Sunday, December 23, 2012

കോരനും,കാളിയും
......................
കാരണവറ് കോലായിലുണ്ട്
കുഷ്യനിട്ട രാജകീയ ഇരിപ്പിടത്തില്
കാലും നീട്ടി വെച്ച്.

കവലയിലാകുന്ന നേരമേ
കോഴി പോലും മുറ്റത്തേക്ക്
കടന്ന് വരാറുള്ളൂ.

കോഴിനെല്ല് ചിക്കും
കൌതുകത്തോടെ
കണ്ണുകള്‍ ഇടക്കിടക്ക് ഓടും
കൊളുത്ത് കരയുന്ന പടിപ്പുരയിലേക്ക്
കാതുകള്‍ സാകൂതം കൂറ്പ്പിക്കും
കടുപ്പമേറിയ മുരടനക്കത്തിലേക്ക്

കൊയ്ത്തും മെതിയും
കാക്കയെ പോലും കണി
കാണിക്കാതെ
ക്രോധം കാരണവരുടെ
കണ്ണുകളിലെപ്പോഴും പുകഞ്ഞിരുന്നു.
കുഷിനിയിലെ
കരിപിടിച്ച ഇരുട്ടില് പിടഞ്ഞ് തീരുന്ന
കിതപ്പുമായി കരയാതെ
കരഞ്ഞവരെയും കാലം
കണ്ടിരിക്കാം....

കോപം കോപ്പയിലാക്കി
കോരി കൊടുത്തപ്പോഴും നെഞ്ചില്
കനക്കുന്ന കനലുമായി
കാത്തിരുന്നതും, വാലാട്ടിയതും
ഒരു പിടി അന്നത്തിനായിരുന്നു.
കാലം കാരണവരുടെ മുന്നില്
കാറ്ക്കിച്ച് തുപ്പി.
കോന്തലയിലെ ചാവിയും,
കള്ളി പെട്ടിയും, നിലവറയും
ആധിമൂത്ത് പാഞ്ഞതിന്റെ ഭാരം
പേറിയപ്പോ സുഭിക്ഷതയെ
കാലം പടി കടത്തി

കാരണവരിന്നും കോലായിലുണ്ട്
കുത്തനരിച്ച് ദ്രവിച്ച കട്ടിലും,
കള നിറഞ്ഞ മുറ്റവും,
കോഴികളും.

ബിരിയാണിയും ബേക്കറിയും
കഴിച്ച് ഉച്ചമയക്കത്തിലേക്ക്
വീണ് പോയ
കോരനും, കാളിയും വരുന്നതും കാത്ത്

No comments:

Post a Comment