Saturday, May 10, 2014

ഞാൻ കിനാവ്‌ കാണുകയാണ്. 
മാനം ക്ലാവ് പിടിച്ച് തവിട്ട് നിറം ഏറ്റ് വാങ്ങാൻ തുടങ്ങി. 
ചെറിയൊരു ഇടി മുഴങ്ങി. 
മിന്നൽപ്പിണരുകൾ ആകാശച്ചെരുവുകളിലെമ്പാടും പുളഞ്ഞു പാഞ്ഞു. 
മരങ്ങളും,തെങ്ങിൻ തലപ്പുകളും ഇപ്പോൾ ഒടിഞ്ഞു വീഴുമെന്ന മട്ടിൽ 
ആടിയുലഞ്ഞു.ഖിയാമത്ത് നാള് വരുന്നത് പോലെ എനിക്ക് തോന്നി 
ഞാൻ തസ്ബീഹ് ചൊല്ലി കൊണ്ടിരുന്നു.

ഉമ്മ ഓടി അലക്കിയിട്ടത് വാരി കൂട്ടുന്നു. 
ആടുകൾ കുറ്റിയിൽ കറങ്ങി നില വിളിക്കുന്നു. 
പെങ്ങൾ വിളക്കിൽ മണ്ണെണ്ണ ഒഴിക്കുന്നു.
വല്ല്യമ്മ മട്ടലും,കൊതുമ്പും വിറക് പുരയിലേക്ക്‌ തള്ളുന്നു.
അങ്ങാടിയിൽ പോയ റഷീദിനെയും,ശിഹാബിനെയും തിരഞ്ഞ്
ആമിത്ത വേവലാതിയോടെ ഓടുന്നു.
കൊപ്ര കളത്തിലെ തേങ്ങ മൂടിക്കളയാൻ ബാപ്പു ഓടുന്നു.
പന്താര സമദ് ഓട്ടം മതിയാക്കി ഓരം കെട്ടുന്നു

പകൽ രാത്രിയെ പോലെ ഇരുണ്ട്മൂടി ച്ചുരുണ്ട് കിടക്കുന്നു.
അതെ ഇന്നൊരു മഴ ദിവസം തന്നെ.
ജോലിക്ക് പോകുന്നില്ലാന്ന് ഞാനും തീരുമാനിച്ചു.
ഒരു കട്ടൻ ചായയും കുറച്ചു അവിലും തേങ്ങയും ,അല്ലങ്കിൽ അരി വറുത്തതായാലും മതി.

ഞാൻ ഞെട്ടി ഉണർന്നു.മഴയുമില്ല,കോളുമില്ല
ഒരു മണ്ണാൻ കട്ടയുമില്ല. എന്നാലും ഈ മനസ്സിൽ
മഴ അനുസ്യൂതം തുടർന്ന് കൊണ്ടിരുന്നു...

No comments:

Post a Comment