട്ട് പോയത് മറ്റൊന്നുമല്ലായിരുന്നു "എന്തൊരു മരണപോക്കാണതിന്ന് ചോര തിളപ്പി .........!

പറഞ്ഞു മുഴുപ്പിക്കും മുന്നേ എന്തോ ഒന്ന് എന്റെ രണ്ട് കലുകൾക്കിടയിലേക്ക് ഓടി കയറി പിണഞ്ഞ് എനിക്ക് മുന്നിൽ പിടഞ്ഞു വീണു.ആ രംഗം കണ്ടു എന്റെ മനസ്സൊന്നു പിടഞ്ഞു. ആദ്യകാഴ്ച്ചയുടെ അഘാതത്തിൽ മുഖം തനിയെയൊന്നു തിരിഞ്ഞു. ആ നേരം എന്റെ കണ്ണുകൾ പെടുന്നനെ ഒന്ന് മങ്ങി തെളിഞ്ഞു.....

രണ്ടു കണ്ണുകളും പുറത്തേക്കു ഉന്തി, പിടലി ഞെരമ്പുകൾ തുറിച്ച് ചെവിയിലൂടെയും,മൂക്കിലൂടെയും രക്തം ഒലിച്ചിറങ്ങുന്നൊരു പൂച്ചയായിരുന്നത്..

മരണ വെപ്രാളത്താൽ പിടയുന്ന പൂച്ചയുടെ വായിൽ നിന്നും പതയും,നുരയും,രക്തവും മിശ്രിതം ചേർന്ന് ആറ്റി കുറുക്കിയ കുറി അരി കഞ്ഞി പോലെ നിമിഷ നേരം കൊണ്ട് ആ നടപ്പാതയിൽ തളം കെട്ടി തുടങ്ങി..

നിറകണ്ണുകളോടെ പൂച്ചക്കരികിൽ ഞാനിരുന്നു. പിടഞ്ഞു തീരുന്ന പൂച്ച പിൻ കാലുകൾ കൊണ്ട് ചിറ മാന്തുമ്പോഴെല്ലാം തൊട്ടരികിലുള്ള പഴയ മരത്തടികൾ കൂട്ടിയിട്ട പൊളിഞ്ഞ് വീഴാറായ പുരാതന ഷെഡിലേക്ക് തല തിരിക്കുന്നത് പലവട്ടം ഞാൻ ശ്രദ്ധിക്കാതിരുന്നില്ല.....

അവസാനം കാലുകൾ കൂട്ടി പിണച്ചു മൂരി വലിഞ്ഞു ശ്വാസം പുറത്തേക്ക് തള്ളി നിശ്ചലമാകുമ്പോൾ പൂച്ച തലതിരിഞ്ഞു കിടന്നതും മരത്തടികൾ കൂട്ടിയിട്ട പുരാതന ഷെഡിലേക്ക് തന്നെയായിരുന്നു.

പുറത്തേക്കുന്തിയ ബീഭത്സമമായ കണ്ണുകൾ തറച്ചു നിന്നതും ആ ഭാഗത്തേക്ക് തന്നെ.. അസ്വഭാവികമായി എനിക്കൊന്നും അന്നേരം തോന്നിയില്ല. തോന്നേണ്ട അവശ്യവുമില്ലല്ലോ
മരണ പെപ്രാളമായ സംഭ്രമങ്ങളായെ ഞാൻ കരുതി യുള്ളൂ..

പക്ഷെ

അകിടിൽ പാല് നിറഞ്ഞു തൂങ്ങിയ ചേതനയറ്റ പൂച്ചയെ ദുരന്തത്തിന്റെ അസ്വസ്ഥതയോടെയും സങ്കടത്തോടെയും ആ മരത്തടികൾ കൂട്ടിയിട്ട പുരാതന ഷെഡിനരികിലേക്ക് മാറ്റി കിടത്തുമ്പോൾ എന്റെ കണ്ണുകൾ മരത്തടികളുടെ ചെരുവിലേക്കൊന്ന് പാളിച്ചെന്നു.

ആ കാഴ്ച്ച കണ്ട നിമിഷം ഒരു നിശ്ചലത എന്നിലേക്ക് പാഞ്ഞു കയറി. എന്റെ സകല ഇന്ദ്രിയങ്ങളെയും അതൊരു നിമിഷം അനാവരണം ചെയ്തു നിന്നു...

കണ്ണുകൾ കീറാത്ത മൂന്ന് പൂച്ച കുഞ്ഞുങ്ങൾ അമ്മയുടെ മണം പിടിച്ചിട്ടെന്ന വണ്ണം തല ഉയർത്തുന്ന ദയനീയമായ രംഗം..

ഞാൻ കരയുകയായിരുന്നു ആകാശത്തേക്ക് വിരൽ ചൂണ്ടി പരിസരം മറന്നു ദൈവത്തോട് കലഹിച്ചു കൊണ്ട് വീണ്ടും വീണ്ടും കരഞ്ഞു ചോദിച്ചു
എന്തിനാണ് ഈ ദുർവിധി മിണ്ടാ പ്രാണികളോട് ? നീ ക്രൂരനായി മാറിയോ ?മറുവടി ഇല്ലാതെ
ദൈവം മൗനം പാലിച്ചപ്പോൾ ഒരു ഉൾപ്രേരണ എന്നിലേക്ക് പ്രഹരിച്ചു....

അതെ ദൈവത്തിനു ഒരു കൈ അബദ്ധം പറ്റിയിരിക്കുന്നു.

നനവാർന്ന കണ്ണുകളോടെ പൂവിതൾ പോലെയുള്ള പൂച്ച കുഞ്ഞുങ്ങളുമായി റൂമിലേക്ക് നടക്കുമ്പോൾ

മനുഷ്യരുടെ എത്രയോ അബദ്ധങ്ങൾ ക്ഷമിക്കുന്ന നാഥനോട് ഈ അടിയനും ഇന്ന് ക്ഷമിച്ചിരിക്കുന്നു..
ആ പൂച്ചകൾ ഇന്ന് സ്വന്തമായി ആഹാരം തേടി നടക്കാൻ പ്രാപ്തരായി കഴിഞ്ഞിരിക്കുന്നു....{musthu urpayi} 




ഒരു രക്ഷപ്പെടൽ 

...............................................
അന്നൊരിക്കൽ ഉച്ചയൂണ് തിന്ന് മുറ്റത്തേക്കിറങ്ങിയപ്പോൾ 
പറമ്പിലെ കോഴി ഒരു പല്ലിയുടെ പിന്നാലെ പായുന്നു. 
ഇരയെ കിട്ടിയ ആവേശത്തിൽ കോഴിയും 
ജീവരക്ഷാർത്ഥം പല്ലിയും ഓടുകയാണ്.. 

അവസാനം അത് തന്നെ സംഭവിച്ചു. 
കോഴിയുടെ ചുണ്ടുകൾക്കിടയിൽ പ്പെട്ട് പല്ലി പിടയുകയാണ്. 
അസഹ്യമായ വേദനയാലെ പുളയുന്ന പല്ലി 
എന്നെ നോക്കി കരയുന്നത് പോലെയാണ് അന്നേരം തോന്നിയത്

ആ നോട്ടത്തിലെ യാചനയുടെ തരംഗം എന്നിലേക്ക് പടർന്ന് കയറിപ്പോൾ ദയനീയമായ ആ കാഴ്ച്ച അധിക നേരം നോക്കി നിൽക്കാൻ സാധിക്കുമായിരുന്നില്ല.

പിന്നെ ഒട്ടും താമസിച്ചില്ല

ഒരു കല്ലെടുത്ത്‌ കോഴിയെ ഏറിയാൻ കൈകൾ ഓങ്ങിയപ്പോൾ
കോഴി വിശാലമായ ആ പറമ്പിലെ വിദൂരതയിലേക്ക് ഓടി മറയുകയാണ്

എന്റെ ശ്രമങ്ങളോക്കെയും പരാചയപ്പെട്ടപ്പോൾ
നിസ്സഹായതയോടെ കൈകൾ മുകളിലേക്ക് ഉയർത്തി

അന്നേരമാണ് അത് സംഭവിച്ചത്.
എന്റെ മനസ്സ് വായിച്ചിട്ടെന്ന പോലെ ഒരു കാറ്റ് ഹുങ്കാരം മുഴക്കി ആ പറമ്പിലേക്ക് ച്ചീറി കടന്നു വന്നു കൊണ്ട് ഉണങ്ങിയ ഓരോലയും മട്ടലും നിലത്തേക്ക് പതിപ്പിച്ചു

പെടുന്നനെയുള്ള
ആകസ്മികമായ ആ അപകടത്തിൽ നിന്നും ഒഴിഞ്ഞു മാറാനുള്ള വ്യഗ്രതയിൽ കോഴി എല്ലാം മറന്ന് ഓടവെ ചുണ്ടിൽ നിന്നും പല്ലി സ്വതന്ത്രമായി കഴിഞ്ഞിരുന്നു..

ഇഴഞ്ഞു ഇഴഞ്ഞു തെങ്ങിന് മുകളിൽ കയറിയ പല്ലി എന്നെ നോക്കി കണ്ണുറുക്കി കാണിച്ചപ്പോൾ ഞാൻ ചിന്തിക്കുകയായിരുന്നു.

നിസ്സഹായമായ അവസ്ഥയിൽ ദൈവിക സഹായം മനുഷ്യരിലേക്ക് മാത്രമല്ല സകല ജീവ ജാലങ്ങളിലേക്കും കടന്നു വരുമെന്ന്.... നമ്മൾ പ്രതീക്ഷിക്കാത്ത കോലത്തിലും, ഭാവത്തിലും 

Sunday, January 19, 2014

ഇവിടെ ഒരാൾ 
.............................
ബാവക്കാക്ക് എന്നെ വലിയ കാര്യമാണ്.
റൂമിലെത്താനൊന്നു വൈകിയാൽ പിന്നെ വിളി തുടങ്ങും 
കാര്യാമന്യേഷിക്കും, 

ചില ദിവസങ്ങളിൽ എന്റെ വിരിപ്പൊന്നു ഞാൻ മടക്കി വെക്കാതെ ജോലിക്ക് പോയാൽ വൈകുന്നേരം തിരികെയെത്തുമ്പോഴേക്കും ബാവക്ക അത് മടക്കിവെച്ചിട്ടുണ്ടാകും.

ഞാനില്ലാത്ത അഭാവങ്ങളിൽ എന്റെ ചെരിപ്പൊന്നു സ്ഥാനം തെറ്റിയാൽ, എന്റെ തുണികൾ ഒന്ന് നിലത്ത് വീണാൽ,എന്റെ ഫോണ്‍ ഒന്ന് കരഞ്ഞാൽ ഒരു രക്ഷാ കവചം പോലെ ബാവക്ക എപ്പോഴും എനിക്ക് പിന്നാലെയുണ്ടാകും.

ബാവക്കയുടെ പഴയ കട്ടിലിലും, പഴയവിരിപ്പിലും പ്രായത്തിന്റെ ഗന്ധംചുറ്റു വലയം ചെയ്ത്കിടക്കുന്നുണ്ടെന്ന് എനിക്ക് വലപ്പോഴും അനുഭവപ്പെട്ടിട്ടുണ്ട്. 

ഏറെ കാലത്തെ പ്രവാസ ജീവിതം മതിയാക്കി ഇന്ന് ബാവക്ക നാട്ടിലേക്ക് തിരിക്കുകയാണ്.ഇന്നലെ ബാവക്കയുടെ കു‌ടെ അവരുടെ അരികിലിരുന്നു കൂട്ടി പിടിച്ചിരുന്നു ഓരോരോ കാര്യങ്ങൾ സംസാരിച്ചു കൊണ്ടിരിക്കന്നു.ആദ്യകാല പ്രവാസ ജീവിത ദുരിതങ്ങളും,കഷ്ട്ടപ്പാടുകളും ആ കണ്ണുകളിൽ ഒരു മിന്നായം പോലെ കടന്നു പോയി .

അവസാനം അവരെ കെട്ടിപ്പിടിച്ചൊരു ഉമ്മയും കൊടുത്ത് ഞാൻ വിട വാങ്ങുമ്പോൾ ആ കണ്ണിൽ നിന്നും കണ്ണീർ തുള്ളികൾ പ്രായം ചുളിച്ച കവിൾ തടത്തിലൂടെ ഒളിച്ചിറങ്ങി

ഞാൻ ചോദിച്ചു അല്ല ബാവക്ക 
എന്തിനാ നിങ്ങൾ ഇപ്പോൾ കരയുന്നത് സന്തോഷിക്കേണ്ട സമയമല്ലേ ?

പക്ഷെ മറുവടി കേട്ട് ഞാൻ തളർന്ന് പോയി,എന്റെ മനസ്സിലെവിടെയോ ഒരു സൂചി മുന ആഴ്ന്ന് ഇറങ്ങുന്നത് ഞാൻ അറിഞ്ഞു 

എത്രയോ തവണ ഞാൻ നാട്ടിൽ നിന്നും തിരികെ വരുമ്പോൾ ഇങ്ങിനെ ഒരു മുത്തം എന്റെ മകൻ എനിക്ക് തരുമെന്ന് ഞാൻ പ്രതീക്ഷിക്കും,പക്ഷെ എനിക്ക് ഇത് വരെയും അത് കിട്ടിയിട്ടില്ല ,

പണ്ടൊക്കെ പൂച്ചകളുടെ ശല്ല്യം സഹിക്കാതെ വരുമ്പോൾ ചാക്കിൽ കെട്ടി ഊര് കടത്തുന്ന ഒരു സ്വഭാവമുണ്ട് , വല്ല അങ്ങാടിയിലോ ഇടവഴികളിലോ തുറന്ന് വിടുന്നത് പോലെ കരിപ്പൂർ വിമാനത്താവളത്തിൽ എന്നെ കാറിൽ നിന്നും ഇറക്കി വിടുമ്പോഴെങ്കിലും അത് കിട്ടുമെന്ന് ഞാൻ പ്രതീക്ഷിക്കും പക്ഷേ .. 

അവനെ പറഞ്ഞിട്ടും കാര്യമില്ലാ , ഞാൻ അവനുമായിട്ട് ഇട പഴകി ജീവിച്ചിട്ടുമില്ലല്ലോ.ഈ പ്രവാസ ജീവിതം ബാക്കി പറയാനാവാതെ 
ഇത്രയും പറഞ്ഞു കൊണ്ട് ബാവക്ക നിറഞ്ഞ കണ്ണുകളോടെ ബാത്ത്റൂമിലേക്ക് കയറി പോയി ..

ബാവക്കയുടെ മകൻ ഒരു ഫ്രീക്കനാണ് , ഒരു ബുജി താടിവെച്ചിട്ടുണ്ട്. കൊച്ചിയിൽ പഠിക്കുകയാണ് 
അവനും എന്റെ ഫ്രണ്ട് ലിസ്റ്റിലുണ്ട്, അവന്റെ ഓരോ ഫോട്ടോക്കും ഇരുനൂറിൽ പരം ലൈക്കും കിട്ടുന്നുണ്ട്.. സ്വന്തം ഉപ്പയെ ഒരിക്കൽ പോലും മുത്തമിടാത്ത ഇവനോട്‌ ഞാൻ എന്ത് പറയാനാ ....