Monday, October 7, 2013

ഒരാശയം മുളപൊട്ടിയാൽ മനസ്സ്‌ പെരുമ്പറകൊട്ടും വാക്കുകൾ തിങ്ങി - ഹൃദയം വിങ്ങും.
പിന്നെ തൂലികയിലൂടെ അക്ഷരങ്ങളൊഴുകും വെളുത്ത താളിലവ - അച്ചടക്കമില്ലാത്ത വാക്കുകളായ്‌ നിറയും.
ഗദ്യമോ, പദ്യമോ - യെന്നറിയാനാവാത്തവിധം വക്കുകൾ കലഹിച്ച്‌ , താളിന്റെ അവസാന വരിവരേ അണിനിരക്കും.
തുടർന്നാൺ യുദ്ധം തുടങ്ങുന്നത്‌...!! തൂലിക പടവാളായ്‌ തലങ്ങും വിലങ്ങും വെട്ടും. വരികൾക്കിടയിലൊളിച്ച വാക്കുകളെ തിരഞ്ഞ്‌ പിടിച്ച്‌ കുത്തും.
വെളുത്ത താൾ ചോര ചിതറി ചുവന്നൊരു പടർക്കളമാവും. മുറിവേറ്റ്‌ വീണ വാക്കുകളുടെ നിലവിളിയുയരും.
അവസാനം ചോര - പടർന്ന് കുതിർന്ന താൾ നടുകെ രണ്ടായി പിളരും. പിന്നെ നാലാവും, എട്ടാവും..... അതിൽ നിന്നും വെട്ടി വീഴ്ത്തിയ ആശയത്തിൻ കരളെടുത്ത്‌ ചവക്കും. ചുടുചോരയുടെ രുചിയറിയും.
അപ്പോഴും കൈവെള്ളയിലെ പിളർന്ന താളിന്റെ കഷ്ണങ്ങളിലൊന്നിൽ കവിതയുടെ ഹൃദയം കിടന്ന് തുള്ളുന്നുണ്ടാവും.
ശേഷം... ! ചവറുകൊട്ടയിലേക്ക്‌ നീട്ടി ഒരേറാൺ. കൂടെ കാർക്കിച്ചൊരു തുപ്പലും. അപ്പോഴാൺ മനസ്സ്‌ ഒന്ന് ശാന്തമാവുക.

No comments:

Post a Comment