Tuesday, July 30, 2013



 നേരം
................................
മാനം  തൻ  മുലകണ്ണ്‍
ചുവപ്പിക്കും.   നേരം

പറവ തൻ ചേക്കയിൽ
ചേക്കേറും.    നേരം

കായികത്തിൻ  മായികയിൽ
മയങ്ങീടും. നേരം

മരണത്തിൻ  വരവിനെ
അറിയുമോ  ?  ആ    നേരം

                 എന്‍റെ   മരണം  സാഹ് യാനത്തിൻ   നേരമോ,..?

 താരകമാം  മാനം
 നിറഞ്ഞീടും.    നേരം

 അമ്പിളിപൊൻപ്രഭ
ചൊരിഞ്ഞീടും.   നേരം

 ഇരുൾ തൻ പുതപ്പ്
നിവർത്തീടും.        നേരം

നിദ്രതൻ കണ്‍കളെ
കാർന്നീടും,     നേരം

 മരണത്തിൻ  കൈകൾ
പുണരുമോ ?      ആ  നേരം

                            എന്‍റെ   മരണം  രാത്രിയിൻ    നേരമോ... ?

സൂര്യൻവർണ്ണം
വിതറീടും.     നേരം

കോടമഞ്ഞിൻ  കോമരം
തുള്ളീടും.    നേരം

മഞ്ഞ് തൻ മുത്തുകൾ
വിതറീടും.     നേരം

മരണത്തിൻ  വരവിനെ
അറിയുമോ ?   ആ  നേരം

                           എന്‍റെ  മരണം സുപ്രഭാതത്തിൻ.    നേരമോ,,,?
   
അജ്ഞരാം  നമ്മളിടം
നാഥന്‍റെ .............. നേരം

കരുണ വാനിൻ  കൈകൾ
തലോടണേ    ആ   നേരം

പാപത്തിൻ  കറകൾ
കഴുകുവീൻ  ഈ   നേരം

സ്മരിക്കുവീൻ  നമ്മളിൻ  മരണത്തിൻ   നേരം 

Sunday, July 28, 2013



സുജൂദ്
............................
കനത്തൊരു വാക്കായിരുന്നു
ന്‍റെ  വാചാലതയെ മൗനം കൊണ്ട്  അനാവരണം ചെയ്തത്..

മൗനങ്ങളിൽ  ഊളിയിട്ട് പരതുമ്പോൾ
ഞാനൊന്നുമല്ലാതായി  മാറുന്നു ...
ഒന്നുമല്ലാത്ത  അവസ്ഥയിൽ നിന്നും എല്ലാമുള്ള അവസ്ഥയിലേക്ക്
എന്തൊക്കയോ  വീണ്ടും വീണ്ടും ഞാനെത്തുന്നു,,,,,,,,,,,,,

മനസ്സിന്‍റെ  ഭാവനാ  ചിറക്  അറ്റ്‌  വീഴുമ്പോൾ
ഒരു ശക്തി ഒരേ  ഒരു  ശക്തിക്ക്  മുന്നിൽ ഞാൻ
നിലം പതിക്കുന്നു 
ഇന്നലെ രാത്രി ഒരു പോള കണ്ണടച്ചട്ടില്ലാ 
ശക്തമായ തലവേദനയും ,പനിയും ..അസ്വസ്ഥത മൂലം 
തിരിഞ്ഞും മറിഞ്ഞും കിടന്നു കൊണ്ട് നേരം വെളുപ്പിച്ചു 
വളരെ ക്ഷീണത്തോടെ ഞാൻ എഴുന്നേറ്റു പുറത്തേക്കു വരുമ്പോൾ 
സഹപ്രവർത്തകൻ എന്നോട്( good morning )
സുപ്രഭാതം പറഞ്ഞു എനിക്ക് കലിപ്പാണ്‌ വന്നത് പക്ഷെ ..... ഒന്നും പ്രതികരിക്കാതെ ഞാൻ പുറത്തേക്ക് പോകുമ്പോൾ 
അടുത്ത റൂമിലെ കുട്ടിക്ക അസ്സലാമു അലൈകും ( നിങ്ങളുടെ മേലിൽ ദൈവത്തിന്‍റെ സഹായം ഉണ്ടാവട്ടെ) എന്ന് പറഞ്ഞപ്പോൾ .എന്നെയും എന്‍റെ മനസ്സിനെയും ഒരു കുളിർ കാറ്റ് തലോടി കൊണ്ട് മുന്നോട്ട് പോയി
നമ്മുടെ അഭിവാദന രീതി എത്ര മഹത്തരം

Saturday, July 27, 2013

മണം ......................... കോറ്റത്തങ്ങാടിയിലെ വായനശാലക്ക് മുന്നിലിരുന്ന് വായക്ക് വന്നതൊക്കെ പറഞ്ഞു കൊണ്ട് വാവിട്ടു ചിരിക്കുകയും ,
വഴിയാത്രക്കാരെ കളിയാക്കി കൊഞ്ഞനം കാട്ടി സിഗരറ്റ് പകുത്തു വലിക്കുമ്പോഴും പാക്കുകളുടെ ഗന്ധം കാറ്റിലലിഞ്ഞപ്പോഴും ആ കൗമാരങ്ങളില്‍ അവനും, എനിക്കും ഒരു മണമായിരുന്നു....! "ഊഷ്മളമായ സൗഹൃദ ബന്ധങ്ങളുടെ മണം" ഇന്ന് ശിതീകരിച്ച കാറിലിരുന്നു അവനവളോട് പറഞ്ഞത്രെ ആ ഇരിക്കുന്നവര്‍ക്കല്ലാം ഒരു മണമാണ് മുട്ടനാടിന്‍റെ മണം ഒരു മുട്ടനാടിന്‍റെ മണം

Wednesday, July 17, 2013

കൂറാബി
........................
നിലവിളി നിലവിളി
നെടുവീർ പ്പുൾ
നിശ്ചയം നിശ്ചലം ..
കേട്ടില്ലാ നീ ആ രോദനം
കരളത്രെ പിടഞ്ഞു പെറ്റമ്മയിൽ ,
അവശനായി അവസാനത്തിനായ്
വെഗ്രത കാട്ടുമാ ആ വീർപ്പുകളിൽ
കാലനായ് കഠാരമേന്തി
തിരുത്തിയിൽ പൂ നിലാവ് ................
ബോധ വീണ രാഗം കേട്ടില്ലാ നീ
നൈമിഷികമാം പൈശാചികത
ത്രസിച്ചു നീ മതി മറന്നു .
തരള കോമള രൂപിണി മേനിയിൽ
കണ്ടനാളം കണ്ടിച്ചൊരു ബലി
അർപ്പണമുണ്ടാടുകളിൽ
ചരിതം മറന്നു ചാഞ്ചാടി നീ
മുഞ്ചാടി പോൽ
കൊതി ഉതിർത്ത നിനവുകളിൽ
പൊറാട്ടയിൻ ഗഗരമേന്തി
കലി തുള്ളി കാഹുവിൻ കുട്ടാളികൾ.
കാറ്റിന്‍റെ ചുണ്ടിൽ രക്ത രേണുവിൻ
സിന്ദൂരം ചാർത്തി വലിയ കണ്ടത്തുകാർ
നരക വിത്തുകൾ നവയുവങ്ങളിൽ
തരളമാക്കിയ കാപാലികളെ
നീറുന്ന ഓർമകളിൻ മുരൾച്ച
കേട്ട് നീങ്ങൾ ഉണരുന്നുവോ . ചാകാനായ ആടിനെ അറവ് ചെയ്തു ഭക്ഷണം പാകം ചെയ്തു തന്റെ കൂട്ടുകാരെ സൽകരിച്ചവർക്കായി സമർപ്പിക്കുന്നു

Tuesday, July 16, 2013

പനക്കുരുവും 
മഞ്ചാടി ക്കുരുവും
ഇല്ലാത്ത വഴികൾ .

അണ്ണാനും ,
അരണയും ,
ഓന്തും
ഇല്ലാത്ത വേലികൾ

മണ്ണിരയും ,ആമയും
ഇല്ലാത്ത
പറമ്പുകൾ

വേട്ടാളനും ,കടുന്നലും
കൂടു കൂട്ടാത്ത
ചുമരുകൾ

ച്ചക്കക്കുരു ചുട്ടതും ,
അരി വറുത്തിട്ട ചായയും
ഇല്ലാത്ത സാഹ് യാനങ്ങൾ

മിന്നാമിന്നും ,
ചീവീടുകളുമില്ലാത്ത
രാത്രികൾ

തവളയും ,പാറ്റയും
ഇല്ലാത്ത മഴകൾ

ഏലിയും ,കൂറയുമില്ലാത്ത
പത്തായങ്ങൾ

പ്രക്രിതി യുടെ താളവും മേളവും തെറ്റി
നിരന്തരമായ യാത്രകൾ എന്നെയും മാറ്റി
വിദേശ പണങ്ങൾ ജിവിത രീതികളെ
അട്ടി മറിച്ചു
വിചിത്രവും ,വിസ്മയകരവുമായ സംസ്കാരങ്ങൾ
പിറവി കൊണ്ടു ..

മുറിവേറ്റ  വാക്ക് 
............................
ഉറുമ്പുകളുടെ
ഘോഷയാത്രയിലെന്ന  പോലെ
കരുണ  വറ്റിയ  ഹ്രദയം   പേറി 
ഇഴഞ്ഞു  നീങ്ങുന്ന  എന്‍റെ വാഹനം

ചിന്നി ചിതറിയ
ശരീരങ്ങളില്‍ മനസ്സുകള്‍ മുട്ടി
ചിന്തകളിലേക്ക് ഓടവെ-

വെള്ള പുതച്ച പുടവകളില്‍
രക്തം വരച്ച  ആര്‍ട്ട് ഗാലറികൾക്ക് മുന്നില്‍ 
ഒച്ചായി മാറിയപ്പോള്‍......... "11

ചിതറിയ മോഹങ്ങള്‍ ,ഉടഞ്ഞ പ്രതീക്ഷകൾ 
കരിഞ്ഞ സ്വപ്‌നങ്ങള്‍ ,മുറിഞ്ഞ വാക്കുകള്‍ ,
ബാക്കി വെച്ചത്,പറഞ്ഞു തീരാത്തത്.

"ഒന്ന് വേഗം"

ഒന്ന് വേഗം പോടാ 
ഇതിലെന്തിരിക്കുന്നു
എന്‍റെ വിമാനം മിസ്സാകും
എന്ന വാക്ക് കേട്ടപ്പോഴാണ്
ഞാനൊരു  ശവം ചുമന്നോടുന്ന

ഉറുമ്പാണന്ന കാര്യം മനസ്സിലായത് ...

Saturday, July 13, 2013

   
അവനും ,ഞാനും 
........................................
ഞാനും  അവനും  ഇണ  പിരിയാത്ത  കൂട്ടുകാരായിരുന്നു . ഊണിലും , ഉറക്കിലും ,പകലിലും നിലാവിലും ഞങ്ങള്‍ ഒരുമിച്ചായിരുന്നു എന്ന്  തന്നെ പറയാം . എന്നും  അതിരാവിലെ  ഇസ്കൂളിലേക്കുള്ള ഞങ്ങളുടെ യാത്രകള്‍ പല  അനുഭവങ്ങളെയും , ഓര്‍മകളെയും  സമ്മാനിച്ചിരുന്നു. ഈ  മരിഭൂവില്‍  കോണ്‍ക്രീറ്റ് കാടുകളില്‍ ജിവിതം ഒരു  ബോണ്‍സായിയെ പോലെ  വളരുമ്പോള്‍ ബാല്യ കൗമാര സ്മ്രിതികളുടെ ആഴിയിലെക്ക് ഒരു യാത്ര   നടത്താരുണ്ട്  ഇടക്ക് ഇടക്ക് 

എന്നും അതി  രാവിലെ  എന്‍റെ വീട്ട്  പടിക്കല്‍  വന്ന് അവനൊരു  കൂക്ക്( കൂവൽ )  പാസ്സാകും  അത്  കേട്ട  പാടെ  മുഖത്ത്  പറ്റി  പിടിച്ച  പഞ്ചാര   മണികള്‍ തട്ടി മാറ്റാതെ ,ഓട്ടടഅപ്പം തിന്ന കൈ വിരലില്‍  പറ്റി  പിടിച്ച കരി പോലും  കഴുകി കളയാതെ, ഉമ്മയുടെ  വാക്കുകള്‍ കേള്‍ക്കാതെ, അവന്‍റെ കൂടെ  ഒരു  യാത്രയാണ്‌ നമ്മുടെ ആ കലാലയത്തിലേക്ക്  ഓര്‍മകള്‍    വീണ് ചിതറിയ ആ കലാലയ മുറ്റത്തിലേക്ക് .. ...... !
ആ യാത്രയില്‍  അവന്‍റെ  കയ്യിലൊരു  മട്ടി മരത്തിന്‍റെ വടി കാണും . ഇരുഭാഗത്ത്‌ നിന്നും  റോഡിലേക്ക്  ചാഞ്ഞ് കിടക്കുന്ന അപ്പ  മരങ്ങളുടെയും ,ചെമ്പരത്തി പൂവുകളുടെയും , തൊട്ടാവാടികളുടെയും  പൊടിച്ചു  വരുന്ന ഇളം കൂമ്പുകള്‍ അടിച്ചു വിഴ്ത്തി  അവന്‍ ഉറക്കെ പറയുമായിരുന്നു.  അബുജാഹിലിന്‍റെ  തല ഞാന്‍വെട്ടി അബുജാഹിലിന്‍റെ  തല  ഞാന്‍  വെട്ടി

മാത്രമല്ല  വേലി  അരികിലും  മരങ്ങളിലും  നിറം  മാറി  നില്‍ക്കുന്ന ഓന്തിനെയും ,ഇഴഞ്ഞ് നീങ്ങുന്ന  അരണകളെയും,  അവന്‍റെ കണ്ണുകള്‍  അതിവേഗം ഒപ്പിയെടുക്കും  പിന്നെ  ഒരു സൂത്രം വെക്കലാണ് .  ആ സൂത്രം  വെക്കലിന്നു മുന്നില്‍  എത്ര എത്ര  ഓന്തുകളും , അരണകളും, തവളകളും പിടഞ്ഞു പിടഞ്ഞു  മരിക്കുന്നത്  ഞാന്‍  കണ്ടിട്ടുണ്ട് ,അന്നേരം  ഞാന്‍  അവനോട് പറയും  അള്ളാഹുവിന്‍റെ കുറ്റം  നിനക്ക് കിട്ടും . നിന്‍റെ ചെവിക്ക്  ചൊറി  വരും , കാലുകള്‍ക്ക് വിള്ളല്‍  വരും , ഇനി നീ ഇങ്ങിനെ  ചെയ്യരുത് ..നീ  എന്നോട്  സത്യം  ചെയ്യണം ഈ  ഭൂമി തൊട്ടും രണ്ട് മലക്ക്  തൊട്ടും. ഇനി ഞാൻ  ഒരിക്കലും ഇങ്ങിനെ  ചെയ്യില്ലാ എന്ന്  പക്ഷെ  "കുളക്കോഴിക്ക്  എന്ത്  ചങ്കരാന്തി " എന്നത് പോലെ ഇതൊന്നും  കേട്ട  ഭാവം പോലും അവന്‍  നടിക്കാറെ ഇല്ല,, പല ജീവികളെയും അവന്റെ  സൂത്രം വെക്കലിന്നു  ഇരയായി കൊണ്ടിരുന്നു 


എങ്കിലും  എനിക്ക്  വല്ലാത്ത  ഇഷട്ടമായിരുന്നു  അവനെ , അവന്‍  എന്നെ  നല്ലതും  കെട്ടതും പഠിപ്പിച്ചു.  എല്ലാം  അവനാണ്  എനിക്ക് കാണിച്ചു  തരാറൂള്ളത് . ഇസ്കൂള്‍ മുറ്റത്ത് വിണുകിടക്കുന്ന നാരങ്ങാ തോടുകള്‍ ഞെക്കി വെള്ളകെട്ടുകളില്‍ വര്‍ണ്ണങ്ങള്‍  കാണിച്ചതും, പേന പമ്പിന്‍റെ മുനയൂരി വെള്ളത്തിട്ട്  കപ്പലോട്ടി കാണിച്ചതും ,മാങ്ങ അണ്ടി തെറിപ്പിച്ചു ആനയോ കുതിരയോ കളിക്കാമെന്നും ,തുപ്പലം പുരട്ടി തുപ്പലംപ്പൊട്ടി പ്പൊട്ടിക്കാമെന്നും,കുറുത്ത മങ്ങരണ്ടി മുട്ടിപൊളിച്ചുതിന്നുമെന്നും,അങ്ങിനെ അങ്ങിനെ നീളുകയാണ് ആ പട്ടിക .........

ഇസ്കൂള്‍ വിട്ടാല്‍ പിന്നെ ഒരോട്ടമാണ് . വിഷദീകരിക്കാനാവാത്ത  ഒരു  ബദ്ധപ്പാടും ആവേശവും  ആ ഓട്ടത്തിനുണ്ടാകും.  അത്  ചെന്ന്  നില്‍ക്കുക ഐസ് പ്പെട്ടികള്‍ക്ക്  മുന്നിലാവും ഞാനൊരു  മുന്തിരി ഐസും അവനൊരു അവില്‍ ഐസും  വാങ്ങി  ഊമ്പി  വലിച്ചൊരു നീട്ടി നടത്തമാകും പിന്നെ ,
ഹാജിയാരുടെ  തവള കൊട്ടക്കായയും  , അല്ലിക്കോഴി ജാഫറിന്‍റെ  വീട്ടിലെ റബര്‍ കുരുവും  , കണ്ണമ്പള്ളി മാധവേട്ടന്‍റെ  അച്ചിപുളികളും  കുപ്പായ കീശയില്‍  ഭദ്രമാക്കി  നടക്കുമ്പോള്‍ പന്താര പറമ്പിലെ കണ്ണ് കീറാത്ത പട്ടി കുഞ്ഞുങ്ങളെയും ,ഫാരൂക്കിന്‍റെ വീട്ടിലെ പഴക്കം പറയുന്ന തത്തയെയും  ഒരു സന്ദര്‍ശനം കൂടി  ഞങ്ങൾ  നടത്തിയിരിക്കും .. 

ഇങ്ങിനെ ഒക്കെ യാണങ്കിലും  ഇന്ന്  ഞങ്ങള്‍ മിണ്ടാറില്ല ,ഞങ്ങളുടെ സൗഹ്രദ പരമായ കാഴ്ചകള്‍  കണ്ട്  അസൂയ പൂണ്ടവരുടെ   നോട്ടമുനകള്‍ക്ക് ഫലം  കണ്ടിരിക്കുന്നു . ഞങ്ങള്‍ അടിച്ചു  പിരിഞ്ഞ  ആ  ദിവസം 
ആ  കറുത്ത  ദിവസം , മുറിവേറ്റ ഉരഗം പോലെ  എന്‍റെ മനസ്സ് പിടഞ്ഞ  ആ  ദിവസം ...........

ഞാൻ  ആ കഥ  പറയാം ........

വട്ട ചിറയില്‍  നിന്നും കുത്തി  മറയലും  കുളിയും കഴിഞ്ഞ്  വീട്ടിലേക്ക്  മടങ്ങവെ , പടിഞ്ഞാറന്‍  കുന്നുകള്‍ക്ക്  പിറകില്‍  സുര്യന്‍  അപ്രതിക്ഷമാവാന്‍  തുടി  കൊട്ടുന്നു . ഓല ചൂളയും കുവ ചെടിയുടെ  ഇളം കൂമ്പ്  വലിച്ച്  പീപ്പിളി  വിളിച്ചും ഞങ്ങള്‍ നടക്കവെ , രാത്രിയുടെ കരിം പുതപ്പ്  മല്ലെ മല്ലെ കടന്ന്  വന്നുകൊണ്ടിരുന്നു , പ്പെട്ടെന്നാണ്  അത്  സംഭവിച്ചത്  ഇരുട്ടിന്‍റെ  മറവില്‍  നിന്നും ഒരു ജീവി ഞങ്ങളുടെ മുന്നിലൂടെ ഒരു പ്രതേക തരം ശബ്ദം പുറത്ത് വിട്ട് കൊണ്ട്  ഇരുളിലേക്ക് ഓടി  മറഞ്ഞു.. ഞങ്ങളില്‍ ഒരു  തരം  ഭയം  ത്രസിച്ചു . കുറച്ചു  നേരത്തെ മൂകതക്ക്  വിരാമം കുറിച്ച്  ഞാന്‍  പറഞ്ഞു  തുടങ്ങി  അതൊരു  നായയാണ്‌  പേടിക്കാനൊന്നുമില്ല പക്ഷേ .....................  

                                          തുടരും

Monday, July 1, 2013


എന്‍റെ  പുള്ളിക്കോഴി 


എന്‍റെ കുട്ടിക്കാലം എനിക്കൊരു പുള്ളി ക്കോഴി ഉണ്ടായിരുന്നു.

ഉമ്മയുടെ വീട്ടില്‍ നിന്നും എനിക്ക് അമ്മാവന്‍ തന്ന ഒരു പുള്ളി ക്കോഴി.
ഒരു പ്ലാസ്റ്റിക്ക് കവറിലാക്കി തെയ്യാലങ്ങാടിയും നന്നംബ്രയും തെക്കെത്താഴവും താണ്ടി എന്‍റെ വീട്ടിലെത്തിച്ച ദിവസം ഇന്നും എന്‍റെ ഓര്‍മകളില്‍ തങ്ങി നില്‍ക്കുന്നു.
ഏഴ്വര്‍ണ്ണങ്ങള്‍ ഒരുമിച്ചു കിട്ടിയത് കൊണ്ട് തന്നെ അവള്‍ കുറച്ച് ഗമയോടെ തെല്ലഅഹങ്കാരത്തോടെ എന്‍റെ അമിതമായ ലാളനയോടെ ചുറ്റി കറങ്ങി.
അടുക്കളയില്‍ നിന്നും പുറത്താക്കിയ ഒരു കൊട്ടക്കൈല്‍ ഉപയോഗിച്ചായിരുന്നു അവളിട്ടിരുന്ന ഇളം ചുവപ്പ് കലര്‍ന്ന മുട്ട കോഴിക്കൂട്ടില്‍ നിന്നും ഞാനെടുത്തിരുന്നത്.. ഉച്ച കഞ്ഞി തിളച്ച് മറിയുമ്പോള്‍ എന്‍റെ ഒരു മുട്ടയും അതോടൊപ്പം വെന്തിരുന്നു . മുട്ട തിന്ന് മുട്ടക്കരുവും  തിന്നു നടന്ന ദിവസങ്ങള്‍ ...

കോഴി പൊരുങ്ങി നിന്ന ദിവസം ഒരു കയറില്‍ കെട്ടിയിട്ട് അവളുടെ അസുഖം മാറ്റിയതും , ഉമ്മ കാണാതെ അരി വാരി കൂടെ കൂടെ തീറ്റിച്ചതും ചീല നിറഞ്ഞോ എന്ന് ഇടക്ക് ഇടക്ക് പരിശോദിച്ചതും ഇന്നലകളില്‍ എന്നപോലെ

അയലത്തെ മൂസാക്കയുടെ കുരിപ്പ് പിടിച്ച പൂവന്‍ കോഴികളെ അവളുടെ അടുത്തേക്ക് ഞാന്‍ അടുപ്പിച്ചിരുന്നില്ല. ആരെയും കൊത്താനും പിന്നാലെ പായാനും ഞാന്‍ സമ്മതിച്ചിരുന്നില്ല,, അതിനാലെയാണോ എന്നറിയില്ല പിന്നീട്   ഒരിക്കലും അവൾ  മുട്ടയുംഇട്ടില്ല

ഉമ്മ ഇടക്ക് പിറ് പിറുത്ത് തുടങ്ങി എന്ത് പറ്റി നിന്‍റെ കോഴിക്ക്. ഇങ്ങിനെ പോയാല്‍ നിനക്ക് കോഴി  മുട്ട കായി കൊടുത്തു വങ്ങേണ്ടി വരുമല്ലോ ? ഈ കോഴിയെ ബദ്രീങ്ങളെ നേര്‍ച്ചക്ക് കൊടുക്കണം,, അല്ലങ്കില്‍ അളിയന്‍ വരുന്ന ദിവസം അറുത്ത് കറിവെക്കണം ... ഇത് കേട്ട ദിവസങ്ങളില്‍ എല്ലാം ഞാന്‍ കോഴിയോടും  കാര്യങ്ങള്‍ പറഞ്ഞു മനസ്സില്ലാക്കി പക്ഷെ  എന്നിട്ടും കാര്യം ....................

പതിവില്ലാതെ പള്ളിയിലെ മൊല്ല പടിപ്പുര കടന്നു വന്നപ്പോള്‍ എനിക്ക് മനസ്സിലായിരുന്നില്ല
എന്‍റെ പുള്ളി കോഴിയെ അറക്കാനാണ് മൊല്ല വന്നതെന്ന്

ഊരി പിടിച്ച കത്തിയുമായി വീടിന്‍റെ പിറകിലേക്ക് മൊല്ലയും ഉപ്പയും എന്‍റെ പുള്ളികോഴിയെ
ആനയിച്ചപ്പോള്‍ കോഴിക്കണ്ണ് എന്നെയും എന്‍റെ വള്ളിനിക്കറിനെയും നോക്കിയത് എന്തിനായിരുന്നുവെന്ന് ഇന്നും ഒരു ചോദ്യമായി എന്‍റെ മനസ്സില്‍ അവശേഷിക്കുന്നു ..

കത്തിയും ചോരക്കറയും കഴുകി മൊല്ല മെല്ലെ  പോകാനൊരുങ്ങിയപ്പോള്‍ ഉപ്പയുടെ കൈ മൊല്ലയുടെ കുപ്പായ കീശയിലേക്ക് മിന്ന്യെറിയും വേഗതയില്‍ കയറി ഇറങ്ങിയതും എന്തിനായിരുവെന്നും അന്ന് എനിക്ക് മനസ്സിലായില്ല ...

അന്നേരം എന്‍റെ പുന്നാര കോഴി പിടയുകയാണ് വളരെ ശക്തിയായി ശ്വാസം ഉള്ളിലേക്ക്‌ ആഞ്ഞു വലിക്കുന്നത് പോലെ എനിക്ക് തോന്നി പലവട്ടം പലവട്ടം പക്ഷെ ............
മൊല്ല പടിപ്പുര കടന്നു പോകുമ്പോള്‍ എന്‍റെ പുള്ളി കോഴി നിശ്ച് ലമായി കഴിഞ്ഞിരുന്നു

എന്‍റെ സങ്കടം കണ്ണുനീരായി ഒഴുകിയിട്ടും . എത്ര കരഞ്ഞു പറഞ്ഞിട്ടും ചെവി കൊടുക്കാതെ
അളിയനിക്കായി എന്‍റെ പുള്ളി കോഴി നാമാവിശേഷമായ ആ ദിവസം

മുടഞ്ഞ ഒരോലയിട്ട് കോഴിയുടെ തോല്ഉരിക്കവെ എന്‍റെ ഉമ്മ അടുക്കളയില്‍ നിന്നും വിളിച്ചു പറയുന്നത് ഞാന്‍ കേട്ടു "നോക്കിന്ന് കോഴിക്കാല് കുറച്ചു നീട്ടി മുറിചോളിം'' നമ്മുടെ മരുമകന്ന്
കോഴിക്കാല് വിളമ്പണം .............