Monday, January 21, 2013

അന്ന്  ചെറിയ  പെരുന്നാളിന്‍റെ
ചോറ് തിന്ന്  മിറ്റത്തു  മണ്ടി  കളിക്കവെ
ഉമ്മ  മണ്ടി വന്ന്  കണ്ണുരുട്ടി  പറഞ്ഞു.
"ആ തുണിയും  കുപ്പായവും  ഊരി വെക്ക്
ബലിയ പെരുന്നാളിന്  ഉടുക്കാനുള്ളതാ"
തെല്ല്  സങ്കടത്തോടെ  തുണിയും  കുപ്പായവും
ഊരി കൊടുക്കുമ്പോഴും  എന്‍റെ കണ്ണുകള്‍
കൈ  വിരലിലെ  നഖങ്ങളില്‍  വെള്ള  പുള്ളികള്‍ തിരയുകയവും,
ആ പെരുന്നാളിന്  ഒരു  വെള്ള പുള്ളി  മാത്രമെ നഖങ്ങളില്‍  കാണാന്‍  പറ്റിയുള്ളൂ
അതിനാലെ  തെന്നെയാവാം  അത്തവണ  ഒരു കൂട്ട് തുണിയും കുപ്പായവും മാത്രമായത്
ഇന്ന്  എന്‍റെ  വിരലുകളില്‍  ഒരറ്റ വെള്ള  പുള്ളിയും  ഇല്ലാ എങ്കിലും
എനിക്കിന്ന്  പുതിയ  തുണിയും  കുപ്പായവും  ഇഷ്ട്ടം  പോലെ ഉണ്ടല്ലോ ...

Monday, January 14, 2013

യാ രസൂലുള്ളാ സലാം
______________________
മദീനയുടെ മണ്ണ്
എന്‍റെ തിരു നബിയുടെ
കാല്‍ പാദം പതിഞ്ഞ മണ്ണ്
മദീനയിലെ കാറ്റ്
ആ ശ്വാസമിലിഞ്ഞ കാറ്റ്

മര്‍ഹബ പാടി വരവേറ്റ
മദീനാ നിവാസികളെ
നിങ്ങള്‍ എത്ര ഭാഗ്യവാന്മാര്‍

റബീഇന്റെ കുളിര്‍ മഴയില്‍
എനിക്കൊന്നു നനയണം
തമസ്സില്‍ പ്രഭ ചൊരിയും
സൗന്ദര്യ വദനം ദര്‍ശിക്കണം

മരുഭൂവിന്റെ മണല്‍ക്കാട്ടില്‍
ഇളം കാട്ടിലലയടിക്കുന്ന
തിരുവചനങ്ങള്‍ക്ക്‌
രാവുപുലരുംവരെ കാതോര്‍ക്കണം

ആ കരസ്പര്‍ശമൊന്നേല്‍ക്കാന്‍
യാറസൂലള്ളാ
അങ്ങ് നടന്ന അങ്ങയുടെ കണ്ണുകള്‍
പതിഞ്ഞ ഉഹുദും, അയ്‌നയ്നും
ഐറും , സുലൈയും, അഖീഖും, കടന്നു
തഴുകി വരും തെന്നലില്‍
ആ സ്വര്‍ഗ്ഗ പരിമളം
എനീക്കൊന്നു ആസ്വദിക്കണം
യാ ഇലാഹീ..കനിയേണമേ

Monday, January 7, 2013



ബോധ ഭിത്തിയില്‍
അടിച്ചു കയറ്റിയ
ആണികള്‍ക്ക്
അധര്‍മങ്ങളുടെ
ഉപ്പു കാറ്റില്‍
തുരുമ്പ് എടുക്കുന്നു
അവളുടെ നഗ്നതയാലെ ,

തെരുവുകളിലെ
കുറുക്കന്‍
കണ്ണുകളിലേക്ക്
നോട്ട മുനകള്‍
ആഴ്ന്നു ഇറങ്ങി
കാമം കൗശല
ബിരുദം നേടി
പുറത്ത് കടക്കുന്നു
അവളുടെ  നഗ്നതയിലൂടെ

നാലു ചുമരുകള്‍ക്കുള്ളിലെ
ഏകാന്തതയില്‍
ആസ്വാദനം തുളുമ്പിയതും
അവളുടെ നഗ്നതയാലെ

ഉഴുതു മറിക്കുന്ന
വിത്തുകാള
തെങ്ങിന്‍ ചുവട്ടിലെ
മാടിനെ ഭോഗിച്ചപ്പോഴും
അകത്ത് കണ്ണാടിയില്‍
തെളിഞ്ഞതും
അവളുടെ  നഗ്നത 

Sunday, January 6, 2013

പിറവി
................
സെപ്റ്റംബര്‍
മാസം
തികഞ്ഞ
മാസം .

നെല്ല് കുത്തി
കൊണ്ടിരിക്കെ
അമ്മ ഒരോട്ടമായിരുന്നു.
ഇരുട്ടറയിലെ
അരണ്ട വെളിച്ചം
അനിയന്‍റെ പിറവിക്ക്
സാക്ഷി...

ദൈവം വലിയവന്‍
ദൈവം കരുണവാന്‍
വചനം മുഴങ്ങി കേള്‍ക്കവെ
ഓടി കിതച്ചെത്തിയ
പേറ്റിച്ചിയുടെ അധരങ്ങളിലും
നന്ദി വാക്കുകള്‍ .

തേന്‍ നുണഞ്ഞ അനിയനും
മധുരം രുചിച്ച ഞാനും
മാംസം സേവിച്ച തൊടിയും
തികഞ്ഞ മാസം
സംത്രിപ്തിയുടെ മാസം
.......................................
ആധികള്‍ തികച്ച
മാസം
ഓഗസ്റ്റ് മാസം

ഓക്സിജന്‍ കുറ്റികള്‍
ഉണ്ണിയുടെ പിറവിക്ക്
സാക്ഷി

രക്തം നുകര്‍ന്ന കത്രികയും
ഉമിനീരു കുടിച്ച ഞാനും
അന്നം വിഴുങ്ങിയ
രക്ത ദായകരും

തികയാത്ത മാസം
അത്രിപ്തിയുടെ മാസം

Wednesday, January 2, 2013

പാട വരമ്പിലൂടെ
കഞ്ഞി കലവുമായി
അപ്പനെ തേടി പോകവെ
അപ്പനും , മൂരികളും ,
അവരുടെ
പതിനൊന്നു  കാലുകളും
മുപ്പത്തിമൂവായിരം വട്ടം
വ്രത്തം വരക്കുന്നത്
ഞാന്‍ കണ്ടിട്ടുണ്ടു...

തോട് വരമ്പിലെ
കൈതോല തണലിലിരുന്ന്
അപ്പന്‍ കടിച്ച് വെച്ച
കാന്താരി മുളകും,
ബാക്കി വെച്ച
കഞ്ഞിയും, പ്ലാവിലകൂട്ടി _
കുടിക്കവെ വെള്ളകൊക്കുകള്‍
അപ്പനു പിന്നാലെ നടക്കുന്നതും
ഞാന്‍ കണ്ടിട്ടുണ്ടു ....

ആ ഓര്‍മകള്‍
വീണ് ഉടഞൊരു മണ്‍ 
പാത്രത്തില്‍ ഞാനിന്നും സൂക്ഷിക്കുന്നു 


ഉറുമ്പുകളുടെ
ഘോഷയാത്രയിലേക്കെന്ന പോലെ
മനസ്സ് ചത്ത ഒരു ശവവുമായി
ഓടുന്ന എന്‍റെ വാഹനം

ചിന്നി ചിതറിയ
ശരീരങ്ങളില്‍ മനസ്സുകള്‍ മുട്ടി
ചിന്തകളിലേക്ക് ഓടവെ-

വെള്ള പുതച്ച പുടവകളില്‍
രക്തം വരച്ച  ആര്‍ട്ട് ഗാലറിക്കു
മുന്നില്‍ ഒച്ചായി മാറിയപ്പോള്‍
ചിതറിയ മോഹങ്ങള്‍ ,
സ്വപ്‌നങ്ങള്‍ ,
മുറിഞ്ഞ വാക്കുകള്‍ ,
ബാക്കി വെച്ചത്,
പറഞ്ഞു തീരാത്തത്.

ഒന്ന് വേഗം പോടാ
ഇതിലെന്തിരിക്കുന്നു
എന്‍റെ വിമാനം മിസ്സാകും
എന്ന വാക്ക് കേട്ടപ്പോഴാണ്
ഞാനൊരു  ശവം ചുമന്നോടുന്ന
ഉറുമ്പാണന്ന കാര്യം മനസ്സിലായത് ...







ഭ്രാന്ത് എവിടെയും
ക്രഡിറ്റ് കാര്‍ഡിന്‍റെ
ഭ്രാന്ത്

വര്‍ണ്ണ  ഭംഗിയില്‍
മുങ്ങിയ  നഗരിയില്‍
വര്‍ണ്ണ പുഷ്പങ്ങളില്‍
തേന്‍ നുകരുന്നവര്‍
ചിലന്തി  വലകളില്‍
പിടയുന്നു

ആഭിജാതരാം സമൂഹം
ആത്മാവിനു
ചങ്ങലയിട്ട്
ഊഷരതയില്‍  വിലസുന്നു

അലിവിന്‍റെ അതിരുകളില്‍
മുള്ള് വേലികള്‍  കെട്ടി
പുതു വിത്തുകള്‍
തരളമാക്കി കീട നാശിനികള്‍
വിതറി

ആശകള്‍ ഭ്രമമായ്
മദിരാശി കളില്‍  നിര്‍ത്ത മാടി
മദ്യ പാനഗീതം ഒഴുകി വരും
തെന്നലില്‍  ക്രഡിറ്റ്  കാര്‍ഡുകള്‍
ഹാരമിട്ടു പറഞ്ഞു

ഭ്രാന്ത്‌ നമുക്ക് ഭ്രാന്ത്

ഭ്രാന്ത് നീരാടിയപ്പോള്‍
നീരാളി പിടിയിലമര്‍ന്നവര്‍
ഇട നാഴികളിലെ  വിളക്കുകള്‍
ഊതുന്നു .........................

ഉണരുക നാം
ഉണരുക
നവയുവങ്ങളെ
ഉണരുക
ആശകളെ ചങ്ങലയിട്ട്
ഉണരുക