Friday, August 23, 2013

Elavoor Sreekumar
''ഫേസ്‌ബുക്ക്‌ തേങ്ങാക്കുലയാണ്‌, എനിക്ക് ഇ-സാക്ഷരതയില്ല. നാറിയ ഇടപാടുകൾ മാത്രം നടക്കുന്ന സൈബർ ഇടങ്ങളെ ഞാൻ വെറുക്കുന്നു. എന്നാലും ഞാൻ എണ്ണിവാങ്ങുന്ന അത്ര ചെറുതല്ലാത്ത യാത്രപ്പടി, നിങ്ങൾക്ക്‌ മുതലാകണമെങ്കിൽ എന്‍റെ കവിതകള്‍ ഞാനിവിടെ ചൊല്ലണം. എന്റെ ഏതു കവിതയാണ് ഞാൻ ചൊല്ലേണ്ടത്, പറയൂ...." ഫേസ്ബുക്ക് കൂട്ടായ്മയായ ആല്‍ത്തറ ഗ്രൂപ്പിലെ 75 കവികളുടെ രചനകള്‍ സമാഹരിച്ച് പച്ചമലയാളം പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച E- ലകള്‍ പച്ച പൂക്കള്‍ മഞ്ഞ എന്ന പുസ്തകം കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയില്‍ ഓഗസ്റ്റ് 22 ന് പ്രകാശനം ചെയ്തുകൊണ്ട് കവി ശ്രീ മുരുകന്‍ കാട്ടാക്കട പറഞ്ഞ വാക്കുകളില്‍ ചിലതാണിത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ശ്രീ മുരുകന്‍ കാട്ടാക്കടയോട് ചില സംശയങ്ങള്‍ ഉന്നയിക്കട്ടെ. 
1. ഇ-സാക്ഷരതയില്ലെന്ന് സമ്മതിക്കുന്ന, ഫേസ്ബുക്ക് എന്തെന്ന് അറിയില്ലെ ന്ന് തുടക്കത്തില്‍തന്നെ പറഞ്ഞ താങ്കള്‍ അതിനെ വെറുക്കുന്നതിന്‍റെ യുക്തിയെന്താണ്? താങ്കള്‍ക്കറിവില്ലാത്ത കാര്യങ്ങളെല്ലാം വെറുക്കപ്പെടേണ്ടതാണെന്നാണോ?
2. ഫേസ്ബുക്കിനോടും അതിലെ കവിതകളോടും ഇത്രയും വെറുപ്പുള്ള താങ്കള്‍ എന്തിനാണ് അവരുടെ പുസ്തകം പ്രകാശനം ചെയ്യാന്‍ വന്നത്?
3. താങ്കള്‍ക്ക് പണം കിട്ടുമെന്നുള്ളതുകൊണ്ട് കവിത ചൊല്ലേണ്ടതുണ്ട് എന്ന് താങ്കള്‍ ചടങ്ങില്‍ ആവര്‍ത്തിക്കുന്നതു കേട്ടു. പണത്തിനോട് താങ്കള്‍ക്ക് ഇത്രയ്ക്ക് സ്നേഹമാണെങ്കില്‍ ഇതിനെക്കാളും എളുപ്പത്തില്‍ പണം സമ്പാദിക്കാവുന്ന വേറെ പണികളുണ്ടല്ലോ. അതല്ലേ നല്ലത്?
4. ഫേസ്ബുക്കിനെ അടച്ചാക്ഷേപിച്ചശേഷം താങ്കള്‍ ചൊല്ലിയ പലകവിതകളും താങ്കളുടെ നിലവാരത്തകര്‍ച്ചയെ വിളിച്ചുപറയുന്നതായിരുന്നുവെന്നത് ബോധ്യപ്പെട്ടിട്ടുണ്ടോ?
5. താങ്കള്‍ ചടങ്ങില്‍ ചൊല്ലിയ “നെല്ലിക്ക” എന്ന കവിത അല്പം വായാനാശീലമുള്ള മലയാളത്തിലെ എല്‍പി സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ എഴുതുന്ന കവിതകളെക്കാള്‍ എത്രയോ താണ നിലവാരമാണ് പുലര്‍ത്തിയത്?
6. ഇ-ഇടത്തെ പുച്ഛിച്ചുതള്ളുന്ന താങ്കളുടെ കവിതകള്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്നത് ഇ-ലോകത്താണെന്ന് അറിയാമോ? ഫോസ്ബുക്കിലും യുട്യൂബിലും മറ്റ് സൈബര്‍ മേഖലകളിലും നിന്ന് മാറ്റിയാല്‍ താങ്കളുടെ കവിതകളുടെ ഇടം എത്ര ചെറുതായിരിക്കും.
7. കുറെയൊക്കെ പാടാനുള്ള കഴിവുള്ളതുകൊണ്ടു മാത്രമാണ് താങ്കള്‍ക്ക് മലയാളത്തില്‍ ഇത്രയും ഇടം കിട്ടിയതെന്നും അതിനു കഴിവില്ലാത്തതുകൊണ്ടുമാത്രമാണ് താങ്കളെക്കാള്‍ മികച്ച കവിതയെഴുതുന്നവര്‍ പലരും അംഗീകരിക്കപ്പെതെ പോകുന്നതെന്നും താങ്കള്‍ തിരിച്ചറിയുന്നുണ്ടോ?
8. ഫേസ്ബുക്ക് ഗ്രൂപ്പ് സംഘടിപ്പിച്ച ഒരു ചടങ്ങില്‍ വന്നുനിന്നുകൊണ്ട് ഫേസ്ബുക്ക് രചനകളെ അധിക്ഷേപിച്ച് സംസാരിച്ച താങ്കള്‍ ഒരു കാര്യം മനസ്സിലാക്കുക. എഴുത്തച്ഛനും വള്ളത്തോളും ആശാനും വൈലോപ്പിള്ളിയും കുഞ്ഞിരാമന്‍നായരും ജീവിച്ചിരുന്ന മലയാളത്തില്‍ താങ്കള്‍ വളരെ ചെറിയ ഒരു കവി മാത്രമാണ്. പ്രപഞ്ചത്തിന്‍റെ അച്ചുതണ്ട് താനാണെന്ന് കരുതുന്ന നിമിഷത്തില്‍ ഒരു കലാകാരന്‍ മരിക്കും. ഈ ചടങ്ങില്‍ വച്ച് താങ്കള്‍ “എന്‍റെ കണ്ണട എന്ന കവിത കേട്ടിട്ടുള്ളവര്‍ കൈ പൊക്കുക” എന്നു പറഞ്ഞപ്പോള്‍ വെറും അഞ്ച്പേര്‍ മാത്രമാണ് കൈ പൊക്കിയത് എന്നത് താങ്കള്‍ നേരിട്ടുകണ്ടതാണല്ലോ.
9. താങ്കള്‍ തന്നെ താങ്കളെ മഹാനാക്കി മാറ്റിയാല്‍ പോര. ലോകം അതംഗീകരിക്കണം. അതിന് ആദ്യം സ്വന്തം ശക്തിയും ദൌര്‍ബല്യവും തിരിച്ചറിയണം.
10. താങ്കളെ ദൈവം (?) രക്ഷിക്കട്ടെ.

1 comment:

  1. മരത്തിന്റെ മോളില്‍ കയറി കൊഞ്ഞനം കുത്തുന്ന കുരങ്ങനെപ്പോലെ കാട്ടാക്കട

    ReplyDelete