Sunday, June 30, 2013


തറവാട്  കൊത്തിവെച്ച
മീസാൻ  കല്ലുകൾ
..........................................

അന്ന്
അയാളും  മരിച്ചു
അവനും  മരിച്ചു

പ്രമുഖരും
പണ്ഡിതരും
നാട്ടുകാരും, പ്രാർത്ഥനകളും
അയാളുടെ  വീട്ടിലും                                                      
പരിസരങ്ങളിലും
നിറഞ്ഞു  തങ്ങിയപ്പോൾ 

മുക്രിയും, മൊല്ലയും
തൊഴിലാളികളും
അവന്‍റെ വീട്ടിൽ 
ചെന്ന്  തിരികെ  മടങ്ങി

അയാൾക്കുള്ള  പ്രാർത്ഥനയിൽ
ആയിരങ്ങൾ  നിറഞ്ഞു
കവിഞ്ഞപ്പോൾ
 അവനുള്ള  പ്രാർത്ഥനയിൽ ജനങ്ങൾ
രണ്ടു വരിയിലേക്ക്  ചുരുങ്ങി

പള്ളി മുറ്റത്തിനരികെ
അയാൾക്ക്  ആറടി  മണ്ണ്
ഒരുങ്ങിയപ്പോൾ
പള്ളി  പറമ്പിലെ ഒരു  കോണിൽ
അവനും  ആറടി  മണ്ണ്‍ഒരുങ്ങി

അയാൾ  സ്വർഗത്തിലാണെന്ന്
ആണയിട്ട് പറയുന്ന  അണികളോടു
അവന്‍റെ കാര്യം  തിരക്കിയപ്പോൾ 
ചില സൂക്തങ്ങൾ  ഉരുവിട്ടവർ
കണ്ണുകൾ മുകളിലേക്ക് ഉയർത്തി 

ഇമവെട്ടാതെ സൂക്തങ്ങൾ  ഉരുവിട്ട്
പകലിലും , നിലാവിലും
അണികൾ കബറിന് മുകളിൽ
അണി  നിരന്നാടിയപ്പോൾ

അവന്‍റെ  കബറിന്നുമുകളിൽ 
വീണ  കരിയിലകൾ
കാറ്റിൽ  തസ്ബീഹ്  ചൊല്ലി  കൊണ്ടിരുന്നു

1 comment:

  1. ആര്‍ എവിടെയെന്ന് ആര്‍ക്കറിയാം!!

    ReplyDelete