Friday, May 30, 2014

ഞാനെല്ലാം പറഞ്ഞു കഴിഞ്ഞ സംത്രിപ്തിയിലാണ് 
ഇനി പറയാനുള്ളത് ഒന്നേ ഒന്ന് മാത്രം 

മനം പ്പൊട്ടികരയുന്ന മരുഭൂമിയിലേക്ക് 
പച്ച പുതപ്പ് മൂടിയ നാട്ടിൽ നിന്നും 
അമ്മമാരുടെ തേട്ടങ്ങൾ കടന്നു വരുന്നു 

ഒരു മുതലാളിയാവണമെന്ന മോഹം
അസ്തമയ സൂര്യനോട് അടുക്കുന്നു.
ആയുസ്സിന്റെ പാതിയും പ്രതീക്ഷകളുടെ നദീ തീരത്ത് 
ചൂണ്ടയെറിഞ്ഞു ഞാൻ കാത്തിരിക്കുന്നു.
ചിന്തകളുടെ ഉറവിടം പണയം വെച്ച് ചൂണ്ട വാങ്ങുമ്പോൾ
പെരുമയും, ദുരഭിമാനവും അകക്കഴങ്ങളിൽ ഇളകി മറിയുന്നു.
ആയുസ്സിന്റെ അവസാന താളിൽ പോരായ്മകളുടെ ശവം അഴുകി കരക്കണയുമ്പോൾ തുള വീണ മാറിടം കാട്ടി ഭൂമി കാത്തിരിക്കുന്നുണ്ടെവിടെയോ
മണൽ കാടുകൾക്ക് മുകളിൽ 
താങ്ങാനാവാത്ത കറു കറുത്ത 
പ്രശ്നങ്ങളെയും ചുമന്നൊരു 
കാർമേഘം ചുമ ചുമന്ന് നിലയുറപ്പിച്ചു. 
പ്രതീക്ഷകളിൽ അപ്രതീക്ഷിതമായി 
അടർന്ന് വീണവർ നാല് ദിക്കിലേക്കും 
തെറിച്ച് വീഴുമ്പോൾ_ 
അപ്പോഴാണ് സുരേഷിന് ജോലി നഷ്ട്ടപ്പെട്ടത് 
ആലിക്ക് പനി പിടിച്ചത് 
സോളമന്ന് വണ്ടി തട്ടിയത് 
അവളുടെ അമ്മ മരിച്ചത്
എന്റെ ബതാക്ക കളഞ്ഞു പോയത്
സഹ പ്രവർത്തകന്ന് മുകാലിഫ തടഞ്ഞത്
റൂമിൽ വെള്ളം കട്ട് ചെയ്തത്
കൊടുക്കാനുള്ള ക്യാഷിനവൻ അലറിയത്
അമ്മക്ക് ആരോപണം നേരിട്ടത്

ഓരോർത്തരിലേക്കും എത്ര
കൃത്യമായി ഓഹരി വെച്ചാണ് ഈ
പ്രശ്ന മേഘങ്ങൾ ദിനവും കടന്നു പോകുന്നത്

Thursday, May 29, 2014

സൂഫി 

ഇതാ ഇവിടെ 
അവസാനത്തെ പ്രതീക്ഷയും 
കൈവിട്ട് പോകുന്നു. 
ഏത് രാത്രിയിലും,ഏത് പകലിലും 
എന്തും സംഭവിക്കാം. 
ഓരോ രാത്രിയും ഇരുണ്ട് വെളുക്കുമ്പോഴും 
ആർക്കും ഒന്നും സംഭവിക്കില്ലെന്ന് 
ആർക്കാണ് ഉറപ്പ് നൽകാനാവുക ?

ഇപ്പോൾ ഒരു
നാൽക്കവലയിലാണ് ഞാനുള്ളത്
ഇനി പോകാനുള്ള വഴി
ആരാണൊന്നു കാണിച്ചു തരിക ?
ഇന്നലെ മാനം പറഞ്ഞ കഥ 
..............................................................
ഒരു വൈകുന്നേരം 
മരണം ആ ഗ്രാമത്തിലേക്ക് കടന്നു. 
എന്നിട്ടും ഞാൻ കണ്ടില്ല. ഭൂമി വാസികൾക്കും വിഷയമേ അല്ല. 
അന്ന് പറവകൾ ചേക്കയിലേക്ക് മടങ്ങാതിരിക്കില്ല. 
കുട്ടികൾ കളിയുടെ മാസ്മരികതയിൽ അലിയാതിരിക്കില്ല. 
കവലയിലെ മീൻ കച്ചവടക്കാരന് ഒരു കൂസലുമില്ല.
ഓട്ടോറിക്ഷക്കാരൻ ട്രിപ്പ് മുടക്കിയില്ല. 
നൊടിയിട നേരം കൊണ്ട് വാർത്ത‍ കടലുകൾ കടക്കാതിരിക്കില്ല.
ഞെട്ടലും,നടുക്കവും തീരെയില്ല.
ചുടു നിസ്വാങ്ങളും,നെടുവീർപ്പുകളും ഉതിർന്ന് വീഴില്ല.
എന്നിട്ടും എന്താണാവോ ആ അമ്മ മനസ്സ് മാത്രം വിങ്ങി പ്പൊട്ടിയതും.
തൊഴുത്തിലെ നാൽകാലി ചെവി കൂർപ്പിച്ചതും.
നിശ ഒരു നിമിഷം നിശ്ചലമായതും.
ചന്ദ്രകല മൂകതയിലാർന്നതും.
താരകങ്ങൾക്ക് മങ്ങലേറ്റതും.
വൻ മരങ്ങൾക്ക് വിഷാദം ത്രസിച്ചതും.
യാ അള്ളാ 
...........................................................
അവർ ഇരയെ പോലെ മുന്നിലൂടെ നടക്കും 
ഞാൻ അറിയാതെ മായാ വലയത്തിലേക്ക് 
കാല് തെറ്റി വീഴും. 

തെറ്റുകൾ ആൾ മറയില്ലാത്ത 
പൊട്ടക്കിണറുകളെ പോലെയാകവെ!
ചിന്തകളിൽ മറവികൾ കറുപ്പ് മൂടും 

ഞാൻ എന്റെ നാഥനോട് സംസാരിച്ചു
തൊണ്ട കീറുമാറുച്ചത്തിൽ.
ഭൂമിയെ ഫില്ലറുകൾ ഇല്ലാതെ വാർത്തിട്ടവൻ നീ
ആകാശത്തെ തൂണ് കളില്ലാതെ ഉയർത്തിയവനും നീ
നക്ഷത്രങ്ങളെ കയറുകളില്ലാതെ തൂക്കിയിട്ടവനും നീ
സകല അണ്ഡകടാഹാങ്ങളെയും നിയന്ത്രിക്കുന്നവനും നീ

എന്നിട്ടും
ഈ പാപിയെ
ഈ പ്രവാസിയെ
ഈ നഷ്ട്ടപ്പെട്ടവനെ
ഈ ഉരുകി തീരുന്നവനെ
ഈ സങ്കടപ്പെടുന്നവനെ
നിയന്ത്രണമില്ലാതെ,ലക്കും ലഗാനുമില്ലാതെ

നീ എന്നിലേക്ക് ഇറങ്ങി വരണം
നീ എന്റെ കണ്ണുകളാവണം
നീ എന്റെ കാലുകളാകണം
നീ എന്റെ മനസ്സിനെയും നിയന്ത്രിക്കണം
അൽഅയിൻ താഴ്വര 

ഹോ എന്തൊരു സുന്ദരമാണ് 
വൃക്ഷലതാദികളുടെ തണൽ മുറ്റിയ പട്ടണം 
നിവർത്തിയിട്ട പരവതാനികളുടെ നാട് 
അരുവികളും,ജലധാരകളും, മലകളും,കുന്നുകളും,പക്ഷികളും പൂവുകളും,ചെടികളും,മരങ്ങളും.
അൽഅയിൻ എന്ന അറബി പദത്തിനു അർത്ഥം കണ്ണ് എന്നാണ് 
യു.എ. ഇ. യിലെ കണ്ണായ സ്ഥലം ഇന്നും സന്ദർശിച്ചു മടങ്ങി. ഇടക്ക് ഇടക്ക് ഒന്ന് പോകും. ആ നാടിനോട് വല്ലാത്ത മുഹബ്ബത്ത് തെന്നെയുണ്ട്.പ്രവാസം തുടക്കം കുറിച്ചത് അവിടെ നിന്നാണല്ലോ. അത് കൊണ്ട് തന്നെയാവണം ഓരോ യാത്രയിലും വല്ലാത്തനുഭൂതിയും.

മരങ്ങൾ ഇല പൊഴിച്ച് നോമ്പ് പിടിക്കുന്ന കാലമാണ് ഇപ്പോൾ.
വേരുകൾ അന്ന പാനിയങ്ങൾ സ്വീകരിക്കുന്നത് തല്കാലം നിറുത്തി വെക്കുമ്പോൾ ചില്ലകളിലേക്കും,ഇലകളിലേക്കും,കായകളിലേക്കും പൂവുകളിലേക്കുമുള്ള പോഷക പ്രവാഹം നിലക്കും.ഇവകളുടെ നിർമാണത്തിനുള്ള ഊർജ്ജം സമ്പാദിച്ച് വെക്കുന്നു, പിന്നെ ഒരു ഇടവേളക്ക് ശേഷം വീണ്ടും പുതിയ ഉണർവോട് കൂടി തളിർക്കുന്നു
അപ്പന് നേരിയ പനി വന്നു. 
അതൊരു ത്രി സന്ധ്യാനേരത്തായിരുന്നു. 
ശരീരം ചുട്ട് പഴുക്കാൻ തുടങ്ങി. 
അതൊരു ത്രി സന്ധ്യാ നേരത്തായിരുന്നു. 
രോഗം മൂർച്ഛിച്ച് കിടപ്പിലായി. 
അതൊരു ത്രിസന്ധ്യാ നേരത്തായിരുന്നു. 
അപ്പന് കഞ്ഞി വേണമോ എന്ന് ചോദിച്ചു. 
വേണമെന്ന് മെല്ലെ തലയാട്ടി.
താങ്ങി ചുമലിൽ കിടത്തി കഞ്ഞി കൊടുത്തു. 
അന്നേരം അപ്പന്റെ ഇരു കണ്ണിൽ നിന്നും കണ്ണീർ തുള്ളികൾ കവിളിലൂടെ താഴേക്ക് ഒലിച്ചിറങ്ങി. 
അതൊരു ത്രിസന്ധ്യാ നേരത്തായിരുന്നു.
അപ്പൻ ശ്വാസം ആഞ്ഞ് ആഞ്ഞ് വലിക്കാൻ തുടങ്ങി.
അതൊരു ത്രിസന്ധ്യാ നേരത്തായിരുന്നു.
ബന്ധക്കാരിൽ ചിലർ ഉറക്കമിളയ്ക്കാൻ
തറവാട്ടിലേക്ക് വന്നു തുടങ്ങി.
അതൊരു ത്രിസന്ധ്യാ നേരത്തായിരുന്നു.
അപ്പൻ എല്ലാവരെയും ഒന്ന് തുറിച്ചു നോക്കി.
അപ്പന്റെ ശ്വാസോഛാസ്വം നിലച്ചു.
അതും ഒരു ത്രിസന്ധ്യാ നേരത്തായിരുന്നു .
ഓരോർത്തരും സ്വന്തം വിചാരങ്ങളുമായി ഉമ്മറത്ത്‌ നിശബ്ദമായിരുന്നു.
സ്വപ്നങ്ങളല്ലാം തകർന്നു ജീവിക്കുന്ന ഒരു ശവം പോലെ
അപ്പന്റെ മൃതശരീരത്തിനടുത്തേക്ക്‌ വേച്ചു വേച്ചു അവൻ നടന്നു.
മനസ്സ് കൊണ്ട് അന്ത്യാപചാരങ്ങളർപ്പിച്ച്‌ വീട്ടിൽ നിന്നും ഇറങ്ങി നടന്നു.
ലക്ഷ്യം കാണാത്ത ഒരു യാത്രയിലേക്ക്
ഗ്ലോബൽ വില്ലേജ് 
വികസിക്കുന്നു. 
ഓട്ടോ ഫോക്കസ് 
വഴിമാറുന്നു. 
മനുഷ്യബന്ധങ്ങൾ 
തകർന്നു വീഴുന്നു. 
അമ്മ വിളി വെറും 
അധരവ്യായാമം.
മുഖപുസ്തകത്തിൽ 
ഒരു മുഖം മിനുക്കൽ. 
കീ ബോർഡിൽ 
വിരൽ വ്യായാമം

Saturday, May 10, 2014

ഞാൻ കിനാവ്‌ കാണുകയാണ്. 
മാനം ക്ലാവ് പിടിച്ച് തവിട്ട് നിറം ഏറ്റ് വാങ്ങാൻ തുടങ്ങി. 
ചെറിയൊരു ഇടി മുഴങ്ങി. 
മിന്നൽപ്പിണരുകൾ ആകാശച്ചെരുവുകളിലെമ്പാടും പുളഞ്ഞു പാഞ്ഞു. 
മരങ്ങളും,തെങ്ങിൻ തലപ്പുകളും ഇപ്പോൾ ഒടിഞ്ഞു വീഴുമെന്ന മട്ടിൽ 
ആടിയുലഞ്ഞു.ഖിയാമത്ത് നാള് വരുന്നത് പോലെ എനിക്ക് തോന്നി 
ഞാൻ തസ്ബീഹ് ചൊല്ലി കൊണ്ടിരുന്നു.

ഉമ്മ ഓടി അലക്കിയിട്ടത് വാരി കൂട്ടുന്നു. 
ആടുകൾ കുറ്റിയിൽ കറങ്ങി നില വിളിക്കുന്നു. 
പെങ്ങൾ വിളക്കിൽ മണ്ണെണ്ണ ഒഴിക്കുന്നു.
വല്ല്യമ്മ മട്ടലും,കൊതുമ്പും വിറക് പുരയിലേക്ക്‌ തള്ളുന്നു.
അങ്ങാടിയിൽ പോയ റഷീദിനെയും,ശിഹാബിനെയും തിരഞ്ഞ്
ആമിത്ത വേവലാതിയോടെ ഓടുന്നു.
കൊപ്ര കളത്തിലെ തേങ്ങ മൂടിക്കളയാൻ ബാപ്പു ഓടുന്നു.
പന്താര സമദ് ഓട്ടം മതിയാക്കി ഓരം കെട്ടുന്നു

പകൽ രാത്രിയെ പോലെ ഇരുണ്ട്മൂടി ച്ചുരുണ്ട് കിടക്കുന്നു.
അതെ ഇന്നൊരു മഴ ദിവസം തന്നെ.
ജോലിക്ക് പോകുന്നില്ലാന്ന് ഞാനും തീരുമാനിച്ചു.
ഒരു കട്ടൻ ചായയും കുറച്ചു അവിലും തേങ്ങയും ,അല്ലങ്കിൽ അരി വറുത്തതായാലും മതി.

ഞാൻ ഞെട്ടി ഉണർന്നു.മഴയുമില്ല,കോളുമില്ല
ഒരു മണ്ണാൻ കട്ടയുമില്ല. എന്നാലും ഈ മനസ്സിൽ
മഴ അനുസ്യൂതം തുടർന്ന് കൊണ്ടിരുന്നു...