Monday, January 12, 2015

എന്‍റെ പ്രണയിനി
അതെ എനിക്കുമുണ്ടായിരുന്നു ഒരു പ്രണയം
എന്‍റെ പ്രണയിനി.ഈ മനസ്സിനെ നോവിക്കാതെ പോയിട്ടില്ല
അവളെ കാണുമ്പോൾ ഇപ്പോഴും ഒരു ആന്തൽ 
ഒരു കുത്ത്,ഒരു വേദന.ഒരു സങ്കടം ഞാൻ അത് പറയട്ടെ
എനിക്ക് പറയാതെ വയ്യ
.......................................................
കലാലയത്തോട് വിട പറയുന്ന ദിവസം
എന്‍റെ പ്രണയിനി എന്നെ നോക്കി കൊണ്ട്
ഒരടഞ്ഞ നിലവിളിയോടെ ആ തെരുവിലൂടെ ഓടിയപ്പോൾ
ഓട്ട വീണ ഹൃദയവുമായി അവളുടെ പിന്നാലെ ഞാനും ഓടി
ഓടി കിതച്ചു അവളുടെ വീട്ടു പടിക്കൽ ഞാനെത്തുമ്പോൾ
എന്നെ ഒട്ടും തന്നെ തളർച്ച ബാധിച്ചിരുന്നില്ല..
ഉടുവാട നഷ്ട്ടപ്പെട്ടവനെ പോലെ ഞാനയാൾക്ക് മുന്നിൽ നിന്ന് കൊണ്ട് കൈകൾ കൂപ്പി കെഞ്ചി പറഞ്ഞു
എനിക്ക് ഇഷ്ട്ടമാണ് അവളെ
ഞങ്ങളെ ജീവിക്കാൻ അനുവദിക്കുമോ ?
കേട്ട പാതി കേൾക്കാത്ത പാതി എന്റെ പിരടിക്ക് പിടിച്ച്
തള്ളുമ്പോൾ വാതിൽ പടിക്ക് പിന്നിൽ മറഞ്ഞിരുന്ന
ആ കണ്ണുകൾ വെള്ളം ചോർന്നു പോയ കുളത്തിലെ പരൽ മീനുകളെ പ്പോലെ പിടയുന്നത് ഞാൻ കണ്ടിരുന്നു.
എന്റെ തലക്ക് കിട്ടിയ പ്രഹരത്തിൽ പ്രാണൻ പോകുന്ന വേദനയോടെ ഞാനുറക്കെ ഒന്നലറി കരഞ്ഞത് മാത്രം നേരിയ ഒരോർമയുണ്ട്
അന്നേരം ആകാശത്തിന്റെ ഭാരം എന്നിലേക്ക് ഇറങ്ങിവരുന്നത് പോലെ,മരങ്ങളായ മരചില്ലകളിലെല്ലാം ആ ഭാരം തങ്ങി നിന്ന് എനിക്ക് കൂട്ട് തന്നത് പോലെ . അന്നത്തെ ആ പകൽ പോലും രാത്രിയുടെ ചേലിൽ ഇരുണ്ട് മൂടി കിടന്നു
ആ നാട്ടിലെ നാട്ടുകാർ പോലും ആ തന്തക്ക് വേണ്ടി ഇടപെടുന്ന ഘട്ടം വന്നപ്പോഴാണ് ഞാനതിൽ നിന്നും പിൻവാങ്ങി പ്രണയത്തെ ആ പടിക്കൽ വെച്ച് കൊന്ന് കളഞ്ഞത്. പിന്നെയല്ലാം ഒരുസങ്കടമയം,
എപ്പോഴും സങ്കടം , സർവ്വവും എനിക്ക് സങ്കടം .........
പിന്നെ സങ്കടങ്ങളുടെ അണ്‍ഡകടാഹത്തിലേക്ക് തല കിഴായി താണ് താണ് പോയി കൊണ്ടിരുന്നു , കരയാൻ അന്ന് എനിക്ക് ഒരിറ്റ് കണ്ണീരു പോലും ബാക്കിയില്ലായിരുന്നു .
കാല ചക്രം നീങ്ങി , എല്ലാം മറന്നു തുടങ്ങി.
ഇന്ന് എന്റെ ജീവിതത്തിലേക്ക് കടന്നു വന്നവളാണ് അവളെ കുറിച്ച് വീണ്ടും എന്നോട് പറഞ്ഞത് ..
ഭാര്യയുടെ ആവശ്യ പ്രകാരം ഇന്ന് ആ പടി കടന്നു
അവളുടെ മുഖം കാണുമ്പോള്‍
കണ്ണുകളില്‍ കിനിയുന്ന കണ്ണുനിരുതുള്ളികള്‍
മദം പ്പൊട്ടിയ കാള കുളമ്പുകളുടെ കഥ പറയുന്നു.
വിണ്ടു കീറിയ കാലുകളും,പച്ച മണം മലീനസമാക്കിയ അടുക്കളയും പറക്ക മുറ്റാത്ത കുറെ കുഞ്ഞുങ്ങളും .
അവസാനം എന്റെ നോട്ട മുന ചെന്ന് തറച്ചത്
എല്ലും കോലുമായ അവളുടെ മേനിയിലും,ലഹരി പുകയുടെ ആനന്ദത്തില്‍ മുഴുകി ബരാന്തയിലുളളവനിലേക്കും
ഒരു നിസ്സംഗതയോടെ ഞാൻ തിരിച്ചു നടക്കവെ തൊണ്ടയിൽ കുരുങ്ങിയ നേർത്തൊരു "ഹെലോ"എന്നൊരു വിളി അന്തരീക്ഷത്തിലലിഞ്ഞ് ഇല്ലാതാവുന്നത് ഞാനറിഞ്ഞിരുന്നു...................
അതിനു മറുവടി പറയാൻ എന്റെ തൊണ്ടയിലും ശബ്ദമില്ലാതായിരിക്കുന്നു. ഞാൻ ഒച്ചയില്ലാതെ വിതുമ്പി കൊണ്ടിരിക്കവേ എനിക്കൊപ്പം എന്റെ ഭാര്യയും വിതുമ്പി കൊണ്ടിരുന്നു

No comments:

Post a Comment