Saturday, October 3, 2015

അതിരാവിലെ കാർത്തു മാറും,നാഭിയും കുലുക്കി
ഓടി കിതച്ചുമുറ്റത്ത്‌ വന്ന് മിതീൻ മാപ്പിളേന്നുള്ള
നീട്ടി വിളി കേട്ടാണ് ഞാൻ ഉണർന്നത്.
ന്റെ കെട്ടിയോനെ കാണുന്നില്ലാന്നും പറഞ്ഞ് 
സ്വിച്ച് ഇട്ടതു പോലെ ഒരു കരച്ചിൽ
മൂക്കിള പീഞ്ഞ് അരഞ്ഞാണത്തിനടിയിൽ
തിരുകി വെച്ച കടലാസെടുത്ത്‌ ഇതിലൊന്ന്
വിളിച്ചോക്കാണിങ്ങളൂന്ന് പറഞ്ഞ്
നിറുത്തി വെച്ച കരച്ചിൽ വീണ്ടും തുടങ്ങി
ആ ഒരുമ്പട്ട ച്ചക്കേൾച്ചി മരുന്ന് പള്ളയിലാക്കി
പാട്ട് പിടിച്ച് ഈ കുട്ട്യോൾടെ തന്ത നമ്മെ മറന്നൂന്നും പറഞ്ഞ്
പിന്നെയും കരച്ചിൽ
ഇറക്കി കെട്ടിയ വെറ്റില കൊടി കണ്ട്
നാല് വെറ്റില ഇച്ചും തന്നാണിന്നു മാപ്പിളേന്ന് പറഞ്ഞപ്പോ
പണ്ട് ഓല കയറി പാടിയ കാസറ്റ്
പാട്ട് പോലെ കരച്ചിൽ ഒന്ന് ചുക്കി ചുളിഞ്ഞു
ച്ചക്കേൾച്ചി കുറച്ചു തൊലി വെളുത്തപ്പോ
മ്മള പറ്റിണില്ലാന്ന് പറഞ്ഞ്
കോന്തലയിൽ മൂക്ക് തുടച്ച് പിന്നെയും കരച്ചിൽ.
സീനത്ത് തുണിക്കടയുടെ ഉറയിലേക്ക് ഇത്തിരി ചാണക പൊടി തോണ്ടിയെടുക്കുമ്പോൾ എന്തിനാ കാർത്തൂന്ന്
ഉപ്പ ചോദിക്കണത് കേട്ടപ്പോൾ
കാർത്തു പെടുന്നനെ കരച്ചിൽ നിറുത്തി
അന്ന് നിങ്ങൾ തന്ന രമ്പുട്ടാൻ തൈ പൂവിട്ട കാര്യം പറഞ്ഞു.
അന്ന് ഞാൻ വെച്ച രമ്പുട്ടാൻ തൈ
അത് പോലെ ഒരു മാറ്റവും ഇല്ലാതെ നിൽക്കുന്നത് കാർത്തൂനെ
ഞാൻ കാണിച്ചപ്പോൾ ഇത് നിന്നെ പോലെ
ഒരു കൊരറ്റാന്നും പറഞ്ഞു കാർത്തു ചിരിയോട് ചിരി
ഇന്നലെ രാവിലെ
പത്ര വിതരണക്കാരനേയും നോക്കി കണ്ണുകൾ
പലവട്ടം റോഡിലേക്ക് പാഞ്ഞ് പോകുന്നുണ്ടായിരുന്നു.
ഇന്നലെ ഉച്ചക്ക് 
പെയ്തൊഴിഞ്ഞ മഴയിൽ
മുറ്റത്ത്‌ തളം കെട്ടിയ കൊച്ചു വെള്ളക്കെട്ടിന് മുകളിൽ_
പാറി പറന്ന് വീണ് തുമ്പി പലവട്ടം ദാഹമകറ്റുന്നത്
കൗതുകത്തോടെ ഈ കണ്ണുകൾ നോക്കി കാണുന്നുണ്ടായിരുന്നു
ഇന്നലെ വൈകുന്നേരം
വിളക്കിന്റെ വെട്ടത്തിൽ
ചുമരിൽ ഗൌളികൾ അരിച്ചിറങ്ങി ഇര പിടിക്കുന്നതും
പിടഞ്ഞ് പിടഞ്ഞ് ഇരകൾ ഭക്ഷണമാവുന്നതും ഈ കണ്ണുകൾ ഒപ്പിയെടുത്തിരുന്നു
ഇന്ന് രാവിലെ
പത്ര വിതരണക്കാരൻ
ചരമ കോളത്തിൽ ഇടം പിടിച്ചിരിക്കുന്നു.
ഇന്ന് ഉച്ചക്ക്
മുറ്റത്ത്‌ തളം കെട്ടിയ വെള്ളക്കെട്ടിന് മുകളിൽ
തുമ്പിയുടെ ചിറക് പൊട്ടി വീണ് പൊന്തി കിടക്കുന്നു.
ഇന്ന് വൈകുന്നേരം
ഉമ്മയുടെ മാറാല കൊള്ളി തട്ടി ഗൌളിയുടെ_
വാലറ്റു നിലം പതിച്ചിരിക്കുന്നു
രജീഷ് മുങ്ങി മരിച്ചിരിക്കുന്നു.
മിൻഹാസ് വൈദ്യുതി അഘാതമേറ്റും
മരണങ്ങൾ രംഗ ബോധമില്ലാതെ കടന്നു വരുന്നു.
ഹൃദയാന്തരങ്ങളേ നുള്ളി നോവിച്ച്
മാതൃഹൃദയങ്ങളെ പ്രകമ്പനം കൊള്ളിച്ച്
പ്രകൃതിയെ മൂകതയിലേക്ക് തള്ളി വിട്ട്
മരണങ്ങൾ യാത്ര തുടരുമ്പോൾ
സ്വർഗ്ഗ നിലാവിന്റെ അലങ്കാരങ്ങൾ വാരി പുതച്ച്
അദ്രിശ്യമായ സ്വപ്ന ലാവണ്യങ്ങളുടെ ആരാമങ്ങളിലേക്ക്
അവർ യാത്ര പോകുന്നു ദൈവത്തിന്റെ പ്രേമ ഭാജനമായി......
മാലാഖമാർ ആത്മാക്കളെ
വെള്ള പുതപ്പിച്ച്‌ പടിഞ്ഞാറിന്റെ മുക്ക് തോണ്ടി
മുളം കാടുകളിലൂടെ കടന്നു വരുന്ന
ഇളം തെന്നലുകൾ പാട്ടുകൾ പാടി
നീലാ വെളിച്ചത്തിൽ കുതിർന്ന മേഘ പാളികൾ
മഞ്ഞിൻ ശകലങ്ങൾ കൊണ്ട് പൂക്കൾ വിതറി
ആതമാവിന്റെ ഇതളുകൾ ഓരോന്നായി കടന്ന് കടന്ന്
ആകാശത്തിന്റെ നീലിമയിൽ മന്ദാരപ്പൂക്കളായി
അവർ മാറി കൊണ്ടിരിക്കുന്നു
എന്റെ തെരുവിൽ
നോവിന്റെ താളം തെറ്റിയ കരച്ചിലുകൾ
എന്റെ തെരുവിൽ നിന്നും മറ്റൊരു
തെരുവിലേക്ക് പോകുമ്പോൾ_ 
നിദ്രാ വിഹീനരായ ഉമ്മയും,മക്കളും മരിച്ചു പോയ
ഉപ്പയെ കുറിച്ചോർത്ത് തിരിഞ്ഞും,മറിഞ്ഞും കിടക്കുന്നു.
വെള്ള പുടവയണിഞ്ഞു അപ്പൻ മലർന്ന് കിടക്കുമ്പോൾ
ആഗ്രഹങ്ങളും,സ്വപ്നങ്ങളും തള്ളി തുറന്ന പടിപ്പുര വാതിലുകൾ ജീർണ്ണിച്ച് പോയ ശരീരം ഉപേക്ഷിച്ച് ആത്മാവ് ഇറങ്ങിയത് കണ്ട് ഞെടുക്കം മാറാതെ കണ്ണ് തള്ളി തുറന്ന് നിൽക്കുന്നു
അതെ ദൈവം ശൂന്യതയാണെന്ന് ആരോ വിളിച്ച് കരയുമ്പോൾ
അതെ ദൈവം അക്ഷയ പാത്രമാണെന്ന് ആരോ ചിരിച്ച് കൂവുന്നു
കണ്‍ത്തടത്തിനടിയിൽ നിന്നാണ്
ഈ വെളിച്ചം ജനിക്കുന്നത്.
അവിടെ വെച്ച് തെന്നെയാണ്
ഈ വെളിച്ചം മരിക്കുന്നതും.
എന്റെ തെരുവിൽ
പ്രകാശിച്ചു കൊണ്ടിരുന്ന
വിളക്കിന് നേരെ ആരാണ് ഇങ്ങിനെ ഈതിയത്.
എന്റെ നയനങ്ങൾക്ക് ദ്രിശ്യമായിരുന്ന തീ നാളം
എങ്ങോട്ടാണ് ഓടി മറഞ്ഞത്
തീ നാളത്തിന് സംഭവിക്കുന്ന
അസ്തമയം പോലെ നമ്മളും അസ്തമിക്കുന്നു.
ചിലപ്പോൾ എണ്ണ വറ്റി വിളക്കണയും പോലെ
ചിലപ്പോൾ ഊതി കെടുത്തും പോലെ
ഓരോ മരണങ്ങളും നമ്മോട് എന്താണ് വിളിച്ചു പറയുന്നത്
കാലമെത്താതെ എത്ര എത്ര പേരാണ് നമ്മുക്കിടയിൽ നിന്നും മരണത്തിലേക്ക് വഴുതി വീഴുന്നത്.
എന്നിട്ടും നമുക്ക് കുലക്കമില്ല.
ഭയം നമ്മെ ഒട്ടും പിടികൂടുന്നില്ല.
കുറച്ചു നേരത്തെ മൗനം,
കുറച്ചു നേരത്തെ ചിന്ത.
പിന്നെ ഒരു നെടുവീർപ്പ് തീർന്നു.
പിന്നെയും നമ്മൾ പഴയപടി.
നമ്മുടെ മനസ്സും പഴയ പടി.
പലരും ഇന്ന് കരയാൻ പോലും മറന്നിരിക്കുന്നു.
ഓരോ മരണവും നിമിഷങ്ങൾക്കകം വിസ്മരിക്കപ്പെടുന്നു.
നൈമിഷികമായ വികാരങ്ങളെ താലോലിച്ചു കൊണ്ട് ചിരിക്കാനും ആനന്ദിക്കാനും മാത്രമേ പലരും ഇന്ന് ശ്രമിക്കുന്നുള്ളൂ.
പക്ഷെ കരഞ്ഞു പോകും
സ്വന്തങ്ങൾ വിട പറയുമ്പോൾ
അതും കാലമെത്താതെ വിട പറയുമ്പോൾ
കരഞ്ഞ് കരഞ്ഞ് കണ്ണീർ തുള്ളികൾ കൊണ്ടവർ
മീസാൻ കല്ലിനെ സ്നാനം ചെയ്യപ്പെടുമ്പോൾ
കാഴ്ച്ചക്കാരായി നോക്കി നിൽക്കവെ
ഹൃദയമുള്ളവർ ആരും കരഞ്ഞു പോകും
ചേതനയറ്റ ശരീരം ഭൂമിയിൽ ഉപേക്ഷിക്കപ്പെടുമ്പോൾ
ആർക്കും വേണ്ടാത്ത ശരീരം ഭൂമിക്ക് തന്നെ നൽകുമ്പോൾ
ഹൃദയമുള്ളവർ ആരും കരഞ്ഞു പോകും