Thursday, October 10, 2013




മടക്കം

...................

എന്റെ വരവ് 
അറിഞ്ഞ വസന്തം 
പൂക്കൾ തുന്നുകയാണ്

നാളെ 
സന്തോഷാധിഖ്യത്താൽ 
കണ്ണുകൾ നനഞ്ഞ് 
ഉമ്മയുടെയും ഉപ്പയുടെയും 
കരവലയത്തിലണയും ... 

അതുകണ്ട് 
മുറ്റമതിരിട്ട ചെടികളിലെ 
പൂക്കെളെല്ലാം ഞങ്ങളെ 
നോക്കി പുഞ്ചിരിക്കും. 

പക്ഷികളുടെ പാട്ട് 
കവർന്നൊരു കാറ്റ് 
സംഗീതം കൊണ്ട് 
ഞങ്ങളെ മൂടി പൊതിയും 

ഞാന്‍ നട്ടുനനച്ചു വളർത്തിയ 
പേരക്കാമരം എന്‍റെ വരവറിയും. 
ആരും കാണാതെ 
ഇലകള്‍കിടയിലെനിക്കായ് 
കരുതി വെച്ച ഒരു പേരക്കാപഴം 
ഇളം തെന്നല്‍ എനിക്ക് കാണിച്ചു തരും.

ഒരു ചെറുകോലെടുത്തു 
കൊളുത്തി വലിക്കവെ, 
ഉമ്മ പറയുന്നത് ഞാന്‍ കേള്‍ക്കും 
'ഇത്രയും കാലം ഞങ്ങളാരും അത് കണ്ടില്ലല്ലോ' ..

പിന്നെ കണ്ണുകൾ 
വേലിക്കപ്പുറം അയൽ വീട്ടിലേക്കോടും ! 
ചാട്ടുളി കണ്ണുകൾ 
എന്നെ തിരയുന്നത് കാണും.
വേലിപ്പടർപ്പിലെ 
കാട്ടു മുല്ലയോടു കിന്നരിച്ച് ഞാൻ...!

നാണത്തിൽ ചുവന്ന് തുടുത്ത
മുഖം മെല്ലെ ഉയർത്തും
ഉതിർന്നു വീഴാൻ വെമ്പുന്ന 
കണ്ണീർ മുത്തുകളെ 
ഒപ്പിയെടുക്കും.

ഒരു തോർത്തെടുത്ത് 
തലയിൽ വട്ട കെട്ട് കെട്ടും 
ഒരു മണ്‍വെട്ടിയെടുത്തു 
അലക്കു കല്ലിനു സമീപം 
കുതിർന്ന മണ്ണിൽ കൊത്തി-
മണ്ണിരയെ തേടും .
അപ്പോള്‍ ഉപ്പ പറയുന്നത് ഞാന്‍ കേള്‍ക്കും 
"ആ മണ്‍വെട്ടി കാലില്‍ തട്ടണ്ടാന്നു"...

വയൽ വരമ്പിലൂടെ നടന്ന്
മഴയുടെ ചെരിഞ്ഞാട്ടം കണ്ട്‌
മനം കുളിർത്ത്‌
പാതിനനഞ്ഞ്‌ വീടണയുമ്പോൾ 
പരിഭവത്തിൽ സ്നേഹം ചാലിച്ച്‌
ഉമ്മ ഇങ്ങനെ പറയുന്നത്‌ ഞാൻ കേൾക്കും.
"ഇങ്ങനെ മഴനനഞ്ഞു നടന്നാൽ പനിപിടിക്കില്ല്യ കുട്ട്യേ...."

പിന്നെ ഇല്ലിവേലി അതിരിട്ട 
ഇടവഴിയിലൂടെ പുഴയിലേക്ക് നടക്കും.
പക്ഷേ... 
പുഴ അവിടെയുണ്ടാവുമോ 
എന്നത് മാത്രമാണെന്റെ 
വേവലാതി. 

1 comment:

  1. അവിടെ ഉണ്ടാവാന്‍ സാദ്ധ്യതയില്ല

    ReplyDelete