Thursday, November 27, 2014

കണക്കറിയാത്ത
പൊട്ടി പെങ്ങൾ
ഉപ്പ മരിച്ച നാൽപതാമത്തെ ദിവസം
കണക്കിൽ ബിരുദം നേടിയത്
അളിയൻ കണക്ക് മാഷായത് കൊണ്ടാണ്

പറിച്ചെടുത്ത വേരുമായി
വളക്കൂറുള്ള മണ്ണ് തേടിയപ്പോൾ

പച്ചയായ മരങ്ങൾ
ചില്ലകളിൽ തൂങ്ങുന്ന മധുരങ്ങൾ
വർണ്ണാഭവമായ പൂമൊട്ടുകൾ
സൗധങ്ങളൊരുക്കിയ പക്ഷികൾ
വല നെയ്യുന്ന ചിലന്തികൾ
ചുറ്റി വരിഞ്ഞ ഇത്തിക്കണ്ണികൾ
തണലിൽ മയങ്ങുന്ന നിലയങ്ങൾ

ആരല്ലാമാണ്
ഈ  ചില്ലകളിൽ
തൂങ്ങിയാടിയത് ?

അന്നും ,ഇന്നും
ഈ വേര് മാത്രം
കയ്പ്പ് നുണഞ്ഞ്
മണ്ണിൽ പുതഞ്ഞങ്ങിനെ
മണ്ണിൽ പുതഞ്ഞങ്ങിനെ

 മണ്ണ് എന്നും മണ്ണ് തന്നെ
എത്ര അയ്‌രുകൾ വേർതിരിച്ചെടുത്താലും

Monday, November 24, 2014

പതിവില്ലാത്ത ഒരു ചടങ്ങ്
ഒരു ചാറ്റൽ മഴ ഇണങ്ങിയും പിണങ്ങിയും പിന്നെ
പിറ് പിറുത്തും മുറ്റത്ത്‌ കളിക്കുന്നുണ്ട്.
കാറ്റ് ജാലക വാതിൽ കൊട്ടി അടക്കാൻ ശ്രമിക്കുന്നു.
ഇടക്ക് മഴയുടെ ആരവം മുഴങ്ങി കേൾക്കാം...
പിന്നെ മഴ വിടവാങ്ങി
താമസിച്ചില്ല.സൂര്യ പ്രകാശം ആകാശ ച്ചുവരുകളിൽ മഞ്ഞളിച്ചു.
പടിഞ്ഞാർ പകലോന് ചിത ഒരുക്കി തുടങ്ങിയപ്പോൾ
പള്ളി മൊല്ല ക്ഷണിക്കാതെ കയറി വന്നു ഉമ്മറത്തെ കസേരയിൽ
അധികാരം പോലെ കയറിയിരുന്നു ആരെയും ശ്രദ്ധിക്കാതെ തല കുനിച്ചു കുറച്ചു നേരം മൗനം നടിച്ചു.
പിന്നെ നീട്ടി ഉച്ചത്തിൽ അൽ ഫാത്തിഹ
ഇത് കേട്ട് അയൽവാസി പെണ്ണുങ്ങൾ മാറും മുലയും തട്ടം കൊണ്ട് ചുറ്റി മറച്ചു മരണ വീട്ടിലേക്ക് വരുന്നത് പോലെ അടുക്കള വാതിലിലൂടെ അകത്തേക്ക് അരിച്ചു കടന്നു..
ഉച്ച ഭക്ഷണം കഴിച്ചതിന്റെ ശേഷിപ്പുകൾ തീൻ മേശയിൽ കിടന്നു കുനിയനരിക്കുന്നത് കണ്ട് ആമിത്ത ആരോടൊന്നില്ലാതെ ഒച്ച വെച്ചു.
ആമീൻ പറയാനായി കൂപ്പി പിടിച്ച കൈകളുമായി ഒരുത്തൻ പെടുന്നനെ അകത്തു കടന്നു എന്റെ ബാഗിനെ റാഞ്ചി കൊണ്ട് പോയി കാറിൽ കയറ്റി വെച്ചു

Sunday, November 9, 2014

എനിക്ക് ഒരുമ്മ വെക്കണം
ഈ ബന്ധങ്ങൾ എവിടെ ?
കടപ്പാടുകൾ എവിടെ ?
നിയമ വ്യവസ്ഥകൾ എവിടെ ?
മത ദർശനങ്ങളെവിടെ ?
തളപ്പറ്റ തെങ്ങ് കയറ്റക്കാരനെ
പോലെ നിലം പതിച്ചിരിക്കുന്നു.....
ഇനി ഉയരാനാവില്ല
പിന്നി ചിതറിയിരിക്കുന്നു ഒരിക്കലും കൂട്ടിച്ചേർക്കാനാവാത്ത വണ്ണം.
വേണ്ട ഒരിക്കലും വേണ്ട വേണ്ട
ഞാൻ ധ്രിഷ്ടനാവുന്നു
എനിക്ക് ഒരുമ്മ വെക്കണം
കാലമേ
ഇത് അധരവ്യായാമല്ല
എനിക്ക് ഒരു ഉമ്മ വെക്കണം.
കാപട്യം ജീവിതമായി
വാഴ്ത്തപ്പെടുന്ന വിരോധാഭാസരുടെ
കവിളിൽ ഒരു ഉമ്മ വെക്കണം
പരിഷ്കരണവും
പുതുമയും വാരി പുതച്ചു വരുന്ന കാലമേ
എനിക്ക് നിന്റെ അധരങ്ങളിൽ ഉമ്മ വെക്കണം
സാത്വികരില്ലാത്ത നാട്ടിൽ
കുമിഞ്ഞ് വന്ന ഭിഷഗ്വരന്മാരെ
പ്രോത്സാഹിപ്പിക്കുക
എനിക്ക് ഒരു ഉമ്മ വെക്കണം
വിശാലമായ മുറിയിൽ അനേകം കട്ടിലുകൾ തലങ്ങും,വിലങ്ങും കിടക്കുന്നു. ആരും ഒന്നും പറയുന്നില്ല.അവരവരുടെതായ വിചാരങ്ങളിലും മൊബൈൽ ഫോണിലും ശ്രദ്ധയൂന്നി കഴിയുന്നു. കനത്ത നിശബ്ദത.
നാട്ടിൽ നിന്നും വന്ന ആട്ടം എനിക്ക് വിട്ടിട്ടില്ല എന്തോ ഒരു വല്ലായ്മ....
വൃക്ഷണമുടച്ച കാളയുടെ നിർവികാരത റൂമിൽ ഒരു സൂചി പഴുത് തേടി അലയുന്നത് ഞാനറിയുന്നുണ്ട്.ഇതിനിടയിൽ എവിടെ നിന്നോ വഴി തെറ്റി വന്നൊരു വണ്ട് മൂളിപ്പറന്ന് റൂമിൽ റോന്ത് ചുറ്റുന്നത് കുറച്ചു നേരമായി ഞാൻ ശ്രദ്ധിക്കുന്നു.
ഇടക്ക് ഒന്ന് ഉയർന്നു പൊങ്ങി മച്ചിയിൽ തട്ടി നിലം പതിച്ചു.
വീണ്ടും ഒരു ശ്രമം അതേ പാതയിൽ തന്നെ ഇത്തവണ ഫാൻ ലീഫിൽ തട്ടി തെറിച്ചു വീണു. പിന്നെ ഒരു വാശിയോടെ പിടഞ്ഞു എണീറ്റ് വലതു ഭാഗത്തേക്ക് ഒരു കുതിപ്പ്. പക്ഷെ ചുമരിലടിച്ചു വീണ്ടും താഴേക്ക്
ചാടി പിണഞ്ഞു പിന്നെ ഇടതു ഭാഗത്തേക്ക് പറന്നു ജന വാതിൽ കമ്പിയിൽ തട്ടി വേദനയോടെ കൂപ്പി കുത്തി നിലം പതിച്ചു.
പ്രഹരമേറ്റ് മുറിഞ്ഞു പോയ പല്ലി വാൽ പോലെ തറയിൽ കിടന്നു കുറച്ചു നേരം പിടഞ്ഞു. പിന്നെ അനക്കമില്ലാതെ കുറച്ചു നേരം....
ച്ചത്തിട്ടില്ല ,ജീവനുണ്ട് നെഞ്ചിൻ കൂട് ഉയരുകയും താഴുകയും ചെയ്യുന്നുണ്ട്. ഇനിയൊരു രക്ഷയും ഇല്ലെന്ന് മനസ്സിലാക്കിയിട്ടെന്ന വണ്ണം മൂലയിൽ അലക്കാനിട്ട പുതപ്പിനുള്ളിലേക്ക് സുഖ നിദ്ര തേടി കയറി പോകുന്നതും ഞാൻ കണ്ടു.നിരാശജനകമായ ഒരു പകൽ, ഒരു രാത്രി

Wednesday, September 10, 2014

പോരാത്തോൻ
തേങ്ങയുടെ ചകിരി നാരും,വിറക് ചാരവും ഉപയോഗിച്ച് കൊണ്ടിരിക്കുമ്പോഴാണ് അയാൾ പ്രവാസം തുടങ്ങിയത്.
വാടക വീട്ടിൽ നിന്നും മാറി സ്വന്തമായി ഒരു കൂരയും വെച്ചു.
ഇന്ന് ലക്സ്‌ സോപ്പ് ലായനിയും,ഉരസ്കമ്പിയും ഉപയോഗിച്ചാണ് പാത്രം കഴുകി വരുന്നത്. എന്നിട്ടും അയൽകാരിയോട് അവൾ പറഞ്ഞത് എന്റെ പുരുഷൻ ഒന്നിനും പോരാത്തോനാ............
അടുക്കള ഇരുട്ടിൽ പതുങ്ങിയിരിക്കുന്നത് ആരാണെന്ന മകന്റെ ചോദ്യത്തിനും നിന്റെ അപ്പൻ ഒന്നിനും പോരാത്തോനാ എന്ന് തന്നെയാണ് അവൾ പറഞ്ഞതും..............
ലീവിനു ച്ചെന്നിട്ടും റേഷൻ കാർഡ് മറ്റാനാവാതെ തിരികെ അപ്പൻ
മടങ്ങിയ ദിവസം പഞ്ചായത്ത് മെമ്പറോടും പറഞ്ഞത്
ഇവിടെത്തെ ആൾ ഒന്നിനും പോരാത്തോനാ...............
അയലത്തെ ഫ്രീക്കൻ അനസ്സിന്റെ ബൈക്ക് ഓട്ടം
കണ്ടപ്പോൾ അനസ്സിനോട്‌ അവൾ പറഞ്ഞതും
ഇവിടെത്തെ ആൾ ഒന്നിനും പോരാത്തോനാ........
ഒട്ടും മോശമല്ലാത്തൊരു_
തൊടി ഞങ്ങൾക്കുണ്ട്
നല്ലയിനം,പുല്ലുകളും
അതിൽ കിളിർക്കാറുമുണ്ട്
ഒന്നിൽ കൂടുതൽ മാടുകളെ
വളർത്താനുള്ള സാഹചര്യവും
നിലവിലുണ്ട്.
ഒരേ ഒരു മാടിനെ ന്റുപ്പ_
വളർത്തുന്നുമുണ്ട്
ന്റുപ്പ_
അതിനെ കറന്നെടുക്കാറുമുണ്ട്
വീട്ടിൽ ഇടക്ക് മോരും,
വെണ്ണയും ഉണ്ടാവാറുമുണ്ട്
റസൽ മോൻ രാവിലെകളിലും
വൈകുന്നേരങ്ങളിലും
ഓരോ കപ്പു വീതം മോന്തി കുടിക്കാറുമുണ്ട്
കൂട്ടത്തിൽ_
മറ്റുള്ളവരും
മിച്ചം വരുന്നതും,അതിലപ്പുറവും
ന്റുപ്പ_
വിൽക്കാറുമുണ്ട്
ജൈവ വളമല്ലാതെ മറ്റൊന്നും
തൊടിയിൽ
ന്റുപ്പ_
ഉപയോഗിക്കാറില്ല
പക്ഷെ
ഇതൊന്നുമല്ല
ഇവിടെ വിഷയം
തണ്ടും ,തടിയുമുള്ള രണ്ടാണ്‍ മക്കൾ
ഗൾഫിൽ ജോലി ചെയ്യാനുണ്ടായിട്ടും
ന്റുപ്പ_
മാട് വളർത്തി നടക്കുന്നത്
പോരായ്മയാണത്രെ,അതൊരു കുറച്ചിലാണത്രെ
എനിക്ക് ഇത് വരെ തോണാത്ത പോരായ്മയും,കുറച്ചിലും
അവർക്ക് എവിടെ നിന്നാണ് കിട്ടിയത്?
ഒരു എത്തും,പിടിയും കിട്ടാത്ത_
പോരായ്മയും ,കുറച്ചിലും
വർത്തമാന കാലത്തിന്റെ രോഗമെല്ലാതെ_
മറ്റൊന്നും ആയിരിക്കില്ല
ആധുനികതയുടെ മഞ്ഞളിപ്പിൽ മനുഷ്യർ വശംവദരായിരിക്കുന്നു.
ആദ്യം സ്വയം വിലയിരുത്തുന്നതിലാണ് ഒരു മനുഷ്യന്റെ വിജയം
എല്ലാം നേടിയെന്ന് അഭിനയിക്കുമ്പോഴും
സമാധാനം നഷ്ട്ടപ്പെട്ടവരല്ലേ നമ്മൾ മിക്കവരും

Wednesday, August 27, 2014

സത്യമായിട്ടും
വയ്യാതായിരിക്കുന്നു
ആന്തരിക മനസ്സ് മനോരോഗത്തിന്
അടിമപ്പെട്ടിരിക്കുന്നു....
ഇനി 
ഹൃദടത്തിൽ ഒരു സ്ഫോടനം നടക്കണം,
വരിഞ്ഞു മുറുകിയ അദൃശ്യ കരങ്ങളൊക്കെയും പൊട്ടിപ്പൊളിയണം,ചിന്നി ചിതറണം,
സഹ്യതകെട്ട് പുറത്ത് ചാടുന്ന ആഗ്രഹങ്ങളെ
ചങ്ങലയിൽ കെട്ടിപ്പൂട്ടണം. കരിപിടിച്ച " എന്നെ" തേച്ചു മിനുക്കണം
ഞാൻ ഞാനായി മാറണം ..........
"കണ്ണൂർ"

മ, നു, ഷ്യ, ൻ

അക്ഷരങ്ങളെ 
നിരത്തി വെച്ചു. 

പാനൂരിലേ പാനിയിൽ 
നിന്നുമാണ് രക്തമൂറ്റിയത്... 
തലശ്ശേരിയിലെ മണ്ണ് കുഴച്ചാണ് 
ശിരസ്സ് പണിതത്..
കണ്ണൂരിലേ മണ്ണ് ഉരുട്ടിയാണ്
കണ്ണ് വെച്ചത്..
താഴെ,മേലെ ചൊവ്വകളിലെ
മണ്ണ് എടുത്താണ്
ചെവികൾ പിടിപ്പിച്ചത്..
ഡയമണ്ട് മുക്കിലേ മണ്ണ്
ചേർത്താണ് മൂക്ക് തുന്നിയത്..
കായലോട് മണ്ണിൽ നിന്നാണ്
കാലുകൾ നാട്ടിയത്..
ചെറുവാഞ്ചേരി മണ്ണ് എടുത്താണ്
നെഞ്ചിൻ കൂട് വാർത്തത്....

ജീവനും,ആത്മാവിന്നും
വേണ്ടിയുള്ള അലച്ചിലിന്നൊടുവിൽ
ഈ മനസ്സ് ഉടക്കി നിന്നിടത്ത്
ദൈവം ഇരിക്കുന്നത് കണ്ടു...

ആത്മാവ്‌ ഊതപ്പെട്ടപ്പോൾ
കാറ്റ് ഇല്ലാതാവുന്നു...
ജീവനെ ആവാഹിക്കുമ്പോൾ
അള്ളിപിടിക്കുന്നു..

ഇത് മനുഷ്യനെല്ലന്നും
വേട്ട മൃഗമാണെന്നും തിരിച്ചറിവ് പകർന്നു തന്നിട്ട്
ദൈവം മുകളിലേക്ക് കയറി പോകുന്നത് മാത്രം
മൊഞ്ചുള്ള പെണ്‍പിള്ളേരും
ചേലുള്ള ചെക്കന്മാരും കണ്ടില്ലത്രെ

Friday, July 4, 2014

അതി ശക്തമായി പനി പിടിച്ചു ഉറങ്ങി കിടക്കുമ്പോഴാണ് 
ഭൂമിയിൽ നിന്ന് കറുത്ത കുമിളകളും,വെളുത്ത കുമിളകളും

മാനത്ത് നിന്ന് താരകങ്ങളും,പുള്ളി ബലൂണ്കളും,പ്രകാശ യാത്ര നടത്തുന്ന കൊള്ളിമീനുകളും,പല വർണ്ണങ്ങളെയും ആവാഹിച്ചു കൊണ്ട് കണ്ണിമയിലേക്ക് അടർന്ന് വീഴുക! 

പിന്നെ ഒരു ലോകമാണ്.അനന്തമായ വർണ്ണങ്ങളുടെ ലോകം 
പുള്ളി താരകങ്ങളുടെ ലോകം, ആ ലോകങ്ങൾ പനിയുടെ നേരിപോടിനുചുറ്റും എന്റെ ഹ്രദയവും,മിഴികളും കാണെ ചുറ്റി കൊണ്ടേയിരിക്കും................
ഞാൻ ഞാനല്ലാതായി മാറുന്ന ഒരപൂർവ്വമായ നിമിഷം
ആ 
പകലവസാനിച്ചു
ഈ 
രാത്രി വന്നിരിക്കുന്നു 

ആരോ എന്നെ തലോടുന്നുണ്ട് 
ആ മൃദു സ്പർശം നെഞ്ചിലെ 
രോമങ്ങളിൽ തലോടി താഴോട്ട് ഇഴഞ്ഞു ഇഴഞ്ഞു നീങ്ങുന്നുണ്ട്. 
ചൂടുള്ള ഒരുമ്മ എന്റെ ചുണ്ടിൽ 
വിശ്രമിക്കുന്നുണ്ട്. 
ഊഷ്മളമായ ഒരു നിശ്വാസം
കവിളിൽ ഉരസുന്നുണ്ട്.

ഒരു പ്രതീക്ഷ എന്നിലേക്ക് ഇഴഞ്ഞുകയറി
അതൊരു നിമിഷ വിഭ്രമ മാകുമ്പോൾ
നനവാർന്ന കണ്ണുകളോടെ ഞാൻ
മുകളിലേക്ക് നോക്കി.

അവിടെ
വാക്കുകൾ കുമിഞ്ഞുകൂടുകയാണ്
മരുഭൂമിയിലെ ഇരുകാലികളിൽ നിന്നും ഉയർന്ന് പൊങ്ങുന്ന
നിസ്സഹായതയുടെ വാക്കുകൾ !
ഒരു നിരീക്ഷണം 

വ്യാഴായ്ച്ച വൈകുന്നേരങ്ങളിലാണ് ഇബ് ലീസും, സൈന്യങ്ങളും കൂട്ടം കൂട്ടമായി പ്രവാസികളുടെ റൂമുകളിലേക്ക് കടന്നു വരിക 

മദ്യപാനവും, വ്യഭിചാരവും മുഖേനെ പലരെയും പല ഫ്രീക്കൻമാരെയും നശിപ്പിക്കാനും , നല്ല ചിന്തകളെ പിഴുതിമാറ്റി തിന്മയുടെ വിത്തുകൾ പാകി കൊണ്ട് പൈശാചികതയുടെ വേരുകൾ ഹ്രദയങ്ങളിലേക്ക് അവർ നട്ട് പടർത്തുമ്പോൾ ദുർബോധങ്ങളുടെ മാസ്മരികതയിൽ ഈ ദുനിയാവും ആഖിറവും നഷട്ടപെടുത്തുന്ന നിർഭാഗ്യവന്മാരുടെ താവളമായി ഈ നാട് മാറി കൊണ്ടിരിക്കുന്നു............

വ്യാഴായ്ച്ചകളിലാണ് പലരും സ്വന്തം പട്ടണം വിട്ട് അടുത്ത പട്ടണത്തിലേക്ക് പോവുക ,വ്യാഴായ്ച്ചകളിലാണ് പലരും പല വിധ ഒളി സങ്കേതങ്ങളിലേക്കും യാത്ര പോകുന്നത്. വ്യാഴായ്ച്ച കളിലാണ് പല മാന്യന്മാരും അവരുടെ മാന്യത ഉറകളിലാക്കി തള്ളുന്നതും.മാത്രമല്ല നീ വരുമോയെന്ന് ചോദിക്കുന്നതും വ്യാഴായ്ച്ച കളിലാണ്...

നമുക്ക് പോകാമെന്ന് പറയുന്നതും വ്യാഴായ്ച്ച കളിലാണ്.
നമുക്ക്കാണാമെന്നു പറയുന്നതും വ്യാഴായ്ച്ച കളിലാണ്.
ഞാൻ' വന്നാലോയെന്ന് ചോദിക്കുന്നതും വ്യാഴായ്ച്ചകളിലാണ്.
നീ ഒറ്റക്കാണോ എന്ന് ചോദിക്കുന്നതും വ്യാഴായ്ച്ച കളിലാണ്.
റൂമിൽ തനിച്ചാകാൻ ആഗ്രഹിക്കുന്നതും വ്യാഴായ്ച്ചകളിലാണ്. എല്ലാ തെണ്ടിതരങ്ങൾക്കും വേണ്ടി
തിരഞ്ഞെടുക്കുന്നതും വ്യാഴായ്ച്ചകളിലാണ്

ഈ മണൽ കാടിന്റെ നിദാന്ത നിശബ്ദതയിൽ വ്യഴായ്ച്ചകളിലെ രാവുകൾ ഈ പേക്കൂത്തുകൾ കണ്ടു അലമുറയിട്ട് കരയുന്നത് ആരും കേൾക്കുന്നില്ല
ഭൂമിയും,ചന്ദ്രനും,താരകങ്ങളും മൂകമായി കണ്ണീർ വാർകുന്നതും ആരും കാണുന്നില്ല

ദൈവിക ചിന്തകളിലൂടെ കടന്നു പോകുന്ന മനസ്സുകൾക്കെ
ശാന്തിയും മനസമാധാനവും ലഭിക്കുകയുള്ളൂ
ഏകാഗ്ര മനസ്സോടെ ആത്മീയമായ ജീവിതം നയിക്കലാണ് ആധുനിക പ്രശ്നങ്ങൾക്കുള്ള ഏകപരിഹാരം
മനസ്സ് എകാഗ്രമാക്കി കടന്നു വരുന്ന ദുഷിച്ച ചിന്തകളെ തുരത്തി ഓടിക്കാൻ നമുക്ക് കഴിയട്ടെ ............

Sunday, June 22, 2014

ഭക്തി മൂലധനം ആക്കുമ്പോള്‍ 
...........................................
കൂടെ ഉമ്മയുമുണ്ട് 
ഹോട്ടലില്‍ നിന്ന് വല്ലതും 
കഴിക്കുന്നതിനോട് ഉമ്മാക്ക് 
അത്രയൊന്നും യോജിപ്പില്ല ...

എന്നിട്ടും 
മരവിപ്പിന്റെ 
ആകാശങ്ങളില്‍ ചുവന്നു തുടങ്ങിയ 
സമയത്ത് ഉമ്മാനെയും കൂട്ടി
ഹോട്ടലിലേക്ക് ..
മഗ്രിബിന്റെ ബാങ്കോലികള്‍
ആരോ സ്വിച്ച് ഇട്ടതു പോലെ
വിവിധ ഇടങ്ങളില്‍ നിന്ന് ഒരേ സമയം
കേള്‍ക്കുന്നുണ്ട്

തടിയും തലപ്പാവും ,
കയ്യിലൊരു ദികിര്‍ മാലയും
നീളന്‍ കുപ്പായവും ധരിച്ചയാള്‍
ക്യാഷ്‌ കൌണ്ടറില്‍ ..
ഭക്തിയുടെ പോസ്റ്റ്‌ ബോക്സ്
ആണല്ലോ ക്യാഷ്യാര്‍
എന്ന് ഉമ്മയോട് പറഞ്ഞു കൊണ്ടാണ്
തിന്നാനിരുന്നത് ..

അപ്പോള്‍ തന്നെ ഉമ്മ
ദേഷ്യപ്പെടുകയും ഈമാനുള്ള
മനുഷ്യന്മാരെ കളിയാക്കാന്‍ നിക്കണ്ട
എന്ന് താക്കീതും ചെയ്തു.
ബാങ്കും ഇഖാമത്തും
കൊടുത്തു കഴിഞ്ഞിട്ടും
മൂപര് നിസ്കരിക്കാന്‍
പോവുന്നത് കണ്ടില്ല .

ഞാനും ഉമ്മയും കൈകഴുകി
കാശ് കൊടുത്തു പുറത്തിറങ്ങുമ്പോഴാണ്
അവിടെയുള്ള ഏക
പരിചയക്കാരന്‍ മുഹമ്മദ്‌ കുട്ടിയെ
കണ്ടത് ..
സംസാരത്തിനിടയില്‍
ഹോട്ടലിലെ ക്യാഷ്യാരായി
ഇരിക്കുന്ന മുസ്ലിയാരെ
കുറിച്ച് ചോദിച്ചപ്പോള്‍
അവന്‍ ചിരിച്ചു ..പിന്നെ
അവന്‍ പൊട്ടി പൊട്ടി ചിരിച്ചു
കൊണ്ടിരിന്നു ...

എന്താണ് നീ ചിരിക്കുന്നത്
അവന്‍ പറഞ്ഞു ഉമ്മ കൂടെ
ഉള്ളപ്പോള്‍ പറയാനാവില്ല
പിന്നെ പറയാം ....
അപ്പോഴും അവന്റെ ചിരി
തുടരുന്നുണ്ടായിരുന്നു .repost
ഈ 
ബഡായിക്കാരന്റെ 
മരണത്തില്‍ പോലും 
വമ്പും വീമ്പും 
കുശുകുശുക്കുന്നുവല്ലോ

സംസ്കാര ചടങ്ങില്‍ 
പങ്കെടുത്ത ജനാവലിയുടെ 
വലുപ്പം പെരിപ്പിച്ചും
പൊങ്ങച്ചം പറയുന്നല്ലോ

റോഡില്‍ നിറഞ്ഞ
സന്ദര്‍ശകരുടെ
ആഡംബരക്കാറുകളുടെ
പൊലിമ കേട്ടും
മടുത്തു ...

കൊണ്ട് പോയി
മൂടിയത് മണ്ണിലാണ്
എന്ന വിചാരം പോലുമില്ലാത്ത
വക ..
കണ്ണ് മാറ്റി വെക്കുന്നു 
കിഡ്നി മാറ്റി വെക്കുന്നു 
ലിവർ പകുത്ത് നൽകുന്നു 
ഈ മനസ്സ് മാറ്റി വെക്കൽ ശസ്ത്രക്രിയ 
ഇങ്ങിനെയൊന്ന് നടക്കുമോ ?പിന്നെയെങ്ങിനെയാണ് അതല്ലങ്കിൽ ഏത് രീതിയിലാണ് ഞാൻ പറഞ്ഞതും എഴുതിയതുമാല്ലാത്ത എന്റെ മാനസിക സങ്കൽപ്പങ്ങളെ നിങ്ങളിലേക്ക് എത്തിക്കാനാവുക

Wednesday, June 4, 2014

ഇവിടെ 
അന്ധകാരം 
അന്ധകാര മയം 
നോക്കൂ 

ഭൂമിയെക്കാളും പതിമടങ്ങ് 
വലിപ്പമുള്ള നക്ഷത്ര ഗോളങ്ങൾ 
ആകാശത്തിലുണ്ട് 
ആശ്ചര്യമേയില്ല.! 

ഇവിടെ
അന്ധകാരം
അന്ധകാര മയം
നോക്കൂ

ആകാശത്തൊരു
കൊള്ളിമീൻ പ്രകാശയാത്ര നടത്തുന്നത്
കണ്ടിട്ടും ഒട്ടും ആശ്ചര്യമേയില്ല !

ഇവിടെ
അന്ധകാരം
അന്ധകാര മയം
നോക്കൂ

ദേശാടന പക്ഷികൾ
അതിരുകൾ താണ്ടി
കൊടിഞ്ഞി ഗ്രാമത്തിലെത്തി
തിരികെ മടങ്ങി പോകുമ്പോഴും
ആശ്ചര്യമേയില്ല !

ഇവിടെ
അന്ധകാരം
അന്ധകാര മയം
നോക്കൂ

പയർ വിത്ത് മുളക്കുകയും
പടർന്ന് പന്തലിക്കുകയും
ഇന്ന് ഉച്ചക്ക് വറവിട്ട്
ഉണ്ണുകയും ചെയ്തിട്ടും
ഹേ ആശ്ചര്യമേയില്ല !

ഇവിടെ
അന്ധകാരം
അന്ധകാര മയം
നോക്കൂ

എന്റെ ഗ്രാമത്തിലെ
ഇരട്ട കുഞ്ഞുങ്ങളെ പറ്റി
ലോക ചാനലുകളിൽ
ചർച്ചകൾ
ആശ്ചര്യമേയില്ല !

എന്നിട്ടുമെന്താണാവോ
എനിക്ക് മുകളിലൂടെ
കടന്ന് പോകുന്ന ഓരോ
വിമാനങ്ങൾ കാണുമ്പോഴും
ആശ്ചര്യവും,അത്ഭുതവും
വിങ്ങുന്നതും,തിങ്ങുന്നതും
വികസിക്കുന്നതും ?

Friday, May 30, 2014

ഞാനെല്ലാം പറഞ്ഞു കഴിഞ്ഞ സംത്രിപ്തിയിലാണ് 
ഇനി പറയാനുള്ളത് ഒന്നേ ഒന്ന് മാത്രം 

മനം പ്പൊട്ടികരയുന്ന മരുഭൂമിയിലേക്ക് 
പച്ച പുതപ്പ് മൂടിയ നാട്ടിൽ നിന്നും 
അമ്മമാരുടെ തേട്ടങ്ങൾ കടന്നു വരുന്നു 

ഒരു മുതലാളിയാവണമെന്ന മോഹം
അസ്തമയ സൂര്യനോട് അടുക്കുന്നു.
ആയുസ്സിന്റെ പാതിയും പ്രതീക്ഷകളുടെ നദീ തീരത്ത് 
ചൂണ്ടയെറിഞ്ഞു ഞാൻ കാത്തിരിക്കുന്നു.
ചിന്തകളുടെ ഉറവിടം പണയം വെച്ച് ചൂണ്ട വാങ്ങുമ്പോൾ
പെരുമയും, ദുരഭിമാനവും അകക്കഴങ്ങളിൽ ഇളകി മറിയുന്നു.
ആയുസ്സിന്റെ അവസാന താളിൽ പോരായ്മകളുടെ ശവം അഴുകി കരക്കണയുമ്പോൾ തുള വീണ മാറിടം കാട്ടി ഭൂമി കാത്തിരിക്കുന്നുണ്ടെവിടെയോ
മണൽ കാടുകൾക്ക് മുകളിൽ 
താങ്ങാനാവാത്ത കറു കറുത്ത 
പ്രശ്നങ്ങളെയും ചുമന്നൊരു 
കാർമേഘം ചുമ ചുമന്ന് നിലയുറപ്പിച്ചു. 
പ്രതീക്ഷകളിൽ അപ്രതീക്ഷിതമായി 
അടർന്ന് വീണവർ നാല് ദിക്കിലേക്കും 
തെറിച്ച് വീഴുമ്പോൾ_ 
അപ്പോഴാണ് സുരേഷിന് ജോലി നഷ്ട്ടപ്പെട്ടത് 
ആലിക്ക് പനി പിടിച്ചത് 
സോളമന്ന് വണ്ടി തട്ടിയത് 
അവളുടെ അമ്മ മരിച്ചത്
എന്റെ ബതാക്ക കളഞ്ഞു പോയത്
സഹ പ്രവർത്തകന്ന് മുകാലിഫ തടഞ്ഞത്
റൂമിൽ വെള്ളം കട്ട് ചെയ്തത്
കൊടുക്കാനുള്ള ക്യാഷിനവൻ അലറിയത്
അമ്മക്ക് ആരോപണം നേരിട്ടത്

ഓരോർത്തരിലേക്കും എത്ര
കൃത്യമായി ഓഹരി വെച്ചാണ് ഈ
പ്രശ്ന മേഘങ്ങൾ ദിനവും കടന്നു പോകുന്നത്

Thursday, May 29, 2014

സൂഫി 

ഇതാ ഇവിടെ 
അവസാനത്തെ പ്രതീക്ഷയും 
കൈവിട്ട് പോകുന്നു. 
ഏത് രാത്രിയിലും,ഏത് പകലിലും 
എന്തും സംഭവിക്കാം. 
ഓരോ രാത്രിയും ഇരുണ്ട് വെളുക്കുമ്പോഴും 
ആർക്കും ഒന്നും സംഭവിക്കില്ലെന്ന് 
ആർക്കാണ് ഉറപ്പ് നൽകാനാവുക ?

ഇപ്പോൾ ഒരു
നാൽക്കവലയിലാണ് ഞാനുള്ളത്
ഇനി പോകാനുള്ള വഴി
ആരാണൊന്നു കാണിച്ചു തരിക ?
ഇന്നലെ മാനം പറഞ്ഞ കഥ 
..............................................................
ഒരു വൈകുന്നേരം 
മരണം ആ ഗ്രാമത്തിലേക്ക് കടന്നു. 
എന്നിട്ടും ഞാൻ കണ്ടില്ല. ഭൂമി വാസികൾക്കും വിഷയമേ അല്ല. 
അന്ന് പറവകൾ ചേക്കയിലേക്ക് മടങ്ങാതിരിക്കില്ല. 
കുട്ടികൾ കളിയുടെ മാസ്മരികതയിൽ അലിയാതിരിക്കില്ല. 
കവലയിലെ മീൻ കച്ചവടക്കാരന് ഒരു കൂസലുമില്ല.
ഓട്ടോറിക്ഷക്കാരൻ ട്രിപ്പ് മുടക്കിയില്ല. 
നൊടിയിട നേരം കൊണ്ട് വാർത്ത‍ കടലുകൾ കടക്കാതിരിക്കില്ല.
ഞെട്ടലും,നടുക്കവും തീരെയില്ല.
ചുടു നിസ്വാങ്ങളും,നെടുവീർപ്പുകളും ഉതിർന്ന് വീഴില്ല.
എന്നിട്ടും എന്താണാവോ ആ അമ്മ മനസ്സ് മാത്രം വിങ്ങി പ്പൊട്ടിയതും.
തൊഴുത്തിലെ നാൽകാലി ചെവി കൂർപ്പിച്ചതും.
നിശ ഒരു നിമിഷം നിശ്ചലമായതും.
ചന്ദ്രകല മൂകതയിലാർന്നതും.
താരകങ്ങൾക്ക് മങ്ങലേറ്റതും.
വൻ മരങ്ങൾക്ക് വിഷാദം ത്രസിച്ചതും.
യാ അള്ളാ 
...........................................................
അവർ ഇരയെ പോലെ മുന്നിലൂടെ നടക്കും 
ഞാൻ അറിയാതെ മായാ വലയത്തിലേക്ക് 
കാല് തെറ്റി വീഴും. 

തെറ്റുകൾ ആൾ മറയില്ലാത്ത 
പൊട്ടക്കിണറുകളെ പോലെയാകവെ!
ചിന്തകളിൽ മറവികൾ കറുപ്പ് മൂടും 

ഞാൻ എന്റെ നാഥനോട് സംസാരിച്ചു
തൊണ്ട കീറുമാറുച്ചത്തിൽ.
ഭൂമിയെ ഫില്ലറുകൾ ഇല്ലാതെ വാർത്തിട്ടവൻ നീ
ആകാശത്തെ തൂണ് കളില്ലാതെ ഉയർത്തിയവനും നീ
നക്ഷത്രങ്ങളെ കയറുകളില്ലാതെ തൂക്കിയിട്ടവനും നീ
സകല അണ്ഡകടാഹാങ്ങളെയും നിയന്ത്രിക്കുന്നവനും നീ

എന്നിട്ടും
ഈ പാപിയെ
ഈ പ്രവാസിയെ
ഈ നഷ്ട്ടപ്പെട്ടവനെ
ഈ ഉരുകി തീരുന്നവനെ
ഈ സങ്കടപ്പെടുന്നവനെ
നിയന്ത്രണമില്ലാതെ,ലക്കും ലഗാനുമില്ലാതെ

നീ എന്നിലേക്ക് ഇറങ്ങി വരണം
നീ എന്റെ കണ്ണുകളാവണം
നീ എന്റെ കാലുകളാകണം
നീ എന്റെ മനസ്സിനെയും നിയന്ത്രിക്കണം
അൽഅയിൻ താഴ്വര 

ഹോ എന്തൊരു സുന്ദരമാണ് 
വൃക്ഷലതാദികളുടെ തണൽ മുറ്റിയ പട്ടണം 
നിവർത്തിയിട്ട പരവതാനികളുടെ നാട് 
അരുവികളും,ജലധാരകളും, മലകളും,കുന്നുകളും,പക്ഷികളും പൂവുകളും,ചെടികളും,മരങ്ങളും.
അൽഅയിൻ എന്ന അറബി പദത്തിനു അർത്ഥം കണ്ണ് എന്നാണ് 
യു.എ. ഇ. യിലെ കണ്ണായ സ്ഥലം ഇന്നും സന്ദർശിച്ചു മടങ്ങി. ഇടക്ക് ഇടക്ക് ഒന്ന് പോകും. ആ നാടിനോട് വല്ലാത്ത മുഹബ്ബത്ത് തെന്നെയുണ്ട്.പ്രവാസം തുടക്കം കുറിച്ചത് അവിടെ നിന്നാണല്ലോ. അത് കൊണ്ട് തന്നെയാവണം ഓരോ യാത്രയിലും വല്ലാത്തനുഭൂതിയും.

മരങ്ങൾ ഇല പൊഴിച്ച് നോമ്പ് പിടിക്കുന്ന കാലമാണ് ഇപ്പോൾ.
വേരുകൾ അന്ന പാനിയങ്ങൾ സ്വീകരിക്കുന്നത് തല്കാലം നിറുത്തി വെക്കുമ്പോൾ ചില്ലകളിലേക്കും,ഇലകളിലേക്കും,കായകളിലേക്കും പൂവുകളിലേക്കുമുള്ള പോഷക പ്രവാഹം നിലക്കും.ഇവകളുടെ നിർമാണത്തിനുള്ള ഊർജ്ജം സമ്പാദിച്ച് വെക്കുന്നു, പിന്നെ ഒരു ഇടവേളക്ക് ശേഷം വീണ്ടും പുതിയ ഉണർവോട് കൂടി തളിർക്കുന്നു
അപ്പന് നേരിയ പനി വന്നു. 
അതൊരു ത്രി സന്ധ്യാനേരത്തായിരുന്നു. 
ശരീരം ചുട്ട് പഴുക്കാൻ തുടങ്ങി. 
അതൊരു ത്രി സന്ധ്യാ നേരത്തായിരുന്നു. 
രോഗം മൂർച്ഛിച്ച് കിടപ്പിലായി. 
അതൊരു ത്രിസന്ധ്യാ നേരത്തായിരുന്നു. 
അപ്പന് കഞ്ഞി വേണമോ എന്ന് ചോദിച്ചു. 
വേണമെന്ന് മെല്ലെ തലയാട്ടി.
താങ്ങി ചുമലിൽ കിടത്തി കഞ്ഞി കൊടുത്തു. 
അന്നേരം അപ്പന്റെ ഇരു കണ്ണിൽ നിന്നും കണ്ണീർ തുള്ളികൾ കവിളിലൂടെ താഴേക്ക് ഒലിച്ചിറങ്ങി. 
അതൊരു ത്രിസന്ധ്യാ നേരത്തായിരുന്നു.
അപ്പൻ ശ്വാസം ആഞ്ഞ് ആഞ്ഞ് വലിക്കാൻ തുടങ്ങി.
അതൊരു ത്രിസന്ധ്യാ നേരത്തായിരുന്നു.
ബന്ധക്കാരിൽ ചിലർ ഉറക്കമിളയ്ക്കാൻ
തറവാട്ടിലേക്ക് വന്നു തുടങ്ങി.
അതൊരു ത്രിസന്ധ്യാ നേരത്തായിരുന്നു.
അപ്പൻ എല്ലാവരെയും ഒന്ന് തുറിച്ചു നോക്കി.
അപ്പന്റെ ശ്വാസോഛാസ്വം നിലച്ചു.
അതും ഒരു ത്രിസന്ധ്യാ നേരത്തായിരുന്നു .
ഓരോർത്തരും സ്വന്തം വിചാരങ്ങളുമായി ഉമ്മറത്ത്‌ നിശബ്ദമായിരുന്നു.
സ്വപ്നങ്ങളല്ലാം തകർന്നു ജീവിക്കുന്ന ഒരു ശവം പോലെ
അപ്പന്റെ മൃതശരീരത്തിനടുത്തേക്ക്‌ വേച്ചു വേച്ചു അവൻ നടന്നു.
മനസ്സ് കൊണ്ട് അന്ത്യാപചാരങ്ങളർപ്പിച്ച്‌ വീട്ടിൽ നിന്നും ഇറങ്ങി നടന്നു.
ലക്ഷ്യം കാണാത്ത ഒരു യാത്രയിലേക്ക്
ഗ്ലോബൽ വില്ലേജ് 
വികസിക്കുന്നു. 
ഓട്ടോ ഫോക്കസ് 
വഴിമാറുന്നു. 
മനുഷ്യബന്ധങ്ങൾ 
തകർന്നു വീഴുന്നു. 
അമ്മ വിളി വെറും 
അധരവ്യായാമം.
മുഖപുസ്തകത്തിൽ 
ഒരു മുഖം മിനുക്കൽ. 
കീ ബോർഡിൽ 
വിരൽ വ്യായാമം

Saturday, May 10, 2014

ഞാൻ കിനാവ്‌ കാണുകയാണ്. 
മാനം ക്ലാവ് പിടിച്ച് തവിട്ട് നിറം ഏറ്റ് വാങ്ങാൻ തുടങ്ങി. 
ചെറിയൊരു ഇടി മുഴങ്ങി. 
മിന്നൽപ്പിണരുകൾ ആകാശച്ചെരുവുകളിലെമ്പാടും പുളഞ്ഞു പാഞ്ഞു. 
മരങ്ങളും,തെങ്ങിൻ തലപ്പുകളും ഇപ്പോൾ ഒടിഞ്ഞു വീഴുമെന്ന മട്ടിൽ 
ആടിയുലഞ്ഞു.ഖിയാമത്ത് നാള് വരുന്നത് പോലെ എനിക്ക് തോന്നി 
ഞാൻ തസ്ബീഹ് ചൊല്ലി കൊണ്ടിരുന്നു.

ഉമ്മ ഓടി അലക്കിയിട്ടത് വാരി കൂട്ടുന്നു. 
ആടുകൾ കുറ്റിയിൽ കറങ്ങി നില വിളിക്കുന്നു. 
പെങ്ങൾ വിളക്കിൽ മണ്ണെണ്ണ ഒഴിക്കുന്നു.
വല്ല്യമ്മ മട്ടലും,കൊതുമ്പും വിറക് പുരയിലേക്ക്‌ തള്ളുന്നു.
അങ്ങാടിയിൽ പോയ റഷീദിനെയും,ശിഹാബിനെയും തിരഞ്ഞ്
ആമിത്ത വേവലാതിയോടെ ഓടുന്നു.
കൊപ്ര കളത്തിലെ തേങ്ങ മൂടിക്കളയാൻ ബാപ്പു ഓടുന്നു.
പന്താര സമദ് ഓട്ടം മതിയാക്കി ഓരം കെട്ടുന്നു

പകൽ രാത്രിയെ പോലെ ഇരുണ്ട്മൂടി ച്ചുരുണ്ട് കിടക്കുന്നു.
അതെ ഇന്നൊരു മഴ ദിവസം തന്നെ.
ജോലിക്ക് പോകുന്നില്ലാന്ന് ഞാനും തീരുമാനിച്ചു.
ഒരു കട്ടൻ ചായയും കുറച്ചു അവിലും തേങ്ങയും ,അല്ലങ്കിൽ അരി വറുത്തതായാലും മതി.

ഞാൻ ഞെട്ടി ഉണർന്നു.മഴയുമില്ല,കോളുമില്ല
ഒരു മണ്ണാൻ കട്ടയുമില്ല. എന്നാലും ഈ മനസ്സിൽ
മഴ അനുസ്യൂതം തുടർന്ന് കൊണ്ടിരുന്നു...

Thursday, April 17, 2014

ഖുർആനിൽ നിന്നും ഒരൽപം 
അവസാന നാൾ 

ഭൂമി കിടു കിടാ വിറപ്പിക്കപ്പെടുന്നു. 
ഭയങ്കരമായ വിറപ്പിക്കൽ. 
ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്നു. 
അടിമേൽ മറിച്ചിടുന്ന വിധത്തിലായിരിക്കും 
ആ പ്രകമ്പനം. 
ഭൂമിയും പർവ്വതങ്ങളും അടിയോടെ 
പിഴുതെടുത്ത്‌ ഒരറ്റ കൂട്ടിയടിക്കൽ 
അങ്ങനെ കൂട്ടി അടിക്കുമ്പോൾ ഭൂമി ഉള്ളിലുള്ളതല്ലാം
പുറം തള്ളും.
ഭൂമിക്കു എന്ത് പറ്റി എന്ന് മനുഷ്യർ അന്ധാളിച്ചു പോകുന്നു.
സമുദ്ര മധ്യത്തിൽ കൊടുങ്കാറ്റിലകപ്പെട്ട കപ്പൽ തിരമാലകളുടെ അടിയേറ്റ് അങ്ങും മിങ്ങും ആടി കളിക്കുന്നത് പോലെ അടുകയായിരിക്കും അന്ന് ഭൂമി..
ഭയാനകമായ പ്രകമ്പനങ്ങളെ തുടർന്ന് ഭൂമിയുടെ എല്ലാ ഘടനയും താറുമാറാവുകയും,ആകർഷണ ശക്തി ക്ഷയിക്കുകയും ചെയ്യും. അപ്പോൾ പർവ്വതങ്ങൾക്ക് അവയുടെ ഭാരം നഷ്ട്ടപ്പെടും.

പിന്നെ അവ എവിടെയും തങ്ങി നിൽക്കുകയില്ല.
പലതുമായും കൂട്ടിയിടിച്ചു പൊടിക്കപ്പെടുന്നു.
പൊളിഞ്ഞു തരിപ്പണമാകുന്നു.
നിലം വിട്ട് മേഘത്തെ പോലെ പറക്കാൻ തുടങ്ങുന്നു
കടഞ്ഞെടുത്ത നേർത്ത പഞ്ഞി രോമം പോലെ
കാറ്റിൽ പറത്തപ്പെട്ട വെറും ധൂളികളായി
ഭൂമി മാറും
ഇന്നലെ പ്രവാസി 
ഉറക്കത്തിലേക്ക് ലയിച്ചു. 
ആ അർദധബോധാവസ്ഥയിൽ ഞാനറിഞ്ഞു. 
ഉന്മാദ മുഹൂർത്തങ്ങളിലേക്ക് കെട്ടി പിണഞ്ഞ് കൂപ്പുകുത്തി. 
ഒരുമ്മ ഇഴഞ്ഞ് ഇഴഞ്ഞ് താഴേക്ക്.പിന്നെയും പിന്നെയും താഴേക്ക്. 
പിന്നെ അവിടെ നിശ്ചലം. പൂവിതളിലെ ഇളം ചൂട് ഞാനറിഞ്ഞു. 
അനുഭൂതിയിൽ അനവദ്യമായ ആ നിമിഷം കൊടിമുടിയിൽ നിന്നും_ 
ലാവ പൊട്ടി തെറിച്ചപ്പോൾ ഉടു വസ്ത്രം ഈറനണിഞ്ഞു 
കുതിർന്നു
അന്നേരം 
നിയന്ത്രണം ഊർന്ന് ഇറങ്ങിയോടും. 
തെല്ലും ഭാവ പ്പകർച്ചയില്ല 
ഞാൻ അടിമപ്പെട്ട് പോകുന്നു. 
പിന്നെ കുറ്റബോധം വലിഞ്ഞു കയറും. 
ഇനി ആവർത്തിക്കില്ലെന്നുള്ള മന്ത്രണം 
ഹൃദയത്തിൽ തുടി കൊട്ടും 
നാഥാ സ്വയം നിയന്ത്രിക്കാനുള്ള 
കഴിവ് എനിക്കൊന്ന് താ 
ഈ പാവം നരകത്തിലേക്ക് വീഴുന്നത് 
നീ സഹിക്കുമോ ?
എന്റെ ഓർമകളിൽ നിന്നും 
..................................
വേണ്ട സമയങ്ങളിൽ വേണ്ടപോലെ ശ്രദ്ധിക്കാതെ പോയ ഘട്ടങ്ങളെ കുറിച്ച് പിന്നീട് പലപ്പോഴും വേദനിപ്പിക്കാറുണ്ട് പലരെയും. 
എന്റെ വല്ല്യമ്മ ഒരു ഓപ്പറേഷൻ കഴിഞ്ഞതിന് ശേഷമാണ് അവരുടെ സാധാരണ ജീവിത രീതി മാറി തുടങ്ങിയത്. നാളുകൾ പോകും തോറും നില കൂടുതൽ കൂടുതൽ വഷളമായി കൊണ്ടിരുന്നു. പിന്നെ പിന്നെ മുഴു ഭ്രാന്തിലേക്ക് അത് മാറി.ഉറുമ്പുകളെ തിരഞ്ഞു പിടിച്ചു കൊല്ലുക, ബീഡി കുറ്റികൾ പെറുക്കി വലിക്കുക, അടുപ്പിൽ നിന്നും തീ കൊള്ളികൾ വലിച്ചൂരുക. നടന്നു മലമൂത്ര വിസർജനം നടത്തുക, മലം കയ്യിലെടുത്ത് ചുമരിൽ തേക്കുക,
രാത്രിയുടെ യാമങ്ങളിൽ ഇറങ്ങി നടക്കുക.കാണുന്നവരെ ഉപദ്രവിക്കുന്ന ഘട്ടത്തിലേക്ക് രോഗം മൂർഛചിച്ചപ്പോൾ തറവാട്ടിലെ നിലവറയിൽ തടവിലിടേണ്ട ഒരവസ്ഥ വന്നു.കൈകൾ ഒരു മുണ്ട് കൊണ്ട് ബന്ധിക്കുകയും ചെയ്തു. അവരെ വേണ്ടപോലെ മക്കൾ ശ്രദ്ധിക്കാതിരുന്നത് ആ കുട്ടിക്കാലങ്ങളിൽ എനിക്ക് തോന്നിയിട്ടുണ്ട്. ഇന്ന് പലപ്പോഴും ഞാനിത് പറയുമ്പോൾ അന്നത്തെ കാലത്തെയാണ് മക്കൾ പഴി പിഴക്കാറ്
കാലമേ 
എന്നെ നീ അന്ധനാക്കുക ! 
ഭൂമിയിലെ അജ്ഞാത ശക്തികൾ 
ദുഷ് പ്രേരണകളെ തെരുവുകളിൽ 
വിതരണം ചെയ്യുന്നത് സന്ധ്യാനേരത്താണ്. 
ആവശ്യമായതും അനാവശ്യമായതുമായ 
നിർദ്ദേശങ്ങൾ നൽകുന്നത് ഈ മനസ്സ് തന്നെയാണ്. 
മനസ്സ് പാറി പറക്കുകയാണ് 
ഒരു കടിഞ്ഞാൻ കിട്ടുമോ ?

Sunday, March 23, 2014

കാഴ്ച്ച 
....................
ഉപ്പയുടെ ഉത്തരവാദിത്വമില്ലാത്ത പോക്ക് കണ്ട് 
ഉമ്മയുടെ മനസ്സ് പിടഞ്ഞു കണ്ണീരിൽ കുതിർന്ന ആ കാലം 
ഞങ്ങളെപ്പോഴും തറവാട്ടിൽ ഒറ്റപ്പെടാറാണ് പതിവ് 

അലക്കലും,അടിക്കലും,തുടക്കലും,
കറ്റകെട്ടുകാർക്കു ഭഷണം ഒരുക്കലും
നെല്ല് പിഴുങ്ങലും,അത് ചിക്കലും
ശേഷം ഉണങ്ങി അറയിൽ നിറച്ച് കയ്യുമ്പോഴേക്കും
നേരം ഇരുട്ടി തുടങ്ങും

പിന്നെ കുളിക്കാനായി തറവാട്ട് വക കുളത്തിലെത്തും
പലരും കുളിച്ചു കലക്കി കളഞ്ഞ കുളത്തിലെ
വെള്ളത്തിനപ്പോൾ ഒരു പച്ച മണമായിരിക്കും

കയ്യിൽ കരുതിയ കുപ്പിയിലേക്ക് കുളപ്പടവുകളിൽ നീന്തി തുടിക്കുന്ന തവളപൂട്ടകളെ നിറക്കുമ്പോൾ
ഉമ്മയുടെ മേനിയിൽ നിന്നും അടുക്കളയിലെ അട്ടകരികൾ കുളത്തിൽ കലരുന്നത് ഞാൻ നോക്കി നിൽക്കും

തിരികെ ഈറനണിഞ്ഞ തുണികളോടെ ഉമ്മ പടിപ്പുര കടക്കുമ്പോൾ ഒരു കട്ടൻ ചായ നീട്ടി ചോദിച്ചു കൊണ്ട്
ഉമ്മറ പടിയിൽ മൂപ്പരുണ്ടാകും ബീഡി പുകച്ച്
ഒരു കൂസലുമില്ലതെ